രചന : സുനു വിജയൻ ✍

സുഹൃത്തിനൊപ്പം പട്ടണത്തിലെ ക്ഷേത്രത്തിലേക്ക് നടക്കുകയായിരുന്നു ഞാൻ. കായൽക്കരയിൽ നിന്നും ഒഴുകി വരുന്ന തണുത്ത കാറ്റ് മനസിനെ ആർദ്രമാക്കുന്നതായി എനിക്കനുഭവപ്പെട്ടു.

ക്ഷേത്രത്തിനു മുന്നിലെ വലിയ ആൽമാവ് ഞാൻ അത്ഭുതത്തോടെ നോക്കി. സംശയിക്കേണ്ട ആൽമാവ് തന്നെ. വലിയ മാവിനെ പൊതിഞ്ഞു വളർന്നു നിൽക്കുന്ന പേരാൽ. തമ്മിൽ പുണർന്നു നിൽക്കുന്ന രണ്ടു കൂറ്റൻ വൃക്ഷങ്ങൾ. അത് ആ ക്ഷേത്രത്തിന്റെ പ്രത്യേകതയായി സുഹൃത്ത് എന്നോടു വാചാലനായി വിവരിച്ചു.
ആൽമാവ് നിൽക്കുന്ന വലിയ കരിങ്കൽ തറ കടന്ന് ഞങ്ങൾ ക്ഷേത്ര ഗോപുരത്തിനു മുന്നിലെ വലിയ വാതിൽ കടക്കാൻ തുടങ്ങവേ പെട്ടെന്ന് പിന്നിൽ നിന്നും ഒരാജ്ഞ.
“നിൽക്കവിടെ “
ഞാനും, സ്നേഹിതനും ഒരുമിച്ച് തിരിഞ്ഞു നോക്കി.

ആൽമാവിന് മുന്നിൽ താടിയും മുടിയും നീട്ടി വളർത്തിയ, കറുത്ത മുണ്ടുടുത്ത, ഷർട്ട്‌ ധരിക്കാത്ത, ഒരു മധ്യവയസ്ക്കൻ ഞങ്ങളെ നോക്കി നിൽക്കുന്നു.
തലമുടി തോളൊപ്പം ഉണ്ട്. അത് അങ്ങിങ് നരച്ചിട്ടുണ്ട്. നീണ്ട താടിയിൽ ജഡ കെട്ടിയിരിക്കുന്നു. കറുത്ത മുണ്ടിൽ ചെളി പുരണ്ടിട്ടുണ്ട്. കണ്ണുകളിൽ തീക്ഷണവും, എന്നാൽ ഒപ്പം വേദനയും നിറഞ്ഞ ഒരു ഭാവം. ഞാൻ ഒരു നിമിഷം കൊണ്ട് അയാളെ ആകെ ഒന്നു വിലയിരുത്തി.
“നിങ്ങൾ അതിനകത്തേക്ക് പോകരുത്.”
“അവിടേക്ക് പോയാൽ നിങ്ങൾ ദുഖിക്കേണ്ടി വരും, പിന്നെ നിങ്ങൾ എന്തിനു അതിനുള്ളിലേക്ക് പോകണം? നിങ്ങൾ തിരിച്ചു പോകൂ “

“വത്സലാ ഞങ്ങൾക്ക് അകത്തുപോയി ഈശ്വരനെ കാണണ്ടേ?, പ്രാർത്ഥിക്കേണ്ടേ?” സ്നേഹിതൻ അയാളെ നോക്കി ചോദിച്ചു.
ഓ അപ്പോൾ സ്നേഹിതന് പരിചയമുള്ള ആളാണ്. ഞാൻ തിരിച്ചറിഞ്ഞു.
“ഈശ്വരനോ!! നിങ്ങൾ വിഡ്ഢികൾ!!
പ്രാർത്ഥന അത് നിങ്ങൾ ചെയ്യരുത്. “
അയാൾ കർശനമായി അഞ്ജാപിക്കുന്നു. അതിൽ ഒരു ദാർശികന്റെ ഉപദേശം ഒളിഞ്ഞിരുന്നു
“ആ മതിൽക്കെട്ടിൽ കയറിയാൽ നിങ്ങൾ തോറ്റു പോകും. അവിടെ ആ ദീപങ്ങൾക്കും, പൂവുകൾക്കും, സുഗന്ധ ധൂപങ്ങൾക്കും, ഇടയിൽ ഇരിക്കുന്ന ആൾ നിങ്ങളെ നോവിക്കും.”

അയാൾ തുടർന്നു
“അവിടെ ചെന്നാൽ ആ മണിനാദങ്ങൾക്കൊപ്പം നിങ്ങൾ സ്വയം എല്ലാം മറന്നു പോകും. പിന്നെ, പിന്നെ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ വാതിൽ പതുക്കെ തുറക്കും. നിങ്ങളുടെ ആഗ്രഹങ്ങളുടെ, സ്വപ്നങ്ങളുടെ, ആവലാതികളുടെ ഭാണ്ടങ്ങളിൽ നിന്നും നിങ്ങൾ ഓരോന്നായി പുറത്തെടുക്കും. അത്‌ നിങ്ങൾ പ്രാർത്ഥനയായി ആ നടക്കു മുൻപിൽ സമർപ്പിക്കും “

“ഇപ്പോഴല്ലങ്കിലും പിന്നെ എപ്പോഴെങ്കിലും നിങ്ങളുടെ ആഗ്രഹങ്ങൾ ഓരോന്നായി ചിലപ്പോൾ പൂവണിയും നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടുമ്പോൾ നിങ്ങൾ ആഹ്ലാദിക്കും, ആനന്ദ നൃത്തം ചെയ്യും. അപ്പോൾ,അപ്പോൾ അയാൾ അതുകണ്ട് ഊറിച്ചിരിക്കും, പിന്നെ അതൊക്കെ നിങ്ങളിൽ നിന്നും തട്ടിപ്പറിക്കും, നിങ്ങളെ നരകത്തീയിൽ തള്ളിയിട്ട് ആർത്തു ചിരിക്കും. ഞാൻ പറയുന്നത് കേൾക്കൂ. അരുതേ അങ്ങോട്ട് നിങ്ങൾ പോകരുതേ “

“എന്നെ കേൾക്കാതെ നിങ്ങൾ പോയാലും അവിടെ നിങ്ങൾ പ്രാർത്ഥിക്കരുതേ… നിങ്ങളുടെ ആശകളുടെ, അഭിലാഷങ്ങളുടെ കെട്ടഴിക്കരുതേ, ദയവായിഞാൻ പറയുന്നത് കേൾക്കൂ അത് വിശ്വസിക്കൂ ..”
പിന്നിൽ അയാൾ പറഞ്ഞു കൊണ്ട് ചിരിക്കുകയും, വിതുമ്പുകയും ചെയ്യുന്നുണ്ടായിരുന്നു. അതൊരു ഏങ്ങലടിയായി നേർത്തു വന്നു.
ഗോപുര നട വേഗം കടന്ന് അകത്തേക്കു നടക്കുമ്പോൾ സുഹൃത്തിനോട് ഞാൻ ചോദിച്ചു
“ആരാണയാൾ. നീ അറിയുന്ന ആളാണെന്നു തോന്നുന്നു,അയാൾ എന്തൊക്കെയാണ് പറയുന്നത്?”
അവൻ പറഞ്ഞു

“അത് വത്സലൻ. എല്ലാവരും ഭക്ത വത്സലൻ എന്നു വിളിക്കും. തൊഴുതിറങ്ങിയിട്ട് ഞാൻ അയാളെക്കുറിച്ച് പറയാം “
പഞ്ചസാര മണലിൽ ചതുരക്കല്ലുകൾ പാകിയ പ്രദിക്ഷണ വഴികളിലൂടെ വലം വക്കുമ്പോൾ അയാൾ പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ പ്രകമ്പനം കൊണ്ടു.
ശ്രീ കോവിലിനു മുന്നിൽ ദീപ പ്രഭയിലും, മലർ ഹാരങ്ങളാലും, സുവർണ്ണ പതക്കങ്ങളാലും അലംകൃതമായ ഭഗവാന്റെ മുന്നിൽ കണ്ണടച്ചു കൈകൾ കൂപ്പി പ്രാർത്ഥിക്കവേ വീണ്ടും അയാളുടെ വാക്കുകൾ ചെവിയിൽ മുഴങ്ങി കേട്ടു.
“അരുതേ നിങ്ങൾ അവിടെപ്പോയി പ്രാർത്ഥിക്കരുതേ.. അതു നിങ്ങളെ പിന്നീട് വേദനിപ്പിക്കും. പൊള്ളുന്ന വേദന “

ചുരുക്കി പറഞ്ഞാൽ സ്വസ്ഥമായി ഒന്നും പ്രാർത്ഥിക്കാൻ പറ്റിയില്ല എന്ന കുണ്ഠിതത്തോടെയാണ് നാലമ്പലത്തിനു പുറത്തു ഞാൻ കടന്നത്.
പ്രസാദമായി കിട്ടിയ ചന്ദനം നെറ്റിയിൽ ചാർത്തി, ചെത്തിപ്പൂക്കൾ ചെവിക്കു മുകളിൽ തിരുകി ക്ഷേത്ര മുറ്റത്തെ പഞ്ചസാര മണലിൽ സ്നേഹിതനൊപ്പം ഇരുന്നപ്പോൾ അവൻ പറഞ്ഞു. ഭക്ത വത്സലനെ കുറിച്ച്.

വത്സലന് വാട്ടർ അതോറിറ്റിയിലായിരുന്നു ജോലി. താമസം പട്ടണത്തിലെ റോഡ് വക്കിലുള്ള വീട്ടിൽ. തികഞ്ഞ ഈശ്വര വിശ്വാസി. ചെറുപ്പം മുതൽ മുടങ്ങാതെ കാലത്തും വൈകിട്ടും ക്ഷേത്രത്തിൽ പോകും.അമ്പലത്തിലെ ഏതു കാര്യത്തിനും മുന്നിട്ടു നിൽക്കും. വത്സലന്റെ ഈ ഭക്തി കണ്ട് നാട്ടുകാർ അയാളെ സ്നേഹത്തോടെ ഭക്ത വത്സലൻ എന്നു വിളിച്ചു.

വിവാഹം കഴിഞ്ഞ് വത്സലൻ സ്വന്തം വീടിന്റെ എതിർ വശത്ത്‌ റോഡ് വക്കിൽതന്നെ മറ്റൊരു വീടു പണിതു.അവിടെ ഭാര്യയോടൊപ്പം താമസം തുടങ്ങി. റോഡിനു അപ്പുറം മാതാപിതാക്കളും, ചേട്ടനും, കുടുംബവും, റോഡിനിപ്പുറം വത്സലനും ഭാര്യയും.
വിവാഹം കഴിഞ്ഞു ഏഴു വർഷങ്ങൾ കഴിഞ്ഞിട്ടും വത്സലനും ഭാര്യക്കും കുട്ടികൾ ഉണ്ടായില്ല. അയാൾ ഭഗവാനോടുള്ള തന്റെ ഭക്തിയും, പ്രാർത്ഥനയും പതിന്മടങ് കൂട്ടി എപ്പോഴും പ്രാർത്ഥനയും ക്ഷേത്രവും ആയി അയാൾ ഒതുങ്ങി. ജോലിയിൽ പോലും ശ്രദ്ധ കുറഞ്ഞു.ഒരു കുഞ്ഞുണ്ടാകാൻ അയാൾ സർവ്വം മറന്നു പ്രാർഥിച്ചു.
അങ്ങനെ അവസാനം വത്സലന്റെ പ്രാർത്ഥന ദൈവം കേട്ടു. വിവാഹം കഴിഞ്ഞ് എട്ടാം വർഷം അതി സുന്ദരിയായ, ഓമനത്തം തുളുമ്പുന്ന ഒരു പെൺകുഞ്ഞിന് അയാളുടെ ഭാര്യ ജന്മം നൽകി.

ഗൗരി എന്നായിരുന്നു ആ മിടുക്കിയുടെ പേര്.
വത്സലന്റെ ജീവിതം ആഹ്ലാദത്തോടെ മുന്നോട്ടു നീങ്ങി. ക്ഷേത്രവും, മകളും, ഭാര്യയും, ജോലിയും അതു മാത്രമായിരുന്നു അയാളുടെ ലോകം.ഗൗരിമോളുടെ കളിയിലും, കൊഞ്ചലിലും കുസൃതിയിലും വത്സലൻ അതീവ സന്തോഷം കണ്ടെത്തി. മോളുമായി മുടങ്ങാതെ അയാൾ രാവിലെയും വൈകിട്ടും ഈ ക്ഷേത്രത്തിൽ എത്തിയിരുന്നു.

ഗൗരിമോൾക്ക് എട്ടു വയസ്സായി. ആരെയും ആകർഷിക്കുന്ന സംസാര പാടവവും, ബുദ്ധിയും, സൗന്ദര്യവും ഉള്ള ആ കൊച്ചു മിടുക്കി ഒരു പൂത്തുമ്പിയെപ്പോലെ എങ്ങും പാറിപ്പറന്നു നടന്നു.

അവളുടെ എട്ടാം പിറന്നാൾ ദിവസം അച്ഛൻ വാങ്ങികൊടുത്ത പുത്തനുടുപ്പും,സ്വർണ്ണ പാദസരവും അണിഞ്ഞു മുല്ലപ്പൂവും ചൂടി, ഒരുങ്ങി സുന്ദരിയായി അച്ഛനൊപ്പം അമ്പലത്തിൽ പോകും മുൻപ്‌, റോഡിനു അപ്പുറത്തുള്ള മുത്തശ്ശന്റെയും, മുത്തശ്ശിയുടെയും അടുത്തേക്ക് തനിക്ക് അച്ഛൻ സമ്മാനിച്ച പിറന്നാൾ സമ്മാനങ്ങൾ കാണിക്കാൻ റോഡ് മുറിച്ചു കടന്ന ആ കുഞ്ഞിന്റെ ദേഹത്തേക്ക് അതിവേഗം വന്ന ടിപ്പർ ലോറി പാഞ്ഞു കയറി ആ കുരുന്ന്ശരീരം ചിഹ്നഭിന്നമായി.

നടുറോഡിൽ നിന്ന് തന്റെ കുരുന്നിന്റെ ചിതറിത്തെറിച്ച ശരീരം കോരിയെടുത്ത വത്സലൻ അലറിക്കരഞ്ഞു. ആ റോഡിൽ ചിതറിത്തെറിച്ച തന്റെ കുഞ്ഞിന്റെ ചോരത്തുള്ളികൾക്കു മീതെ അയാൾ തലതല്ലി അലമുറയിട്ടു കരഞ്ഞു.
പിന്നെ കുറെ ദിവസം അയാൾ ആരോടും ഒന്നും സംസാരിച്ചില്ല.

ഒരു ദിവസം പുലർച്ചെ അയാൾ വീണ്ടും ഈ ക്ഷേത്രത്തിനു മുന്നിലെത്തി. പിന്നെ ഇവിടെനിന്നും പോയിട്ടില്ല.അന്നുമുതൽ ഇങ്ങനെയാണ്. അയ്യാൾ ഈ ക്ഷേത്രത്തിനു മുന്നിൽ ഇങ്ങനെ ഇവിടെ വരുന്നവരോട് പറഞ്ഞുകൊണ്ടേയിരിക്കും. പാവം.
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് സ്നേഹിതൻ തുടർന്നു.

കുഞ്ഞു മരിച്ച അന്നു വത്സലന്റെ ഭാര്യ തളർന്നു വീണതാണ് . ഒന്നും അറിയാതെ കോമാ സ്റ്റേജിൽ ഒരു ജീവച്ഛവമായി ഇപ്പോഴും ആവീട്ടിൽ ഉണ്ട്. പക്ഷേ അതൊന്നും വത്സലന് അറിയില്ല. അയാൾ ആ വീട്ടിലേക്ക് പോകാറേയില്ല. അങ്ങനെ ഒരു വീടുള്ളത് പോലും ഒരു പക്ഷേ അയാൾക്കറിയില്ലായിരിക്കാം.

കായലിൽ നിന്നും ഒഴുകി വരുന്ന കാറ്റിനു ചോരയുടെ മണമുള്ളതായി എനിക്കു തോന്നി. എന്റെ നെഞ്ചിൽ കിടന്ന് ഒരു കുഞ്ഞു പിടഞ്ഞു. എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു മനസ്സിൽ ശക്തി സംഭരിച്ചു.
ക്ഷേത്രമതിൽക്കെട്ടിലെ വലിയ പാലയിൽ നിന്നും പാലപ്പൂവിന്റെ തീക്ഷ്ണ ഗന്ധം ആ പരിസരമാകെ ഒഴുകിപ്പരന്നു. പക്ഷേ ജീവിതത്തിൽ ആദ്യമായി എനിക്ക് ആ ഗന്ധം വല്ലാത്ത വിമ്മിഷ്ടം നൽകി.

ക്ഷേത്ര ഗോപുരത്തിന്റെ വലിയ വാതിലിൽ കൂടി സ്നേഹിതനൊപ്പം ഞാൻ പുറത്തേക്കു നടക്കുമ്പോൾ ആ ആൽമാവിൻ ചുവട്ടിൽ വത്സലൻ ഇരിക്കുന്നത് കണ്ടു. ക്ഷേത്രത്തിലേക്കു കടക്കുന്നവരോട് അയാൾ എന്തക്കയോ വിളിച്ചു പറയുന്നത് ഞാൻ കേട്ടു
“അരുത് നിങ്ങൾ അവിടേക്ക് പോകരുത്, പോയാലും നിങ്ങൾ പ്രാർത്ഥിക്കരുത്. നിങ്ങൾ പ്രാർത്ഥിക്കരുത്. നിങ്ങൾക്ക്‌ നെഞ്ചുപൊട്ടികരയേണ്ടി വരും… അരുതേ നിങ്ങൾ അകത്തേക്ക് പോകരുതേ…..”

By ivayana