രചന : അൽഫോൻസ മാർഗരറ്റ് ✍️
എൻ മടിതല്പത്തിൽ കിടക്കുന്ന മുത്തേ , നീ
എൻ മുഖം നോക്കിച്ചിരിപ്പതെന്തേ..
സ്വപ്നത്തിൽ എന്നെകൊതിപ്പിച്ചൊരഴകേ ,
എൻ മകനായ് നീ പിറന്നതെൻ ഭാഗ്യം.
തങ്കക്കതിരുപോൽ ഒളിചിന്തും അഴകേ,
എന്നിലെ സ്നേഹത്തെ അമ്മിഞ്ഞപ്പാലാക്കി
വിസ്മയിപ്പിച്ചൂ നീ കന്നിക്കനിയേ…
എൻകണ്ണിന്നഴകേ നീയെൻെറ ഭാഗ്യം
നിൻ മിഴിത്താരകളിൽ നിദ്ര ചുംബിക്കാൻ,
അമ്മതൻ മാറില്‍ ചാഞ്ഞുറങ്ങുണ്ണീ..
താരാട്ടിന്നീണത്തിൽ താളം പിടിക്കാം
വാത്സല്യച്ചൂടു പകർന്നു തരാം ഞാൻ .
നിൻ തൂമുഖം കാണാൻ നോമ്പുകൾ നോറ്റപോൽ
ആയുസ്സിനായും ഞാൻനോമ്പു നോൽക്കാം …
അമ്മതന്‍ കണിമലരായൊരെൻ കണ്മണീ ,
നന്മയിൽ വളർന്നു നീ ധന്യനാകൂ…
ഞാൻ നോറ്റ നോമ്പുകൾക്കുത്തരമായി..
ധന്യമായ് തീർത്തു നീയെൻെറമാതൃത്വം.
ഉയിരുന്നുയിരായ് വളരേണമുണ്ണീ നീ
നന്മയിൽ വളരാൻ തുണയേകട്ടീശൻ..