രചന : അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം* ✍️

കാട്ടുനെല്ലിച്ചില്ലയിലെ ചാഞ്ഞകൊമ്പിൽ
കൂട്ടിനുള്ളിലിരുന്നൊരു കുഞ്ഞുപക്ഷി
കുഞ്ഞിച്ചുണ്ടും കീറിയതാ ചിലയ്ക്കുന്നു
അമ്മക്കിളീ!അമ്മക്കിളീ! എങ്ങുപോയി
(കാട്ടുനെല്ലി)


ഇല്ലിക്കാടിനുള്ളിലുറങ്ങുന്ന തെന്നൽ
അല്ലലതു കേട്ടു പെട്ടെന്നുണർന്നല്ലോ
നെല്ലിമേലെ ചെന്നുപിന്നെ ചൊല്ലിടുന്നു
അല്ലൽ വേണ്ട മക്കളേ! ഞാൻ ചെന്നുനോക്കാം
(കാട്ടുനെല്ലി)


കുന്നിലില്ല താഴെയില്ല വാനിലില്ലാ
പിന്നെക്കാറ്റു വീശിച്ചെന്നു നോക്കിയപ്പോൾ
കാട്ടുചോലത്തീരത്തുള്ള മാവിൻകൊമ്പിൽ
പാട്ടുമറന്നിരിപ്പല്ലോ അമ്മക്കിളി
(കാട്ടുനെല്ലി)


പോരൂ! കൂട്ടിൽ കുഞ്ഞിക്കിളി കാത്തിരിപ്പൂ
നേരമേറിയെന്നു കാറ്റു കാതിൽ ചൊല്ലി
കണ്ണിൽപ്പെട്ട മാമ്പഴത്തെ കൊത്തിയപ്പോൾ
വീണതാറ്റിലുള്ളിൽ ദുഃഖമേറിടുന്നു
(കാട്ടുനെല്ലി)


കാടുനീളെ തേടി ഞാൻ വരുന്ന വേള
കായ്കളേറെ തിങ്ങിനില്ക്കും മാവു കണ്ടൂ
ഒപ്പമെത്തു വേഗമെത്താം നല്ല മാതേ
കൊണ്ടുനല്കാം കുഞ്ഞിനേറെ തേൻപഴങ്ങൾ
(കാട്ടുനെല്ലി)
🎸🎸🎸

അഭിലാഷ് സുരേന്ദ്രൻ

By ivayana