രചന : വാസുദേവൻ കെ വി ✍️
കത്തെഴുതാൻ മറന്ന തലമുറ. വൈവിദ്ധ്യ സേവനങ്ങൾ ഒരുക്കി പിടിച്ചുനിൽക്കാൻ തുനിയുന്ന പോസ്റ്റൽ വിഭാഗം. ഇരകൾക്കും, കൂട്ടിരിപ്പുകാർക്കും കത്തുകൾ എഴുതി പോസ്റ്റൽ വിഭാഗത്തിന് താങ്ങും തണലുമാവുന്ന വർണ്ണ വർഗ്ഗ സംരക്ഷകർ. കത്തെഴുത്തു രീതിയുടെ നവജന്മം.. കത്തുകൾ പാറിപ്പറക്കട്ടെ. സൗരഭ്യം ചൊരിയും വസന്തകാലത്തിനു സ്വാഗതം. പ്രതികരണരീതികളിലും കാലിക മാറ്റങ്ങൾ അനിവാര്യം. സിരാകേന്ദ്രങ്ങൾ ഉണരട്ടെ. നീതിയും ന്യായവും നിറഞ്ഞ സമത്വ സുന്ദര നാളുകളെ വരവേൽക്കാം നമുക്ക്.
കത്തെഴുത്തു മിത്രങ്ങൾ
മായ ആഞ്ചലോയെ ശ്രദ്ധിക്കുക അമേരിക്കയിൽ 25 സെന്റ് നാണയം ക്വാർട്ടർ. യു.എസ് ധനകാര്യ വിഭാഗം പുറത്തിറക്കിയ നാണയത്തിൽ ഇടംപിടിക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരി മായ ആഞ്ചലോ .അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണ വേളയിൽ കവിത എഴുതി അവതരിപ്പിച്ച കവയിത്രി മായ. ചരിത്രത്തിലാദ്യമായി അമേരിക്കൻ സർക്കാർ വനിതകളുടെ മുഖം മുദ്രണംചെയ്ത് നാണയങ്ങൾ പുറത്തിറക്കാൻ കഴിഞ്ഞവർഷമാണ് തീരുമാനിച്ചത്. ഇത്തരത്തിൽ ഇറങ്ങുന്ന ആദ്യ നാണയമാണിത്.
1928 ഏപ്രിൽ 4 ന് മിസോറിയിലെ സെന്റ് ലൂയിസിൽ പിറന്ന മായ ആഞ്ചലോയുടെ മാതാ പിതാക്കൾ മാർഗരിറ്റ് ആനിയും ജോൺസനും. ആത്മകഥ, മൂന്ന് ഉപന്യാസങ്ങൾ, നിരവധി കവിതാ സമാഹാരങ്ങൾ എന്നിവ രചിച്ച സാമൂഹികപ്രവർത്തക മായ. അവർ 2014 ൽ എൺപത്തിയാറാമത്തെ വയസിലാണ് മരിച്ചത്. ഡീപ് സൗത്തിലെ തന്റെ ബാല്യകാലത്തെക്കുറിച്ച്, 1969 ലെഴുതിയ ‘ഐ നോ വൈ ദ കേജ്ഡ് ബേഡ്സ് സിംഗ്സ്’ എന്ന ആത്മകഥയിലൂടെയാണ് അവർ ശ്രദ്ധിക്കപ്പെടുന്നത്. സ്ത്രീകൾക്കെതിരെ നടക്കുന്ന കടന്നാക്രമണത്തിന്റെയും വംശീയവിദ്വേഷത്തിന്റെയും കദനകഥ പറയുന്ന പുസ്തകം.അമ്മയുടെ ജാരനാൽ ഏഴാം വയസിലാണ് മായ ആഞ്ചലോ മാനഭംഗത്തിന് ഇരയായത്. പിന്നീട് ആഞ്ചലോയുടെ ബന്ധുക്കൾ ചേർന്ന് പ്രതിയെ നിഷ്ക്കരുണം തല്ലികൊന്നു. ആ സംഭവത്തിന് ശേഷം ആറ് വർഷത്തോളം ആഞ്ചലോ ആരോടും സംസാരിച്ചിരുന്നില്ല. മാനസികമായും ശാരീരികമായും അവൾ വല്ലാത്ത സംഘർഷത്തിലായിരുന്നു.
പിന്നീട് അവൾ എഴുത്തിലേക്ക് ശ്രദ്ധ ചെലുത്തി ജീവിതത്തെ തിരിച്ചു പിടിച്ചു. അനുഭവിച്ച വിഷമതളുടെ നേർചിത്രം അക്ഷരങ്ങളിലൂടെ കോറിയിട്ടു.രണ്ടു തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിത്വം.നിരവധി ഓണററി ബിരുദങ്ങൾ നേടുകയും 30 ലധികം കൃതികൾ എഴുതുകയും ചെയ്തു. മാർട്ടിൻ ലൂഥർ കിംഗിനൊപ്പം കറുത്ത വംശജരുടെ അവകാശപോരാട്ടത്തിനിറങ്ങിയ അവർ, കവിയായും മനുഷ്യാവകാശപ്രവർത്തകയായും കേബിൾ കാർ കണ്ടക്ടറായും ബ്രോഡ്‌വേ താരമായും തിളങ്ങി. 2010 ൽ, പ്രസിഡന്റ് ബറാക് ഒബാമ അവർക്ക് ‘പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം’ നല്‌കി ആദരിച്ചു.
യു.എസിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണിത്. ആഞ്ചലോയുടെ സാമൂഹിക പ്രതിബദ്ധത, ദേശീയ താത്പര്യം എന്നിവ മുന്നിൽ കണ്ടാണ് ഒബാമ ഈ ബഹുമതി നല്‌കിയത്. 2013 ൽ സാഹിത്യ സമൂഹത്തിനുള്ള സംഭാവനകൾക്കുള്ള ഓണററി നാഷണൽ ബുക്ക് അവാർഡായ ലിറ്ററേറിയൻ അവാർഡിനും ആഞ്ചലോ അർഹയായി. 1992ൽ ബിൽ ക്ലിന്റൻ യു.എസ് പ്രസിഡന്റായി അധികാരമേറ്റ വേളയിൽ ചൊല്ലിയ ‘ഓൺ ദ് പൾസ് ഒഫ് ദ് മോണിംഗ്’ എന്ന മായയുടെ കവിത ശ്രദ്ധേയമായി .ഇനി ക്വാർട്ടർ നാണയത്തിൽ വരുന്നത് അമേരിക്കയിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരിയായ സാലി റൈഡ്, ചെറോക്കി നേഷന്റെ ആദ്യ വനിതാ മേധാവിയും തദ്ദേശീയ അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്‍ത വിൽമ മാൻകില്ലർ, ഹോളിവുഡിലെ ആദ്യത്തെ ചൈനീസ്-അമേരിക്കൻ ചലച്ചിത്രതാരമായി കണക്കാക്കപ്പെടുന്ന അന്ന മേ വോംഗ് എന്നിവരൊക്കെയാവും.
കൂടാതെ 2025 ഓടെ പ്രതിവർഷം അഞ്ച് നാണയങ്ങൾ കൂടി ചരിത്ര പ്രസിദ്ധരായ വിവിധ സ്ത്രീകളുടെ ചിത്രങ്ങൾ കൊത്തി പുറത്തിറക്കും.ഇതിനൊക്കെ ചുക്കാൻ പിടിക്കുന്ന, യു.എസിലെ ആദ്യത്തെ വനിതാ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ പറയുന്നു . “ഓരോതവണയും നാം നമ്മുടെ കറൻസി പുനർരൂപകല്‌പന ചെയ്യുമ്പോൾ, നമ്മുടെ രാജ്യത്തെക്കുറിച്ച് എന്തെങ്കിലും പ്രധാനകാര്യങ്ങൾ സമൂഹത്തെ അറിയിക്കാനുള്ള അവസരം കിട്ടുന്നു. ഞങ്ങൾ എന്തിനാണ് മൂല്യം കല്‌പിക്കുന്നത്. എന്താണ് ഇന്ന് കാണുന്ന ഈ പുരോഗമന സമൂഹത്തെ ഉണ്ടാക്കിയെടുത്തത് എന്നതെല്ലാം അതിൽപ്പെടുന്നു.“
90 വർഷമായി ക്വാർട്ടർ നാണയത്തിന്റെ ഒരുവശത്ത് യു.എസിന്റെ ആദ്യ പ്രസിഡന്റായ ജോർജ്ജ് വാഷിംഗ്ടണും മറുവശത്ത് ഒരു കഴുകനുമാണ് ഉണ്ടായിരുന്നത്. പുതുക്കിയ നാണയത്തിൽ ഒരു വശത്ത് മായ ആഞ്ചലോയും മറുവശത്ത് ജോർജ്ജ് വാഷിംഗ്ടണും ആവുന്നത് സ്ത്രീ ശാക്തീകരണത്തിന്റെ, ലിംഗസമത്വത്തിന്റെ ശുഭ സൂചകമായി കാണാം നമുക്ക്.