രചന : രജനി നാരായൺ ✍️

തേൻമാവിൻ കൊമ്പത്തൊരൂഞ്ചാല് കെട്ടാം
മാനസ മൈനേ വരൂ…
മധുരം നുകരാം മാന്തളിർ നൽകാം
മാറോട് ചേർത്തണക്കാം
നിന്നെ ഞാൻ മാറോട് ചേർത്തണക്കാം ,
(തേൻമാവിൻ)

മാനം നോക്കി പോകരുതേ
കാർമേഘം വന്നത് കാൺമതില്ലേ ?
കാറ്റിൽ ഗതിയൊന്നു മാറിയാലോ
നിന്റെ ആരോമൽ മേനി നനയുകില്ലേ
പിന്നെ ആ നയനങ്ങൾ നിറയുകില്ലെ ,
( തേൻമാവിൻ )

മാമ്പൂക്കൾ പൊട്ടി വിടരുന്ന കണ്ടില്ലേ ?
മാങ്കനിയൊന്നു ഞാൻ നൽകിടാലോ.
മാനസ പൂങ്കാവനത്തിൽ നിനക്കായ്
പൂമെത്തയൊന്നു വിരിച്ചിടാലോ …
നിന്റെ പൂമേനി മെല്ലെ തഴുകിടാലോ,
( തേൻമാവിൻ )

മാവിൻച്ചോട്ടിലെ മന്ദാരം പൂത്തിട്ടും
തേൻ മുല്ലവള്ളികൾ കെട്ടിപ്പുണർന്നിട്ടും
കാത്തിരുന്നെന്റെ കരളു പിടയുന്നു
നീ മാത്രമെന്തേ വരുന്നില്ല ചാരെ ..
കാലങ്ങൾ പോയതറിഞ്ഞില്ലെ നീളെ .
( തേൻമാവിൻ )

രജനി നാരായൺ

By ivayana