രചന : ഷാജി മാരാത്ത്✍️

ഒരു ശനിയാഴ്ച്ച
ആഴ്ച്ചയിൽ ഈ ദിവസത്തിന് പ്രത്യേകതയൊന്നുമില്ല. എല്ലാ ദിവസവും പോലെത്തന്നെ നേരം വെളുക്കുകയും അസ്തമിക്കുകയും ചെയ്യും. പ്രസവ വാർഡുകളിൽ കുറേയെറെ കുഞ്ഞിക്കാലുകൾ കണ്ടതിന്റെ സന്തോഷക്കണ്ണീര് വീഴുമ്പോൾ സെമിത്തേരികളിൽ വേർപാടിന്റെ വേപഥുമായി കുറേ ആൾക്കാരും.

എല്ലാ ദിവസങ്ങളും ഇങ്ങനൊക്കെത്തന്നെ.
എന്നാൽ ഓർത്തെടുക്കാൻ പറ്റുന്ന ഏറ്റവും നല്ല ദിവസം ശനിയാഴ്ചയാണ്.

ഞാൻ ഗൾഫിലായിരുന്നപ്പോൾ വെള്ളിയാഴ്ച്ചകളിലെ അവധി ആഘോഷം കഴിഞ്ഞ് കാലത്ത് ജോലിക്ക് പോകേണ്ട കാര്യമാലോചിച്ച് ഈ ശനിയാഴ്ച്ചയെ ഞാൻ ഒരുപാട് പ്രാകിയിട്ടുണ്ട്. നാട്ടിലെത്തിയപ്പോൾ അതേ ഞാൻ തന്നെയാണ് ഈ ശനിയാഴ്ച്ചകളെയെടുത്ത് ഉമ്മ വെച്ചത്. കാരണം പിറ്റേന്ന് ഞായറാഴ്ചയാണല്ലോ. കർത്താവ് ഈശോമിശിഹാ പറഞ്ഞ ഏഴാം നാൾ അവധി ദിവസം.

ഞായറാഴ്ച്ച
കാലത്ത് രണ്ടാം കുർബാനക്കേ ഞാൻ പോകാറുള്ളൂ. നേരത്തെയുള്ളതിന് അവളു പോകും എന്നെ പലപ്പോഴും നിർബ്ബന്ധിക്കാറുണ്ട്. പക്ഷേ ഞാൻ പോകാറില്ല. പോകാൻ നേരം എന്നെ തോണ്ടി വിളിക്കും

അവളുടെ കൈത്തണ്ടയിൽ എനിക്കു പിടുത്തം കിട്ടിയാൽ പിന്നെ
കമ്പിളിപ്പുതപ്പിനുള്ളിലെ ചൂടിൽ മുഖത്തോട് മുഖം നോക്കി കുരിശു വരച്ച് ഞങ്ങളവിടെ ആദ്യകുർബാന നടത്തും.

പിന്നെ ഞങ്ങൾ രണ്ടാളും കൂടി വിശേഷങ്ങളൊക്കെ പറഞ്ഞ് രണ്ടാമത്തെ കുർബാനക്ക് പോകും.

തിരിച്ചു പോരുമ്പോൾ ഇറച്ചിക്കടയിൽ നിന്നും പോത്തിന്റെ നെഞ്ചടി നോക്കി ഒരു കിലോ വാങ്ങും. നേന്ത്രക്കായിട്ട് അവളത് കറിവെക്കും. പിള്ളാർക്കതൊക്കെ നല്ല ഇഷ്ടമാണ്. അവരതും കൂട്ടി ചോറുണ്ണും.
രണ്ടാമത്തവന് ഞാന് വാരിക്കൊടുക്കണം. എനിക്കും അതൊക്കെ ഇഷ്ടമാണ്. പിള്ളാരെ ഓരോ ശീലങ്ങൾ പഠിപ്പിച്ച് വെക്കണ്ട എന്നവൾ എപ്പോഴും പറയും.

ഉച്ചയുണിന് നേരമാവുമ്പോഴേക്കും ചാച്ചനും വരും. ചേട്ടച്ചാരുടെ കൂടെ തറവാട്ടുവീട്ടിലാണ് ചാച്ചൻ താമസിക്കുന്നത്. ഒരേ ഇടവകയൊക്ക ആണെങ്കിലും ഞങ്ങളുടെ വീടുകൾ തമ്മിൽ ഒരു ഫർലോങിന്റെ ദൂര വിത്യാസമുണ്ട്.

അമ്മച്ചി മരിച്ചേപ്പിന്നെ ചാച്ചനധികം ആരോടും സംസാരിക്കാറില്ല. ചോദിച്ചാൽ എന്തേലും പറയും. അല്ലാതെ തിരിച്ചൊരു വിശേഷവും അങ്ങേര് ചോദിക്കാറില്ല.

ശനിയാഴ്ച്ച വരുമ്പോ വാങ്ങിക്കൊണ്ടുവരുന്ന അര ലിറ്ററേന്ന് രണ്ടെണ്ണം ചാച്ചനെടുക്കും. നീളൻ ചില്ലുഗ്ലാസ്സിലേക്കൊഴിച്ച് ഒറ്റയടിക്കങ്ങ് തീർക്കും. ചാറുണ്ടേ ഇത്തിരിയിങ്ങെടുക്ക് കൊച്ചേന്ന് പറയും. അവളത് കൊണ്ടുപോയി കൊടുക്കുമ്പോ പിള്ളാര് കഴിച്ചോടിന്ന് മാത്രം ചോദിക്കും. മടിയിലിരിക്കുന്ന മിഠായി പൊതിയെടുത്ത് അവളുടെ കൈയ്യേക്കൊടുക്കും. പിള്ളാർക്ക് കൊടുത്തേക്കെന്നും പറഞ്ഞ്.

ഉച്ചയൂണ് കഴിഞ്ഞ് തിണ്ണയിലിരുന്ന് കട്ടൻബീഡിയൊന്ന് വലിക്കും. പിന്നെ അതിന്മേത്തന്നെ കുറച്ചുനേരം മലർന്നു കിടക്കും. ഉച്ചയുറക്കം കഴിഞ്ഞ് ഞങ്ങളെഴുന്നേറ്റ് വരുമ്പോഴേക്കും പുള്ളിക്കാരൻ പോയിട്ടുണ്ടാകും.

പ്രത്യേകിച്ച് യാത്ര പറച്ചിലൊന്നും ഉണ്ടാവാറില്ല. അത് പണ്ടും അങ്ങനൊക്കെത്തന്നെയാണ്. കാലത്തൊരു കട്ടൻ കുടിച്ചേച്ചും തൂമ്പായും എടുത്തോണ്ട് പണിക്കു പോകും. അന്നും പറച്ചിലൊന്നുമില്ല.

“യാത്ര പറയാനെന്തിരിക്കുന്നു ഞാനിവിടെ അടുത്തല്ലേ പോകുന്നത് വൈകീട്ട് പണി സമയം കഴിഞ്ഞ് കണ്ടില്ലേൽ മനസ്സിലാക്കിക്കോളണം കയത്തിന്റെ കല്ലിടുക്കുകളിൽ എവിടെയെങ്കിലും കുടുങ്ങിക്കിടപ്പുണ്ടാവുമെന്ന്”.

” എന്നെ ഇതൊന്നും കാണിപ്പിക്കല്ലേ കർത്താവേ” ന്നും പറഞ്ഞ് അമ്മച്ചി അപ്പോൾ നെഞ്ചത്തടിക്കും.

ഇടം പല്ല് കാണണ തരത്തിൽ ചാച്ചനൊന്ന് ചിരിക്കും.

എന്നാൽ സംഭവിച്ചത് നേരെ തിരിച്ചാർന്നു. പതിനൊന്ന് മണിയാവുമ്പം പശുക്കളെ കുളിപ്പിച്ചും കഴിഞ്ഞ് അലക്കാനുള്ള തുണിയും കൊണ്ട് അമ്മച്ചി പുഴയിലേക്ക് പോകും. നട്ടുച്ചക്ക് അലക്കും കഴിഞ്ഞ് ചുവന്ന് വീർത്ത മുഖവുമായാണ് അമ്മച്ചി വരാറുള്ളത്. എന്നാത്തിനാണ് ഈ നട്ട വെയില് കൊള്ളണേന്ന് ചോദിച്ചു ഏട്ടൻ അമ്മച്ചിയെ വഴക്കും പറയും.

അന്നും അതുപോലെ അമ്മച്ചി പുഴയിലേക്ക് പോയി. ഉച്ചതിരിഞ്ഞിട്ടും അമ്മച്ചിയെ കാണുന്നില്ല.വെശന്നിട്ട് ഞാൻ കരയാൻ തൊടങ്ങി. ഏട്ടനെനിക്ക് ചോറെടുത്ത് തന്ന് “നീ കഴിച്ചോ ഞാനമ്മച്ചിയെ തെരക്കിയേച്ചും വരാം”ന്ന് പറഞ്ഞ് പുഴക്കരയിലേക്ക് ഓടി.

ത്തിരി നേരം കഴിഞ്ഞ് അവിടെയെങ്ങും അമ്മച്ചിയെ കാണാനില്ലെന്നും പറഞ്ഞ് കരഞ്ഞോണ്ട് തിരിച്ച് വന്ന്.

അയലോക്കത്തെ കാരിക്കറുപ്പൻ വന്ന് “എന്നതാടാ കരയണത് ” ന്ന് ചോദിച്ചപ്പോ ഏട്ടൻ പറഞ്ഞ് “അമ്മച്ചിയെ കാണാനില്ലാ”ന്ന്.

അങ്ങേര് വേഗം പുഴക്കരയിലേക്ക് ഓടി. പിന്നീടെല്ലാവരും അറിഞ്ഞു അന്വേഷണം തുടങ്ങി. അന്നൊന്നും അമ്മച്ചിനെ കണ്ടില്ല. മൂന്നാം പക്കം നേവിക്കാര് വന്ന് കയത്തിന്റെ അടിയിലെ കല്ലും കൂട്ടത്തിനിടയിൽ നിന്നും അമ്മച്ചിയെ കണ്ടെത്തി.

ചത്ത് വീർത്ത് തടിച്ച് മുഖമെല്ലാം മീൻകൊത്തിപ്പറിച്ച്… ഞാൻ കൊറേ കരഞ്ഞു. ചേട്ടായിം തൊള്ള കീറി കരഞ്ഞു. ചാച്ചന്റെ വകേലെ ഒരു അമ്മായി വന്ന് ഞങ്ങളെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി.

വെള്ളത്തിൽ നിന്നും പൊക്കിക്കൊണ്ടു വരുമ്പോൾ കൈയ്യിലൊരു ശീലക്കഷ്ണം ഉണ്ടായിരുന്നു. കുപ്പായം കീറിയ പോലെയൊന്ന്. മരണ വെപ്രാളത്തിനിടയിൽ കൈ കാലിട്ട് അടിച്ചപ്പോൾ ഇല്ലിക്കൂട്ടത്തിനിടയിൽ എവിടെയെങ്കിലും പിടിച്ചപ്പോൾ കൈയ്യിൽ കുടുങ്ങിയത് ആയിരിക്കുമെന്ന് പറഞ്ഞ് തോമസ്സ് സാറത് ഊരി പുഴയിലേക്ക് തന്നെ വലിച്ചെറിഞ്ഞു.

നാട്ടിലെ പ്രമാണിയാണ് തോമസ്സ് സാറ് . കാറും എസ്റ്റേറ്റും ബംഗ്ലാവുമൊക്കെയുണ്ട് സാറിന്. എല്ലാ കാര്യങ്ങൾക്കും സാറ് മുൻപന്തിയിലുണ്ടാർന്നു.

ചാച്ചൻ അതിനു ശേഷം അധികമാരോടും സംസാരിക്കാറില്ല.
അമ്മായി നേരാനേരം കഴിക്കാനുള്ളതൊക്കെ വെച്ചുണ്ടാക്കി കൊണ്ടന്നു തരും. അമ്മായിക്ക് ഞങ്ങളോട് നല്ല സ്നേഹാരുന്നു.കൊറച്ചു നാള് കഴിഞ്ഞപ്പോഴേക്കും ഞങ്ങള് അമ്മച്ചിയെപ്പോലും മറന്നപോലായി. ചാച്ചൻ ചുരമിറങ്ങി അടിവാരത്തു പണിക്കുപോകും. വരവ് വല്ലപ്പോഴുമൊക്കെയായി.

കൊറേ ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം തോമസ്സ് സാറിന്റെ മകനും ഇതേ പോലെ വെള്ളത്തിൽ പോയാർന്നു. മരിച്ചേന്റെ പിറ്റേന്ന്തന്നെ കയത്തിൽ നിന്നും ശവമെടുത്തു. പൊള്ളച്ചങ്ക് ഞെക്കിപ്പിടിച്ചതിന്റെ പാടുണ്ടാർന്നു സാറിന്റെ മകന്റെ കഴുത്തില്. ആരോ കൊന്നതാന്നും പറയണുണ്ടാർന്നു നാട്ടുകാര് .

പുഴയിറുമ്പിലെ പൊന്തക്കാട്ടില് തൂറാനിരുന്ന കാരി മൂപ്പൻ കണ്ടാർന്നുത്രേ. ആരോ സാറിന്റെ മകനെ പുറംകാലുകൊണ്ട് ചവിട്ടി വെള്ളത്തിലേക്കിടുന്നതും പിടിവലി നടക്കുന്നതുമൊക്കെ. പക്ഷേ കാരി ഇതാരോടും പറഞ്ഞില്ല.

മരിക്കണേന്റെ തലേന്ന് ചാച്ചനയാളെ കാണാൻ പോയി- വർത്തമാനങ്ങൾ പറയുന്ന കൂട്ടത്തിൽ ചാച്ചന്റെ കൈകൾ കൂട്ടിപിടിച്ച് കാരി പറഞ്ഞു. “ഒരു പെരുമഴയത്ത് കാടുകേറി വന്ന എനിക്കും എന്റെ കിടാങ്ങൾക്കും ചവിട്ടി നില്ക്കാൻ ഒരു ചവിട്ടടി മണ്ണ് തന്നതും അന്തിയുറങ്ങാൻ ഒരു കൂര തന്നതും നിങ്ങളാണ്. അതൊരിക്കലും ഞാൻ മറക്കൂല ….
അന്നാ ചെറുക്കൻ പോകുമ്പോ പിടിവലിയിൽ കീറിക്കൊണ്ടുപോയ നിങ്ങടെ വള്ളിനിക്കറിന്റെ ഊരിയെറിഞ്ഞ ബാക്കി ഞാനെടുത്ത് പൊന്തക്കാട്ടിലിട്ട് കത്തിച്ചു. കത്തി തീർന്നപ്പോ ആ കരി പൊടിയുടെ മുകളിലേക്ക് തൂറിയിട്ടേച്ചുമാണ് തിരിച്ചു പോന്നത്. ഇനിയൊരാളും ഇതറിയരുതെന്ന് കരുതി. ഇതൊക്കെ എന്നോടൊപ്പം മണ്ണടിയും”. പിറ്റേന്ന് കാരി കറുപ്പൻ മരിച്ചു. അന്നാണ് ചാച്ചൻ ആദ്യമായി കരയുന്നത് ഞാൻ കണ്ടത്.

പറയാൻ വന്നത് ഇതൊന്നുമല്ലായിരുന്നു. പറഞ്ഞപ്പോൾ കാടുകേറി പറഞ്ഞെന്നേയുള്ളു. അത് അല്ലെങ്കിലും ഞങ്ങളെപ്പോലുള്ളവർ അങ്ങിനാ.ഒരു കാര്യം പറയണമെങ്കിൽ നൂറ് കഥകൾ വേറെ പറയും,ക്ഷമിച്ചേര് .കേൾക്കാൻ ക്ഷമയുള്ളവർ വേറെയും ഉണ്ടാവുമല്ലോ ല്ലേ ?

മൂത്തവള് പഠിക്കാൻ മിടുക്കിയാർന്നേ. പത്താം ക്ലാസ്സിൽ പഠിക്കുമ്പോ അവൾക്ക് ട്യൂഷൻ വേണമെന്ന് പറഞ്ഞപ്പോ ഞാനവളെ ട്യൂഷന് ചേർത്തു. അടുത്തെങ്ങും ട്യൂഷനെടുക്കാൻ ആളില്ലാത്തതു കൊണ്ട് രണ്ട് കിലോമീറ്റർ ദൂരെയാണ് ചേർത്തത്. എന്നും കാലത്തേ ബസ്സ് കയറി പോകണം. അവിടുന്ന് ട്യൂഷൻ കഴിഞ്ഞാലും ബസ്സിലാണ് സ്ക്കൂളിലേക്കും പോകുന്നത്.
ആറു മണിക്കുള്ള സെബാനിലാണ് അവളെന്നും പോവാറുള്ളത്. വീടിനടുത്തുള്ള ഡ്രൈവറായതു കൊണ്ട് പേടിക്കാനില്ലായിരുന്നു.

അന്നും പതിവു പോലെ അവൾ ബസ്സ് കയറിപ്പോയി. പക്ഷേ വൈകുന്നേരം വരേണ്ട സമയം കഴിഞ്ഞിട്ടും കൊച്ചിനെ കാണാഞ്ഞ് ഭാര്യ അലമുറയിട്ടു കരഞ്ഞു. അന്വേഷിക്കാൻ പലരും പലദിക്കിലേക്ക് പാഞ്ഞു.

ഞാനന്ന് നല്ല സുഖമില്ലാത്തതു കൊണ്ട് നേരത്തെ പണി നിറുത്തി വീട്ടിലേക്ക് പോകാനായി ബസ്സും കാത്ത് നില്ക്കുമ്പോൾ അയൽപക്കക്കാരൻ വർഗ്ഗീസേട്ടൻ അവിടെക്ക് വന്നു.”എന്നതാ അച്ചായാ വല്ലാണ്ടിരിക്കണത് ന്ന് ഞാൻ ചോദിച്ചു”

“നീ സ്ക്കൂട്ടറേൽ കേറെ”ന്നും പറഞ്ഞ് എന്നെ പിടിച്ച് കേറ്റി.

വണ്ടി ഓടിക്കുമ്പോഴും കണ്ണാടിയിൽ അങ്ങേരെന്നെ ശ്രദ്ധിക്കുന്നുണ്ട്. എന്നാലൊന്നും പറഞ്ഞതുമില്ല.

“എന്നതാ ഇച്ചായാ ഇത്രേം ബേജാറായിട്ട് പോകാനായിട്ട് ഉണ്ടായത് ” ന്ന് ഞാൻ വീണ്ടും ചോദിച്ചു.

അയാളൊന്നും മിണ്ടാതെ വേഗത്തിൽ സ്ക്കൂട്ടറോടിച്ചു കൊണ്ടിരുന്നു. എനിക്കപ്പോൾ ഒരല്പം ദേഷ്യമൊക്കെ വന്നു. ടൗണിലെ പോലീസ്‌സ്റ്റേഷന്റെ വാതുക്കലെത്തിയപ്പോൾ അയാൾ വണ്ടി നിറുത്തി.
എനിക്കൊന്നും മനസ്സിലായില്ല. നാട്ടിലെ വേറെയുംകുറച്ച് ആൾക്കാരൊക്കെ അവിടെ ഉണ്ടായിരുന്നു.

“എടാ നിന്റെ കൊച്ച് ഇന്ന് കാലത്ത് വീട്ടീന്ന് പോന്നിട്ട് സ്ക്കൂളിൽ ചെന്നില്ലെന്ന്”.

ഇച്ചായൻ അങ്ങനെ പറഞ്ഞതു കേട്ടപ്പോൾ ഞാനയാളുടെ കുത്തിനു പിടിച്ചു. “തെമ്മാടിത്തരം പറഞ്ഞാലുണ്ടല്ലോ കൊന്നു കളയും” ന്ന് ഞാനലറി.

“ഞാൻ പറഞ്ഞത് സത്യാ. നീ അകത്ത് ചെന്ന് നോക്ക്” ന്നും പറഞ്ഞ് അയാളെന്നിൽ നിന്നും പിടി വിടുവിച്ചു.

ചങ്കലച്ചും കൊണ്ട് സ്റ്റേഷനകത്തേക്ക് ചെന്ന ഞാൻ ന്റെ കൊച്ചിനെ കണ്ട് കരഞ്ഞു പോയി.

അടുത്ത് ചെന്ന ഞാൻ ചെയ്യാൻ പാടില്ലാത്തതാണെന്ന് അറിയാമായിരുന്നിട്ടും അവളുടെ ചെവിക്കല്ല് നോക്കി ഒന്നു കൊടുത്തു. സങ്കടവും ദേഷ്യവും കൊണ്ട് എനിക്കപ്പോൾ എന്തു ചെയ്യണമെന്നറിയില്ലാർന്നു.

പാറാവ് പോലീസ് വന്നെന്നെ പിടിച്ചു മാറ്റുമ്പോഴും എന്റെ കലിയടങ്ങിയിട്ടില്ലാർന്നു.
എസ്സൈ സാറ് എന്നെ അകത്തേക്ക് വിളിപ്പിച്ചു.

മകളുടെ ഭാവിയെക്കരുതി കേസെടുക്കുന്നില്ലെന്നും അധികം ആരും അറിഞ്ഞിട്ടില്ല. ഇനി അറിയിക്കാനും പോകണ്ടന്നും സാറ് പറഞ്ഞു.

“അതിന് തന്റെ കുഞ്ഞ് എന്നാ ചെയ്തിട്ടാ സാറേ” ന്ന് ഞാനപ്പോൾ ചോദിച്ചു.

“അവള് വേറൊരുത്തനുമായി കുറിഞ്ഞിമലയില് ……” മുഴുവൻ കേൾക്കാൻ എനിക്കായില്ല. ഞാൻ ചെവി പൊത്തി.

“മയക്കുമരുന്നിന്റെ ഓരോരോ ദൂഷ്യങ്ങളാണ്. കുട്ടികളാണെങ്കിലോ എത്ര പറഞ്ഞാലും മനസ്സിലാക്കുകയുമില്ല. എന്തായാലും താൻ കൊച്ചിനേം കൊണ്ട് പൊയ്ക്കോ. വിളിപ്പിച്ചാൽ വരണം”. എസ്സേ സാറ് പിന്നേം എന്തൊക്കെയോ പറഞ്ഞു. ഞാനതൊന്നും കേട്ടില്ല.

ഞാനെന്റെ കൊച്ചിനേം കൊണ്ട് വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും നാട്ടുകാര് ആണുങ്ങള് മുഴുവൻ വീട്ടുമുറ്റത്തെത്തി. കഷ്ടം വെച്ച് അയൽപക്കത്തെ പെണ്ണുങ്ങൾ വേലിക്കൽ നില്പുണ്ട്.

ആരോടും ഞാൻ ഒന്നും പറഞ്ഞില്ല. അവരുടെ മുഖത്തേക്ക് പോലും നോക്കാൻ എനിക്കായില്ല.
നാണക്കേടിന്റെ പടുകുഴിയിലേക്ക് ഊർന്നു പോയിരുന്നു ഞാനപ്പോൾ.

അകത്തെ മുറിയിലപ്പോൾ ഭാര്യ ബോധമില്ലാതെ കിടപ്പുണ്ടായിരുന്നു. അയൽക്കാരിലൊരാൾ കുറച്ചു വെള്ളം തളിച്ചപ്പോൾ അവൾ കണ്ണുതുറന്നു.

“എന്റെ കുഞ്ഞേ….”ഓർമ്മ വന്നപ്പോൾ അവൾ നിലവിളിച്ചു.

“അവളിവിടെ തന്നെയുണ്ട്. ചത്തിട്ടില്ല” എന്ന് ഞാനൊച്ച വെച്ചു.

അവർ തട്ടിപ്പിടഞ്ഞെഴുന്നേറ്റു മകളുടെ അടുത്തു വന്നു.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മകൾ മുറിയിലൊരു മൂലയിലിരിക്കുന്നു. ഞാൻ ഉമ്മറത്തിണ്ണയിൽ വന്നിരുന്നു. കരയണമെന്നോ ചിരിക്കണമെന്നോ അറിയാത്ത അവസ്ഥയിലായിരുന്നു.

കരഞ്ഞു വീർത്ത കണ്ണുകളുമായി മകളെന്നെ വന്ന് തൊട്ടു .
“ചതിയാണെന്ന് അറിയാതെ പറ്റിപ്പോയതാ” ന്ന് പറഞ്ഞ് അവളെന്റെ കാല്ക്കലിരുന്നു കരഞ്ഞു.

മനസ്സിലാക്കാൻ കഴിയാത്ത പ്രായമാണെന്നും നിഷ്ക്കളങ്ക കൗമാര ചാപല്യങ്ങളിൽ വീണു പോയതാണെന്നുമാണ് അവൾ പറഞ്ഞതിൽ നിന്നും എനിക്ക് മനസ്സിലായത്.

അവൾ പറഞ്ഞ അടയാളങ്ങൾ വെച്ച് ഞാനവനെ മനസ്സിലാക്കിയെടുത്തു.

ശനിയാഴ്ച്ച വൈകുന്നേരം പണി കഴിഞ്ഞ് നേരത്തെ ഇറങ്ങി. കൂലി വാങ്ങാൻ കൂടെയുള്ളവനെ ഏല്പിച്ചും ആദ്യംകിട്ടിയ വണ്ടിക്ക് തന്നെ ഞാൻ ചുരം കയറാൻ തുടങ്ങി.
അഞ്ചാം വളവിൽ ഒരു തടിലോറി കേടായി കിടക്കുന്നതുകൊണ്ട് കുറച്ചു സമയം വണ്ടികൾ ബ്ലോക്കായി. അരമണിക്കൂറോളം കഴിഞ്ഞു കാണും സാധാരണ നിലയിലെത്താൻ.
ബസ്സിൽ സാധാരണയിൽ കവിഞ്ഞ് യാത്രക്കാരില്ലായിരുന്നു ആയതു കൊണ്ടു തന്നെ ഞാനാ സീറ്റിൽ ഒറ്റയ്ക്കായിരുന്നു.

തണുത്ത കാറ്റ് വീശിക്കയറി വരുന്നുണ്ട്. കോടമഞ്ഞ് ഇടക്കിടക്ക് മാഞ്ഞും തെളിഞ്ഞും വരുന്നുണ്ട്.
ഏഴാം വളവ് കയറുമ്പോൾ റോഡരികിൽ നിര നിരയായി വണ്ടികൾ കിടക്കുന്നുണ്ട്. കാഴ്ച്ച കാണാൻ വന്നവരും കച്ചവടക്കാരേയുംകൊണ്ട് ഏഴാം വളവിൽ നല്ല തിരക്കുമുണ്ട്. ഇവിടെ നിന്ന് താഴേക്ക് നോക്കിയാൽ കാടിന്റെ ഭംഗി മുഴുവനായും കാണാം ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമാണ് ഏഴാം വളവ്.

ഐസ്ക്രീം വിൽക്കുന്ന വണ്ടിക്കടുത്ത് ചാച്ചൻ നില്ക്കുന്നതു കണ്ടു.

” എന്തിനാണ് ഇങ്ങേര് ഈ സമയം ഇവിടെ നില്ക്കുന്ന താവോ?”മനസ്സിലോർത്തു.

” ഇന്ന് പണിക്കൊന്നും പോയില്ലേ ആവോ?” കുഞ്ഞുമോൾക്ക് അബദ്ധം പറ്റിയതിൽ ശേഷം അങ്ങേര് വീട്ടിൽ വരുന്നതിപ്പോൾ കുറവാണ്.

പുറത്തേക്കൊന്നും അധികം ഇറങ്ങാറില്ലാന്നാ ചേട്ടച്ചാര് കണ്ടപ്പോൾ പറഞ്ഞത്.

പ്രായത്തിന്റെ അസ്കിതകൾ അലട്ടുന്നുണ്ടാവും എന്നു ഞാൻ ഒരൊഴുക്കൻ മട്ടിൽ മറുപടിയും കൊടുത്തു.

അങ്ങാടിയിൽ ബസ്സിറങ്ങി വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങി ഞാൻ നടന്നു.

ഇടവഴി കയറിയപ്പോൾ എതിരെ വരുന്ന കാലിക്കൂട്ടങ്ങൾക്ക് പോകാനായി വഴി ഒഴിഞ്ഞു നിന്നു . കന്നിനെ തെളിച്ചോണ്ടും പോകുന്ന ആദിവാസിച്ചെക്കൻ മുറുക്കാൻ കറയുള്ള പല്ലുകൾ കാട്ടി ചിരിച്ചു. അവന്റെ കഴുത്തിൽ ചുറ്റിയിരിക്കുന്ന തോർത്ത് മുറുക്കാൻ കറ വീണ് ചുവന്നിട്ടുണ്ട്. തള്ള ചത്തുപോയപ്പോൾ മുതൽ കാലി മേച്ചും കാട്ടുകനികൾ തിന്നുമാണ് ജീവിക്കുന്നത്. കുറച്ചു കാലമായി സാറിന്റെ ഫാമിലെ കാലികളെ തീറ്റലാണ് പണി. അവരുടെ ചായ്പ്പിൽത്തന്നെ കിടപ്പും.

നടവഴിയിൽ കരിയില വീണ് കിടക്കുന്നുണ്ട്. ഓരോ ചവിട്ടടിയിലും കരിയിലകൾ ഞെരുങ്ങുന്ന ഒച്ചയും കേൾക്കുന്നുണ്ട്.

എന്റെ ചിന്തകൾക്ക് തീ പിടിക്കുന്നുണ്ടായിരുന്നു.
അവനെ കണ്ടെത്തണം. എന്റെ കുഞ്ഞിന്റെ ഭാവി നശിപ്പിച്ചവനോട് പ്രതികാരം ചെയ്യണം. താനില്ലെങ്കിൽ മക്കളും ഭാര്യയും എങ്ങനെ ജീവിക്കും?
ഓരോന്നോർത്ത് നടന്ന് വീടെത്തി.

ഞായറാഴ്ച്ച കാലത്ത് പള്ളിയിലേക്ക് പോകാനായി മക്കള് എഴുന്നേറ്റ് റെഡിയാവാൻ തുടങ്ങുമ്പോഴാണ് “ചാച്ചനിവിടെ വന്നാര്ന്നോ”ന്ന് ചോദിച്ച് ചേട്ടച്ചാര് ഓടിക്കിതച്ച് വന്നത്.

ഞാൻ ചാടിപ്പിടിച്ചെഴുന്നേറ്റ് ചെന്ന് കാര്യം തിരക്കി.
ഇന്നലെ ഏഴാം വളവിൽ വൈകീട്ട് നില്ക്കുന്നത് കണ്ട കാര്യം ഞാനപ്പോൾ ചേട്ടച്ചാരോട് പറഞ്ഞു.

“നീ വേഗം അങ്ങാടിയിലോട്ട് വാ” എന്നും പറഞ്ഞ് ചേട്ടച്ചാര് പോയി.

പിള്ളാരോട് ഇന്ന് പള്ളീല് പോകണ്ട എന്ന് പറഞ്ഞ് ഒരു ഷർട്ടുമെടുത്തിട്ട് ഞാന് ചേട്ടച്ചാർക്ക് പുറകെ വേഗം അങ്ങാടിയിലോട്ട് നടന്നു.

ആളുകൾ അവിടവിടെ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു. ചാച്ചനെ തിരക്കാനായി ഐയ്യങ്കേരിലെ ജോഷിയും വിൻസെന്റും ചേട്ടച്ചാരുടെ കൂടെ പോയി. ഞാനും കിഴുത്താണിലെ ഡേവിസും കൂടി ബൈക്കിലും ചാച്ചനെഅന്വേഷിച്ചിറങ്ങി.
പോകാറുള്ള ഇടങ്ങളിലൊക്കെ ആള് പോയി അന്വേഷിച്ചു. എവിടെയും ചെന്നിട്ടില്ല എന്ന വിവരമാണ് അറിഞ്ഞത്.

പതിനൊന്നു മണിയോടുകൂടി പോലീസിൽ കംപ്ലെയിന്റ് കൊടുക്കാനായി ചെന്നു.

എസ്സൈ സാറപ്പോൾ സ്ഥലത്തില്ലായിരുന്നു. അദ്ദേഹത്തിന്റെ മകനെ കാണാനില്ലാന്നും സാറും കൂട്ടരും അന്വേഷണത്തിലാണെന്നും ഡ്യുട്ടിയിലുണ്ടായിരുന്ന ഒരു സാറ് പറഞ്ഞു.

പരാതി എഴുതി കൊടുത്തിട്ട് ഞങ്ങൾ തിരിച്ചു പോന്നു.

അന്വേഷണം പലവഴിക്കും പിന്നെയും നടക്കുന്നുണ്ടായിരുന്നു.
ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടുകൂടി പോലീസ് വിളിപ്പിച്ചു. ചാച്ചനെ പോലൊരാൾ ഏഴാം വളവിന്റെ താഴെ മരത്തേൽ തൂങ്ങി നില്പുണ്ടെന്നും പറഞ്ഞ്.

ഞാനും ചേട്ടായിം കൂട്ടുകാരും താഴേക്കിറങ്ങിച്ചെന്നു. ഒന്നേ നോക്കിയുള്ളൂ …. വാപൊത്തി കരയാൻ മാത്രേ കഴിഞ്ഞുള്ളൂ. കൂടെ വന്ന പോലീസുകാരനൊരുത്തനും ഡേവീസും കൂടി മരത്തേൽ കയറി കെട്ടഴിച്ച് താഴെ ഇറക്കി. കൈകൾ മുറുക്കി പിടിച്ചാണ് കിടന്നിരുന്നത്. ഇടത്തേ കൈക്കുള്ളിൽ മുറിച്ചെടുത്ത പോലെയുള്ള ചോര ഉണങ്ങിപ്പിടിച്ച ഒരു പുരുഷ ലിംഗം !

എസ്സൈ സാറപ്പോഴും തന്റെ കണ്ടെത്താത്ത മകനെ തിരക്കി നാലുപാടും ചിതറി ഓടുകയായിരുന്നു.

ഷാജി മാരാത്ത്

By ivayana