രചന : തസ്നി ജബീൽ ✍️
വരണ്ടുണങ്ങിയ എന്റെ സിരാതന്തുക്കളിൽ
നീർതുള്ളികളായ് നീ പെയ്തിറങ്ങിയപ്പോൾ
എന്നിൽ മോഹങ്ങൾ വേരുകളാഴ്ത്തി
പ്രത്യാശകൾ തളിരില ചൂടി
സ്വപ്‌നങ്ങൾ മുകുളമായ് വിടർന്നു .
എന്റെ ഓരോ ദലങ്ങളിലും തിളങ്ങുന്ന മുത്തുകളായ്
നീ ചേർന്നിരുന്നപ്പോൾ
തെന്നൽ നമുക്കായ് പാട്ട് മൂളി ,
നിലാവൊരു കമ്പളം തുന്നി ,
നക്ഷത്രങ്ങൾ കണ്ണിറുക്കി
രാവും പകലും പ്രണയക്കുളിരിനാൽ
നമ്മെ പൊതിഞ്ഞു ,ഭൂമിയൊരു പറുദീസയായ് മാറി .
ഊഷരമായ മണ്ണിൽ ഉണങ്ങിയ എന്റെ ചില്ലകൾ
നിന്റെ പ്രണയപ്പെയ്തിനാൽ
എത്രപെട്ടെന്നാണ് പൂത്തുലഞ്ഞ പൂമരമായ്
മാറിയതും പൂക്കളും ശലഭവും ചേർന്നൊരു പുതുലോകം
പിറന്നതും വീണ്ടുമൊരു വസന്തകാലത്തിലെന്നെ കൊണ്ടുപോയതും .
ഇനി നീ പെയ്തൊഴിഞ്ഞാലും
ആ നനവുള്ള ഓർമ്മകളിൽ
വാടാതെ ,കൊഴിയാതെ ,മണ്ണിൽ വേരുകളൂന്നി ചില്ലകളാൽ ആകാശം നോക്കി
ഞാനിവിടെ കാത്തിരിക്കും
വീണ്ടുമൊരു പ്രണയം ചൊരിയുന്ന മഴപ്പെയ്ത്തിനായ് .