രചന : രാജു കാഞ്ഞിരങ്ങാട്✍
തൂക്കണാം കുരുവിയുടെ
കൂടുപോലെ
തൂക്കിയിട്ടൊരു
കൂടുണ്ട് നമ്മുടെയുള്ളിൽ
മനസ്സിൻ്റെ മച്ചിൽ തൂക്കിയിട്ട
പ്രണയക്കൂട്
ചുണ്ടിൻ്റെ ചരിവിലും,
ചുരത്തിലുംവച്ച്
ചുംബനത്തിൻ്റെ പൊള്ളുന്ന
കുളിരിൽ
എത്ര വിയർത്തു വിറച്ചിട്ടുണ്ട് നാം
നിൻ്റെ തൃഷ്ണയുടെ
കൃഷ്ണമണികളിൽ
ആഴമുള്ള ആകാശവും
അലതല്ലുന്ന സമുദ്രവും.
നിൻ്റെ ഗൂഢമായ ചിരിയിലെ
ഗാഢമായ പ്രണയം ഞാനറിയുന്നു
മൗനം കൊണ്ട് നീ തീർത്ത
വാക്കുകളാണ് കവിതകൾ
നാം നമ്മുടെ ഓർമകളെ
ആലിംഗനം ചെയ്തു കൊണ്ടേയി-
രിക്കുന്നു
പ്രണയത്തെ
ചുംബിച്ചു കൊണ്ടും
തൂക്കിയിട്ട തൂക്കണാം കുരുവിയുടെ
കൂടുപോലെയാണ് പ്രണയം
അത് എന്നിൽ നിന്ന് നിന്നിലേക്കും
നിന്നിൽനിന്ന് എന്നിലേക്കും
ആടിക്കൊണ്ടേയിരിക്കുന്നു.