യാസിർ എരുമപ്പെട്ടി ✍
അജു എനിക്കൊരു ടീഷർട്ട് എടുത്ത് തന്നു.
ജ്യേഷ്ഠൻ അനിയന് വേണ്ടി ചെയ്യുന്നതൊക്കെ കടമയാണ്, കടപ്പാടാണ്, ബാധ്യതയുമാണ്…
പക്ഷെ, അനിയനൊരു സ്റ്റാൻഡ് ആകുമ്പോൾ ജ്യേഷ്ഠനെ ഓർക്കുക എന്നത് ചെറിയ കാര്യമേയല്ല…
അജുവിന് എന്നിലേക്ക് നടന്നടുക്കാൻ ടീഷർട്ടിന്റെയല്ല ഒരു മൊട്ടുസൂചിയുടെ പോലും ആവിശ്യമില്ല.. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ഇക്കാക്ക് വേണ്ടി നിലകൊള്ളുക എന്ന കൂടപ്പിറപ്പിന്റെ സ്നേഹത്തിന് അവനെപ്പോഴുമൊരു ഉദാഹരണമാണ്.
ഇടങ്ങേറുള്ള സമയങ്ങളിൽ തീരെ സെന്റിയാവാതെ ഓരോന്ന് ചെയ്ത് തീർക്കും. വലിയ സീനാക്കി ഒരു സെന്റിമെന്റൽ സിറ്റുവേഷൻ ഉണ്ടാക്കുന്നത് തീരെ ഇഷ്ടമില്ലാത്ത കുറച്ചൊക്കെ മുരടനായ ഒരനിയൻ.
കണ്ടപ്പോൾ ഇഷ്ടമായി ഫിറ്റിങ് റൂമിൽ ചെന്ന് ഇട്ട് നോക്കി ബോധിച്ചു തിരികേ വന്നപ്പോൾ റേറ്റ് നോക്കി. കണ്ണ് ബൾബായത് കൊണ്ട് മെല്ലെ അവിടെ വെച്ചു. ഈ കാശുണ്ടെങ്കിൽ ഹാദിക്കും മിലൂനും രണ്ട് ജോഡി വീതം ഡ്രസ്സ് എടുക്കാമെന്ന് മനസ്സില് ആരോ പറഞ്ഞു.
അജു എന്നേ ഒന്ന് നോക്കുക മാത്രം ചെയ്തു.
പുറത്ത് കടന്ന് പെട്ടന്ന് എന്റെ കയ്യിലൊരു കവർ വെച്ചു തന്നു. ഇട്ടു നോക്കിയ അതേ ടീഷർട്ട്. ഒരു സെന്റി സീനിന് തുടക്കമിടുന്ന എന്നേ തടഞ് അവൻ പറഞ്ഞത്..
“ഇഷ്ടായാ ഇഷ്ടായത് എടുക്കെന്നേ… ക്യാഷ് നോക്കീട്ട് കാര്യമില്ല” എന്നാണ്.
ഇവനിങ്ങനെ പക്വതയോടെ എന്റെ എത്രയോ സെന്റിമെന്റൽ രംഗങ്ങൾ മുറിച്ചിട്ടുണ്ടെന്നോ.. ഞാനൊരു സെന്റിമെന്റൽ ജീവിയും അവനേറേ പ്രാക്ടിക്കൽ ആയ മനുഷ്യനുമാണ്.
“ഇക്കാക്കാക്ക് എന്നോടെന്തിങ്കിലും പറയാനുണ്ടോ” എന്നൊരു ചോദ്യം അവനിടക്ക് ചോദിക്കാറുണ്ട്. ഞാനേറെ പിടുത്തം വിട്ട് നിൽക്കുന്ന സമയത്താകുമത്. ആ ചോദ്യം നമ്മളേയും കൊണ്ട് എന്തോരം ദൂരമോടുമെന്നോ, എത്ര തണുപ്പോടെ മൂടുമെന്നോ എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാറില്ല.
അവന് എന്റെ പകുതിയുടെ പകുതി പോലും സുഹൃത്തുക്കളില്ല.. നാലോ അഞ്ചോ പേരിൽ അവന്റെ ബെസ്റ്റ് കൂട്ടുകാരെ ഒതുക്കി നിർത്തും.. ആവിശ്യത്തിന് മാത്രം വെള്ളമൊഴിച്ച് അവയെ എന്നെന്നേക്കുമായി പരിപാലിക്കും.
എല്ലാം പറയാവുന്ന ഒരു കൂട്ടുകാരനെ പറയാൻ പറഞ്ഞാൽ അർദ്ധ ശങ്കക്ക് ഇടയില്ലാത്ത എന്റെ പേര് പറയുന്നത് നിറയേ അറിഞ്ഞിട്ടുണ്ട്. വലിയ ഭാഗ്യമായി ഞാനെന്നും പൊതിഞ് നടക്കുന്ന ക്രെഡിറ്റാണത്.
ഒരേ വയറില് വർഷങ്ങളുടെ വ്യത്യാസത്തിൽ കിടന്നാലും അതേ ചൂടും ചൂരുമാണല്ലോ. കല്യാണമൊക്കെ കഴിഞ് മക്കളും കുടുംബവുമാകുമ്പോൾ വേര് മുറിഞ് പോകുമോ എന്നൊരു ഭയം രണ്ടുപേർക്കിടയിലും ഉണ്ടായിട്ടില്ല. അതിന്റെ കാരണം ഒന്നുകിൽ ഞാനോ അല്ലെങ്കിൽ അവനോ ആണ്.
ഇന്ന് കേട്ടത് അനിയൻ ജ്യേഷ്ഠനേപ്പറ്റി ഏറെ മോശമായി പറഞ്ഞൊരു ഓഡിയോ ആണ്.. ഒറ്റക്ക് കിട്ടിയാൽ തലപൊളിക്കാൻ നിൽക്കുന്നവർ. പെട്ടന്ന് അജൂന്റെ നുണക്കുഴി കാണിച്ചുള്ള ചിരി ഓർമ്മ വരും.
ഞാനും ചിരിക്കും..
റബ്ബ് ഇക്കാക്കയുടെയും അനിയന്റെയും കൈപിടിച്ച് പറഞ്ഞത് നിങ്ങളിനിയും സ്നേഹിക്കണമെന്നാണ്..
അതിന്റെ അർത്ഥം നമുക്കിനിയുമേറെ സ്നേഹിക്കാനുണ്ടെന്നല്ലേ…✨