രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍

കാലംപിഴച്ചതോ,ഹാ പിഴപ്പിച്ചതോ?
ചേലൊത്തതെല്ലാം കെടുന്നുവല്ലോ!
മാരിയായെത്തി കൊറോണയിപ്പാരിനെ,
തോരാത്ത കണ്ണീരിലാഴ്ത്തിടുമ്പോൾ,
ഓരുകയാണുഞാനോരോ നിമിഷവും
നേരിലീ ജീവിതത്തിന്റെ വ്യാപ്തി!
ആരുടെ കൈകളാണായതിൻ പിന്നിലെ-
ന്നാരൊരാൾക്കേ,യിന്നറിഞ്ഞുകൂടാ!
ലോകകമ്പോളം പിടിച്ചടക്കീടുവാൻ,
ലോകത്തെയൊന്നായിക്കീഴടക്കാൻ,
ക്രൂരമനുഷ്യർ സ്ഥിതിസമത്വത്തിന്റെ,
ചോര കുടിച്ചുമദിച്ചിടുന്നോർ,
പാരം കൊടുംചതി ചെയ്തതിൻപിന്നിലെ,
ദാരുണാന്ത്യങ്ങളിന്നെത്ര മന്നിൽ!
സർവവും തച്ചുടച്ചല്ലോ,മനസ്സുകൾ
നിർവീര്യമാക്കിയാ,ഗൂഢതന്ത്രം!
ആവില്ല,പാടേ തുടച്ചുനീക്കീടുവാൻ
ജീവിതമീയുലകത്തിൽ നിന്നും
കേവല ബുദ്ധികൾക്കപ്പുറമീവിശ്വ-
ചേതന മൊട്ടിട്ടുയർന്നുപൊങ്ങും!
ഏതേതുജീവനും മൂല്യവത്താണെന്ന-
തേതേതുകാലവുമോർക്കുകില്ലേൽ,
ചോടുവച്ചോരോന്നു നേടുന്നതൊക്കെയും ,
പാടേവിഫലമായ് മാറുകില്ലേ?
പാവം മനുഷ്യന്റെ ചേതോവികാരത്തെ-
യാവോ,യിങ്ങാരൊരു തെല്ലറിവൂ!
മർത്യമനസ്സുകളൊന്നായ് വിതുമ്പുമ്പൊ-
ഴെത്തിനിൽക്കുന്നതെവിടെ നമ്മൾ?
ഈടുറ്റ ബന്ധങ്ങളെല്ലാംതകർന്നടി-
ഞ്ഞീടുവയ്പ്പെന്തുണ്ടു ബാക്കിമുന്നിൽ!
കാലം തിരുത്തിക്കുറിക്കാതിരിക്കുമോ,
കാലേ നിഗൂഢമാ,സൂത്രവാക്യം?
ആരൊരു വാളിനുമൂർച്ചകൂട്ടുന്നുവോ;
ആ വാളിനാലവർ വീണൊടുങ്ങും
ഇപ്രപഞ്ചത്തിൻ നിയതിയെ വെല്ലുവാ-
നൽപ്പമിന്നാർക്കാനുമായീടുമോ!
ഏതുദിക്കിൽ തിരിഞ്ഞൊന്നു നോക്കീടിലും,
ആധിയും വ്യാധിയുമല്ലോകാൺമൂ!
എത്ര ദയനീയമെത്ര ദയനീയ-
മത്ര,യീജീവിത നൊമ്പരങ്ങൾ!
കാലംപിഴച്ചതല്ലല്ല,പിഴപ്പിച്ച-
താലംബമൊന്നിനേമാത്രമാക്കാൻ!
ഘോരാഗ്നി കോരിയെറിഞ്ഞവരോർക്കുക,
തീരില്ലതിൻപക,മാറ്റൊലിയായ്,
നാനാ ദിഗന്തങ്ങളിൽനിന്നുമെത്തിടു-
മാ,നൽപുലരിനാം കാത്തിരിപ്പൂ.

ചിത്രം : അവിനാഷ്

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana