രചന : വൈഗക്രിസ്റ്റി ✍

എസ്രയുടെ മകൻ പീറ്റർ എന്ന ഞാൻ
എൻ്റെ പേര് വിട്ട് ,
ശവം എന്ന പേരിലേക്ക് കൂടുമാറുന്ന
നിമിഷത്തിൽ
ഞാൻ എന്തെല്ലാം ഓർക്കും ?
അപ്പൻ്റെ പോക്കറ്റിൽനിന്നും
വൈകുന്നേരങ്ങളിൽ
കിട്ടിയിരുന്ന
ബീഡിമണമുള്ള നാരങ്ങമിഠായി
ഉറപ്പായിട്ടും ഞാൻ ഓർക്കും
ചാണകം മെഴുകിയ തിണ്ണയും
കരിപടർന്ന ചിമ്മിനിവിളക്കും
അമ്മയുടെ വയറിൻ്റെ മുഷിഞ്ഞമണവും…
സെബസ്ത്യാനൂസ് പുണ്യാളൻ്റെ
പെരുന്നാൾ റാസ എൻ്റെ ഓർമ്മയിൽ
കല്ലിച്ചു കിടക്കുന്നു
എസ്തപ്പാനച്ചൻ്റെ ചിരിയും ,
ഉഴുന്നാടവള്ളികളും ,
പെരുന്നാൾ രാത്രിയുടെ മിനുപ്പും…
തീർന്നില്ല ,
വഴിയരികിലെ വലിയ മരം…
മറന്നിട്ടു വേണ്ടേ ഓർക്കാൻ!
എസ്ര തൂങ്ങിയ മരം
ഒരു തൂങ്ങിമരണത്തിലേക്ക്
എന്നും ക്ഷണിക്കുന്ന മരം
ഓർക്കുന്നു …
ഓർക്കുന്നു …
ആകാശത്തിന് താഴെ
ഇങ്ങനെ തൂങ്ങിക്കിടന്നപ്പോൾ
അപ്പനെന്തെല്ലാം ഓർത്തിട്ടുണ്ടാവും ?
അമ്മ മരിച്ച നാലുവയസുകാരനെ
ഓർത്തിരിക്കുമോ എന്തോ !
നേരം പുലരുന്നു ,
ഇനിയുമോർമ്മകൾ തിങ്ങിക്കൂടുന്നു
ഓർമ്മകളുടെ ഭാരം കൊണ്ടാവുമോ
മരച്ചില്ലയിൽ ഞാന്നു കിടക്കാൻ
പറ്റാത്തത് ?
കഴുത്തിലെ തൊലി പൊളിഞ്ഞ്
കുരുക്ക് ,
ചെവിയോളമെത്തിയിരിക്കുന്നു
വലതുതോളിൽ ,
ഒരു കാക്ക വന്നിരിപ്പുണ്ടെന്ന്
തോന്നുന്നു
ചാഞ്ഞും ചരിഞ്ഞും ഭൂമിയെ നോക്കുന്നതെനിക്കറിയാം
ആരെല്ലാമോ മരത്തിന് താഴെ വന്നിരിക്കുന്നു
പീറ്റർ …
എസ്രയുടെ മകനേയെന്ന്
വിളിക്കുന്നതാരാണ് ?
ഓർമ്മയിലേക്ക്
ഒന്നും വരുന്നില്ലല്ലോ
ഇനിയിങ്ങനെ തൂങ്ങിക്കിടക്കാൻ വയ്യ
ആരെങ്കിലുമൊന്നിറക്കിക്കിടത്തിയിരുന്നെങ്കിൽ !
പീറ്റർ …
പീറ്റർ …
അല്ല , ഞാൻ പീറ്ററല്ല…
ശവമാണ്
കനത്തു തൂങ്ങുന്ന ശവം.

വൈഗക്രിസ്റ്റി

By ivayana