രചന : ശ്രീകുമാർ എം പി✍

യദുകുലനാഥ
യാദവകുമാര
യമുനാതീരവിഹാരി കൃഷ്ണ

കാറൊളിവർണ്ണാ നിൻ
കദനങ്ങളാണൊ
കരൾ കവരുന്ന വേണുഗാനം

മാധവ നിന്നുടെ
മയിൽപ്പീലി പോലും
മങ്ങാത്ത ദു:,ഖത്തെ മായ്ക്കയാണൊ

സോദരരാറിനേം
കംസൻ വധിച്ചതിൻ
താപം തണുക്കാതെ പിറന്നു ഭവാൻ

കദനമുറഞ്ഞു
അമ്മയുമച്ഛനും
കൽത്തുറുങ്കിലല്ലൊ ജനിച്ചനേരം

രാവിൽ പേമാരിയിൽ
പ്രാണരക്ഷയ്ക്കായി
കടത്തുന്ന പൈതലങ്ങല്ലയൊ

ദൈവമെ ! ശൈശവം
പിന്നിടും നാൾകളിൽ
ജീവന്നപായങ്ങളെത്രവന്നു !

മാധവ താവക
പുഞ്ചിരിയൊക്കെയും
മാലിനെ മാറ്റിയ മായകളൊ !

ഗാന്ധാരിയെന്നപോൽ
ശാപങ്ങളേകുവാ-
നെത്രപേരുണ്ടാകാം ദു:ഖിതരായ്

എത്രമേലുണ്ടിനി
എണ്ണിയാൽ തീരില്ല
അച്യുത,നിൻ ധർമ്മസങ്കടങ്ങൾ !

വിശ്വപ്പൊരുളാകും
വിശ്വത്തിൻ നാഥനും
വിശ്വനിയമ വിധേയനല്ലൊ

സുഖദു:ഖങ്ങളിൽ
ഭേദമറിയിയ്ക്കാ
ഭഗവത് മാനസമാരു കണ്ടു !

പ്രപഞ്ചപ്രയാണ
മറിയുന്ന ദേവനെ
പ്രേമസ്വരൂപനെയാരു കണ്ടു !

ഈശ്വരാ ! ജീവിത
മെത്ര കഴിഞ്ഞാലാ
ശാശ്വതകാന്തിയെ കണ്ടറിയാം !

അളക്കുവാനില്ലാ
യളവുകോലെങ്ങും
ആദിമധ്യാന്തങ്ങൾ കണ്ടറിയാൻ !

ആകുന്ന പോലതു
പാടി വണങ്ങുവാ-
നാകണം ദേവയീ നാവിനെന്നും.

ശ്രീകുമാർ എം പി

By ivayana