രചന : ശിവൻ മണ്ണയം.✍

ആ അതിമനോഹരമായ പ്രഭാതത്തിൽ ഉണ്ണിയുടെ ഭാര്യ അവളുടെ വീട്ടിലേക്ക് ഒരു ഹ്രസ്വസന്ദർശനത്തിനായി പോയി.
ഉണ്ണി സങ്കടം കടിച്ചമർത്തി പിറുപിറുത്തു: സന്തോഷം..!

ഭാര്യ പടിയിറങ്ങിതും മി.ഉണ്ണി അവളഴിച്ചു വച്ചിട്ട് പോയ കിരീടം ഗർവ്വോടെ എടുത്ത് തലയിൽ വച്ചു. ഇനി ഞാനാണിവിടത്തെ രായാവ്.ഒരേയൊരു രായാവ്..!
ഉണ്ണി ചിന്തിഛു:ഭാര്യയില്ലാത്ത വീട് ഹാ.. അത് എത്ര സ്വതന്ത്ര്യശൂന്യ വിശാലമാണ്. എത്ര മനോഹര മൃദുമന്ദസ്മേരമാണ്! സന്തോഷം കൊണ്ട് ഉണ്ണി ഹാള് മുതൽ അടുക്കളവരെ കിടന്നുരുണ്ട് സ്വാതന്ത്ര്യം ആഘോഷിച്ചു.

ഝടുതിയ വിറക്പുരയിലേക്ക് ഓടിപ്പോയ ഉണ്ണി അവിടെ ഒളിപ്പിച്ച് വച്ചിരുന്ന മദ്യക്കുപ്പിയുമെടുത്ത് ഒറ്റച്ചാട്ടത്തിന് വീട്ടിനകത്തേക്ക് കയറി.
അകത്ത് കയറിയ ഉണ്ണി ,ജനലിൻ്റെ വിടവിലൂടെ തൻ്റെ പ്രവർത്തി ആരെങ്കിലും കണ്ടോ എന്ന് പരിശോധിച്ചു.ഭാര്യ ഇവിടെ ഇല്ലെങ്കിൽ അയൽവക്കത്തെ പെണ്ണുങ്ങളുടെയെല്ലാം കണ്ണ് ഇവിടത്തന്നെയാണ്. ഭൂലോകനുണച്ചികളാണ് ചുറ്റിനും.ഇവിടെ നടക്കുന്ന കാര്യങ്ങളൊക്കെ ഒന്നിനൊമ്പതാക്കി ഭാര്യ വരുമ്പോ പറഞ്ഞു കൊടുക്കും. നാശങ്ങൾ! ഭാര്യ ഇവറ്റകൾക്ക് ശമ്പളമോ മറ്റോ കൊടുക്കുന്നുണ്ടോ എന്തോ!

ജനലും വാതിലുമൊക്കെ അടച്ച്, ദൈവത്തിനെയൊക്കെ പ്രാർത്ഥിച്ച് ഉണ്ണി മദ്യപാനം ആരംഭിച്ചു.നാല്പത് വയസിൽ പെണ്ണുകെട്ടിയവൻ്റെ ആദ്യരാത്രിപോലെ പിന്നെയവിടെ നടന്നത് ഉണ്ണിയും മദ്യവുമായുള്ള ഒരു മല്ലയുദ്ധമായിരുന്നു. ആർത്തിമൂത്ത ഉണ്ണി മടമടാന്ന് കുറേ മദ്യം അകത്താക്കി.

മദ്യം തലക്ക് പിടിച്ചപ്പോൾ ഉണ്ണി സ്വയം ഉപദേശിച്ചു: ഡാ ഉണ്ണീ.. നീ ഒരുപാട് കുടിക്കരുത്. നാളെ രാവിലെ അഞ്ച് മണിക്ക് ബസ്റ്റാൻഡിലെത്തേണ്ടതാണ്. അഞ്ചരമണിക്കുള്ള മണ്ടൻകുന്ന് ബസില് ഡ്യൂട്ടിക്ക് കയറേണ്ടതാണ് ഉപദേശം അവസാനം ദയനീയമായ :.ഒരുപാട് കുടിച്ചാ നീബോധംകെട്ട് ഉറങ്ങിപ്പോകും.. ഉണ്ണി.. സൂക്ഷിക്കണേ.. ഉണ്ണീ..
ആത്മോപദേശം തുടരുന്ന നിതൊടുവിൽ കുപ്പി യാദൃശ്ചികമായി കാലിയായി.മദ്യത്തെ സ്നേഹപരിമളത്തോടെ സ്വീകരിച്ചാനയിച്ച ഉണ്ണി, താൻ കടലിന്നഗാധതയിലേക്ക് പതിച്ചോ എന്ന് ഉണ്ണി സംശയിച്ചു.നാലുവശത്ത് നിന്നും വെള്ളം അതിശക്തമായ മർദ്ദം പ്രയോഗിക്കുകയാണ്. നേരെ നില്ക്കാൻ കഴിയുന്നില്ല. ബാലൻസ്കിട്ടുന്നില്ല.

തല ഒടിഞ്ഞ് തൂങ്ങിക്കിടക്കുന്നു. കണ്ണിൽ മീനുകൾ കൊത്തുന്നു. കസേരയിൽ നിന്ന് എഴുന്നേല്ക്കാൻ നോക്കുമ്പോ അടിയൊഴുക്കിൽ പെട്ട് തലയടിച്ച് വീഴുന്നു. കയ്യിലിരുന്ന കാശ് കൊടുത്ത് …. തനിക്കിതിൻ്റെ വല്ല ആവശ്യവുമുണ്ടാരുന്നോ?! ഉണ്ണി ചിന്തിച്ചു പോയി. വല്ലവിധേനെയും കുറച്ച് ആഹാരവും കഴിച്ച് ഉണ്ണികട്ടിലിലേക്ക് പതിച്ചു.പിന്നെ ഒന്നും ഉണ്ണിക്ക് ഓർമ്മയില്ല. ഇരുട്ട്.. അനന്തവും അനാദിയുമായ ഇരുട്ട്!

അടുത്തുള്ള അമ്പലത്തിൽ നിന്നുമുള്ള കൗസല്യാസുപ്രഭാതം കേട്ടാണ് ഉണ്ണി ഞെട്ടി ഉണർന്നത്. ദൈവമേ ഇത്രേം പെട്ടെന്ന് നേരം വെളുത്തോ?! ഉണ്ണി ആധികൊണ്ടു ചുട്ടു പൂത്തു.ഉണ്ണി ക്ലോക്കിൽ നോക്കിയപ്പോ സമയം ആറ് മണി. അഞ്ചരക്കുള്ള ഫസ്റ്റ് ബസില് ഡ്യൂട്ടിക്ക് കേറേണ്ടവനല്ലേ താൻ .. സ്റ്റേഷൻ മാസ്റ്റർ തന്നെ ഇന്ന് വെടിവച്ച് കൊല്ലും..
ഉണ്ണി ചാടിയെണീറ്റു ധൃതിയിൽ കുളിക്കാൻ കയറി.അപ്പോഴും ചിന്തകൾ അന്തവും കുന്തവുമില്ലാതെ തലക്കകത്ത് തേനീച്ച കൂട്ടങ്ങളെപ്പോലെ മൂളി പറന്നു ഉണ്ണിയുടെ സ്വസ്ഥത കെടുത്തി.

താൻ ഇന്നലെ പകൽ 12 മണിക്കാണല്ലോ കിടന്നത്.തുടർച്ചയായ 18 മണിക്കൂർ താൻ കിടന്നുറങ്ങിയോ. എന്തൊരുറക്കമായിരുന്നു ഈശ്വരാ! ഇങ്ങനെ ഒരു മനുഷ്യന് ഉറങ്ങാൻ പറ്റുമോ? വൈകിട്ട് നാല് മണിക്ക് എഴുന്നേറ്റ് വേറൊരു കുപ്പി വാങ്ങാൻ പോണമെന്ന് താൻ ഉദ്ദേശിച്ചിരുന്നതാണല്ലോ. അതെന്താ എഴുന്നേല്ക്കാൻ പറ്റാതിരുന്നത്? ഭാര്യയുടെ ശാപമാണോ? ഭാര്യ ഇപ്പോൾ, രാവിലെ ,,എട്ട് മണിക്ക് വരും.അതിന് മുമ്പ് ഇവിടെ നിന്ന് സ്ഥലം വിട്ടില്ലെങ്കിൽ കള്ളമെല്ലാം പൊളിയും .അഞ്ച് മണിക്ക് ഡ്യൂട്ടിക്ക് പോണമെന്ന് ഉത്തരവിറക്കിയിട്ടല്ലേ അവളിന്നലെ പോയത്. അവൾ വരുമ്പോ തന്നെയിവിടെ കണ്ടാൽ പാവം ഭാര്യ കൊലക്കുറ്റത്തിന് ജയിലിൽ പോവേണ്ടിവരുമല്ലോ. ദൈവമേ ഷേവിങ്ങ് ക്രീം എടുത്താണോ താൻ പല്ല് തേച്ചത്? വെപ്രാളം മൂത്ത് തനിക്ക് വട്ടായോ?

അമ്പലത്തില് അതിരാവിലെ കൗസല്യ സുപ്രഭാതം ഇട്ടത് നന്നായി. അത് കേട്ടില്ലായിരുന്നെങ്കിൽ താനിപ്പോഴും നിദ്രതൻനീരാഴിയിൽ നീന്തിത്തുടിച്ചു കൊണ്ടിരുന്നേനെ. അമ്പലമേ നന്ദി.. കൗസല്യ സുപ്രഭാതമേ നന്ദി. അമ്പലങ്ങളുടെ പ്രാധാന്യം ഇന്നാണ് മനസിലായത്. അമ്പലങ്ങൾ ഇനിയും ഉയരട്ടെ.

കുളിമുറിയിൽ നിന്ന് പുറത്തേക്ക് ചാടിയ ഉണ്ണി മേശമേൽ ഇരിക്കുന്ന കാലിക്കുപ്പിയും ഗ്ലാസും കണ്ട് നടുങ്ങി. ദൈവമേ ഇതൊക്കെ ഒതുക്കി വയ്ക്കാതാണോ താൻ കുളിക്കാൻ പോയത്! താനെന്തൊരു മഠയനാണ്! ഇപ്പോൾ ഭാര്യ കയറി വന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ.ഉണ്ണി അതിദ്രുതം കാലിക്കുപ്പിയെടുത്ത് തൻ്റെ ബാഗിലിട്ടു.പോകുന്ന വഴിക്ക് വലിച്ചെറിയാം ..

പെട്ടെന്ന് ഒരുങ്ങി പുറത്തിറങ്ങിയപ്പോഴാണ് ഒരു കാര്യം ബോധ്യമായത്, അണ്ടർവെയർ ഇടാൻ മറന്നു. അണ്ടർവെയർ ഇടാഞ്ഞാൽ എന്തെങ്കിലും താഴെ വീണുപോകുമെങ്കിൽ അങ്ങ് പോട്ടെ. അല്ല പിന്നെ!

ധൃതിയിൽ ജംഗ്ഷനിലേക്ക് നടക്കുന്നതിനിടയിൽ പലരും അവരുടെ വീട്ടിൽ നിന്ന് എത്തി ഉളിഞ്ഞു നോക്കുന്നതും ചിരിക്കുന്നതും കണ്ടു.ഇവറ്റകൾക്ക് ഉറക്കവുമില്ലേ.താനിന്നലെ കുടിച്ചത് ഈ കള്ളപ്പരിഷകൾ അറിഞ്ഞു കാണുമോ?
താൻ ഒറ്റക്ക് വീട്ടിലുള്ളപ്പോ അയലത്തെ വനജ തേയില വെള്ളം വേണോ അണ്ണാ എന്നും ചോദിച്ചോണ്ട് വരവ് പതിവാ. തന്നെ ചെക്ക് ചെയ്യാനും ന്യൂസ് പിടിക്കാനും വരുന്നതാണ്. താനിന്നലെ ബോധംകെട്ട് കിടന്നപ്പോൾ വനജവന്ന് വിളിച്ചാരുന്നോ? ചിലപ്പോൾ വിളിച്ചു കാണും.

താൻ വാതില് തുറക്കാത്തതിൽ എന്തെങ്കിലും സംശയം തോന്നിക്കാണുമോ വനജ ക്ക്.എന്തൊക്കെയാണ് ഇന്നലെ നടന്നതെന്ന് ഒരു പിടിയുമില്ലല്ലോ.ഇന്നലെ രാത്രി വീട്ടിൽ ലൈറ്റും ഇട്ടില്ല. എങ്ങനെ ഇടാനാണ്. താനിപ്പഴല്ലേ എഴുന്നേറ്റത്.ഭാര്യ വരുമ്പോൾ എല്ലാരും കൂടി എന്തൊക്കെയാണാവോ പറഞ്ഞു കൊടുക്കുന്നത്.ഇന്ന് വൈകിട്ട് താൻ വീട്ടിൽ വരുമ്പോ എൻഐഎ യും ഇഡിയും കസ്റ്റംസും എല്ലാം ചേർന്ന് ചോദ്യം ചെയ്യലോട് ചോദ്യം ചെയ്യലായിരിക്കും. മണിക്കൂറുകൾ മുന്നിലുണ്ടല്ലോ. കൗസല്യസുപ്രഭാതം കേല്പിച്ച് തന്നെ എഴുന്നേല്പിച്ച ദൈവം എന്തെങ്കിലും ഒരു ബുദ്ധി പറഞ്ഞ് തരാതിരിക്കില്ല.

പോകുന്ന വഴിക്ക് ഉണ്ണി ഒരു കാര്യം ശ്രദ്ധിച്ചു.നേരം വെളുക്കുന്നതിന് പകരം കൂടുതൽ ഇരുളുകയാണ്.മഴക്കോളായിരിക്കും. കൗസല്യാ സുപ്രഭാതം കൂടുതൽ ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. ജംഗ്ഷനിൽ ചെന്ന് നിന്നാൽ ഏതെങ്കിലും വണ്ടി കിട്ടും. പെട്ടെന്ന് വെഞ്ഞാറമൂട്ടിലെത്തിയാൽ സ്‌റ്റേഷൻ മാസ്റ്ററുടെ കൈയും കാലും പിടിച്ച് ഏഴരക്കുള്ള ബസിൽ ഡ്യൂട്ടി ഒപ്പിക്കാം. ഡ്യൂട്ടി കിട്ടിയില്ലെങ്കിൽ വലിച്ച്! തിരികെ വീട്ടിൽ ചെല്ലുമ്പോ കോളായിരിക്കും! ദൈവമേ അങ്ങനെ സംഭവിക്കരുതേ!
ജംഗ്ഷനിലെത്തിയപ്പോ അവിടെ കനകൻ നില്ക്കുന്നു. എങ്ങോട്ടാ ഈ രാത്രീല് ..? കനകൻ ചോദിച്ചു.

രാത്രിയിലോ..?ഉണ്ണി അമ്പരന്നു. ഈ കോവിഡ് കാലത്തും ഇവനൊക്കെ എവിടന്നാണാവോ കഞ്ചാവ് കിട്ടുന്നത്. ഉണ്ണി സ്വയം ചിരിച്ചു.
പിന്നെ രാത്രിയല്ലാത പകലാ …? കനകൻ ഗൗരവത്തിലാണ്.
രാവിലെ എന്നെ ദേഷ്യം പിടിപ്പിക്കാതെ പോ കനകാ.. ഉണ്ണിക്ക് ദേഷ്യം വന്നു.
കനകൻ ഉണ്ണിയെ സംശയത്തോടെ നോക്കിയിട്ട് പറഞ്ഞു: രാവിലേ ..? അളിയൻ സ്വബോധത്തിലാണാ..?
ഉണ്ണി മിണ്ടിയില്ല.

അളിയാ ഇപ്പോ സമയം 6.30 pm.കനകൻ മൊബൈല് കാട്ടി പറഞ്ഞു: ഇപ്പോ രാത്രിയാണ് ..
അപ്പോ കൗസല്യാ സുപ്രഭാതം കേൾക്കുന്നതോ..?ഉണ്ണി അവിശ്വസനീയത പ്രകടിപ്പിച്ചു.
ആ.. അതൊന്നും എനിക്കറിഞ്ഞൂട.. കനകൻ പിറുപിറുത്തു കൊണ്ട് നടന്നു പോയി. കനകൻ പോയതും ആകാശത്ത് ചന്ദ്രൻ ഉദിച്ചു. ചന്ദ്രനെക്കണ്ട ഉണ്ണി വാ പൊളിച്ച് ഇങ്ങനെ പുലമ്പി: യെസ് ഇത് രാത്രിയാണ് ..!

പിന്നെ ഇന്ദിരാഗാന്ധിയുടെ പട്ടാളം സുവർണ്ണ ക്ഷേത്രത്തിലേക്ക് ഇരച്ചുകയറിയതു പോലെ ,നാട്ടിലെ ക്ഷേത്രത്തിലേക്ക് ഒറ്റക്കയറ്റമായിരുന്നു ഉണ്ണി. മൈക്ക് സെറ്റ് കൈകാര്യം ചെയ്യുന്ന സരസനെ ഹിരണ്യകശിപുവിനെ നരസിംഹമെന്നപോലെ കടിച്ചുകീറുമ്പോൾ ഉണ്ണി അലറി: കൗസല്യാസുപ്രഭാതം അതിരാവിലെയാണ് അല്ലാതെ രാത്രിയിലല്ല പ്ലേ ചെയ്യേണ്ടത്. കേട്ടോടാ ക്ഷേത്രാചാരങ്ങളറിയാത്ത സനാതനധർമ്മവിരോധീ …

ശിവൻ മണ്ണയം

By ivayana