രചന : ടി.എം. നവാസ് വളാഞ്ചേരി .✍
തൂക്കമൊപ്പിക്കാനുള്ള തിരക്കിൽ തൂക്കുകയറിലേക്കുള്ള യാത്രയിലാണ് മലയാളി . മോഹിപ്പിക്കുന്ന വാഗ്ദാന പെരുമഴയുമായി വായ്പ സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചു
പൊന്തുമ്പോൾ കൂമ്പടഞ്ഞ് കൂട്ടമരണത്തെ പുൽകുന്ന കെട്ട കാലത്തിന്റെ നേർക്കാഴ്ച ….
കുരുക്കുകൾ വിൽപനക്ക് (കവിത)
നാളേറെയോടി പുറം നാട്ടിലൂടവൻ നാടിതിൽ വെച്ചൊരു കൊച്ചു വീട് .
നെട്ടോട്ടമോടിയി ഭൂമിയിൽ പല വഴി ജീവിതം പറ്റെ മറന്നവനായ്.
ചാഞ്ഞു കിടക്കുമാ വൻ മരത്തിൽ കേറി പാതിയും മക്കളും ഉല്ലസിച്ചു.
അയലത്തെ വീടിന്റെ മേൻമകൾ ചൊല്ലീട്ട്
പാതി പരിഭവം ചൊല്ലിയപ്പോൾഗതികിട്ടാതോടിയാ
തൂക്കമൊപ്പിച്ചിടാൻ വായ്പ തൻ പേപ്പറും കയ്യിലേന്തി.
കോട്ടിട്ട് സ്യൂട്ടിട്ട് പഞ്ചാര വാക്കോതി ഒപ്പേറെ പേപ്പറിൽ വാങ്ങി വെച്ചു
പുത്തനാം നോട്ടിന്റെ കെട്ടുകളൊന്നായ് സ്നേഹമാൽ കയ്യതിൽ വെച്ചു തന്നു.
തകൃതിയായ് വീടത് മോടി പിടിപ്പിച്ചു മതിലൊന്ന് പണിതത് കേമമാലെ.
പാതി തൻ കണ്ണ് വിടരാതെ കണ്ടപ്പോ
കാരണമൊന്ന് തിരക്കിയപ്പോൾ.
ദുഖമാലോതിയി കാറിത് പോരെന്ന് വീടതിൻ മേൻമ കുറഞ്ഞ് പോകും.
ജോലിതൻ ക്ലേശവും പണമതിൻ പ്രശ്നവും പാതിയെ പതിയെ ഉണർത്തിയപ്പോൾ.
പണമൊക്കെ വായ്പയായ് കിട്ടും സുലഭമായ് കാറിതു മാറ്റണം സ്നേഹമുണ്ടേൽ .
അയലത്തെ വീട്ടിലെ കാറൊന്നു ചൂണ്ടീട്ട് ഇതിലും മികച്ചത് വേണമെന്നായ്.
ഫോണിൽ വിളിച്ചതും ക്ഷണമതാ സ്യൂട്ടിട്ട്
സുമുഖനാം കോമളൻ മുന്നിലെത്തി.
ശകടത്തിൻ മേൻമകൾ ചൊല്ലി പറഞ്ഞവൻ ചിത്രങ്ങൾ മുന്നിൽ നിരത്തിയിട്ടു.
പാതിയും പുത്രനും ആവേശമാലെയാ കാറതിൻ മേൻമകൾ ചൊല്ലി കാതിൽ .
ഒട്ടേറെ പേപ്പറിൽ ഒപ്പ് വാങ്ങിച്ചവർ പുത്തനാം കാറത് നൽകി വേഗം.
ഓരോരൊ മാസവും തീയതി തെറ്റുമ്പോൾ വായ്പ
തന്നടവിനായ് വിളികൾ വന്നു.
വായ്പ തൻ കാറ്റതിൽ വൻമരം ശക്തമായ് ആടിയുലഞ് തുടങ്ങിയപ്പോൾ.
കയറത് ഓരോന്നെടുത്തെറിഞ്ഞു അവർ
മരമതിൻ കൊമ്പിനെ ലക്ഷ്യമാക്കി.
കൊമ്പത് ഓരോന്ന് വെട്ടി
മാറ്റുമ്പോളും ആരുമേ വന്നില്ല കൈപിടിക്കാൻ .
നായുണ്ട് സൂക്ഷിക്കാൻ ചൊല്ലിയ ബോർഡതിൽ
ജപ്തി തൻ നോട്ടീസ് പതിച്ച് പോയി.
പുഞ്ചിരി തൂകിയ മാനേജറങ്കിളിൻ സ്വരമൊക്കെ മാറി കടുപ്പമായി.
വാർത്തകൾ മെല്ലെ പരന്നങ്ങു നാട്ടിലും കേട്ടുവോ വൻമരം വീണുവത്രെ.
നല്ലത് ചൊല്ലി യോർ കൂട്ടായി വന്നവർ കൂട്ടമായ് ദൂരെക്ക് മാറിനിന്നു.
കൂട്ടിനടുത്തേക്ക് ചെന്നതുംകൂട്ടത് വെപ്രാളമാലെഅകന്ന് മാറി.
ഓടി നടന്നിടും
നാടതിൻ വിസ്തൃതി പറ്റെ ചുരുങ്ങിയതായി മാറി.
ഓർത്തവൻ അപമാനഭാരത്തിൻ മൂർച്ചയും പരിഹാസ നോട്ടവും ഗദ്ഗദത്താൽ .
കൈകാലടിക്കുവാൻ പോലുമശക്തനായ് വായ്പ തന്നാഴിയിൽ മുങ്ങിയപ്പോൾ
പാതി വന്നോതി ചെവിയിലായ് വേണ്ടയീ ജീവിതം നമ്മൾക്ക് ഇത്തരത്തിൽ
അവസാനയത്താഴമുണ്ണാനായ് പാതിയെ മക്കളെ ചേർത്ത് പിടിച്ച നേരം.
ഏറെ കൊതിച്ചു പോയ് ചേർത്ത് പിടിച്ചിടാൻ ആരേലും ചാരത്തണഞ്ഞുവെങ്കിൽ.
ആരെയും കണ്ടില്ല ഒന്നു തലോടിടാൻ എങ്ങുമെ രാക്ഷസ ചിരികൾ മാത്രം.
നിശ്ശബ്ദമായൊരാ രാത്രിയിൽ പാതിയെ ചൊല്ലി പഠിപ്പിച്ചു ജീവിതത്തെ .
വീണത് വീഴ്ചയായ് കാണാതെ കരുതലിൻപാഠമായ് കണ്ടിടാനോതിഞാനെ.
ഇക്കരെ നിക്കുമ്പോ അക്കരപ്പച്ചയായ് കാണുന്നിടതെക്കിറങ്ങിടാതെ.
നേരറിവിന്നെ തിരിച്ചറിവാക്കിടാം അഴിയാ കുരുക്കൊന്നഴിച്ചു മാറ്റാം.
ജീവനതേകിയ നാഥനുണ്ടെപ്പൊഴും വീഴ്ചയിൽ കാവലായ് കൈ പിടിക്കാൻ .