രചന : വത്സല ജിനിൽ ✍

കുളിയൊക്കെ കഴിഞ്ഞ്,കഴുകിയ തുണികൾ വിരിക്കാനായി ഭാരോദ്വഹനത്തിൽ പങ്കെടുക്കുന്ന കായികാതാരത്തെപ്പോലെ ബക്കറ്റും ചുമന്നു കൊണ്ട് മുകളിലേയ്ക്ക് ചെന്നപ്പോഴാണ്,കുറച്ചു മാറി,ഏറെനാളായി അടച്ചിട്ടിരുന്ന പഴയ ഓടിട്ട വീടിന്റെ പൂമുഖത്ത് കുഞ്ഞിനെയും തോളത്തിട്ട് നീണ്ടുമെലിഞ്ഞൊരു പെൺകുട്ടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടത്.


തെല്ല് കൗതുകത്തോടെയതും നോക്കി സന്തോഷിച്ചു,ഭൂതകാലവും അയവിറക്കി തുണി വിരിക്കാൻ മറന്നു ഞാനങ്ങിനെ നിന്നുപോയി.ഇടയ്ക്കെപ്പോഴോ,അവളുടെ കണ്ണുകൾ അപരിചിതമായി എന്നെയും ഒന്ന് നോക്കിയോ. .?എങ്കിലും ചിരിക്കാനോ,സൗഹൃദം കൂടാനോ കഴിയാത്ത അത്രേം അകലങ്ങളിൽ ആയിരുന്നു ഞങ്ങൾ രണ്ടാളും.
ഞാനിവിടെ നിന്നും സൗഹൃദത്തോടൊന്ന് ചിരിച്ചാലോ,എന്തെങ്കിലുമുറക്കെ ചോദിച്ചാലോ അവൾക്ക് കേൾക്കാനാകില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് :

ആ സായഹ്നത്തിൽ,
ഒറ്റയ്ക്ക് പറന്നു പോകുന്ന പക്ഷിക്ക് പിന്നാലെ കൂട്ട് പോയും,,
ആകാശത്തിന്റെ വൈവിധ്യഭാവങ്ങൾ നോക്കിയും,ഞാനങ്ങിനെ നിന്നെങ്കിലും
എന്റെ ശ്രദ്ധ മുഴുവനും
ആ അമ്മയിലും,കുഞ്ഞിലുമായിരുന്നു.
ഏറെ നേരം,ക്ഷേമയോടെ കുഞ്ഞിനെയുറക്കാനവൾ
കിണഞ്ഞു ശ്രമിച്ചിട്ടും കഴിയാതെ,
കാല് കഴച്ചിട്ടാകണം,, അടുത്ത് കണ്ട തടികസേരയിൽ പോയിരുന്നു.

കുഞ്ഞിന് പാൽക്കുപ്പി കൊടുത്തു കൊണ്ടിരുന്നു.ഇടയ്ക്കിടെ മറുകൈയിലിരുന്ന തോർത്ത്‌ വീശി,ശല്യം ചെയ്യാൻ വരുന്ന കൊതുകുകളെ ആട്ടിപ്പായിക്കുന്നുമുണ്ട്.
അപ്പോഴത്തെ,ആ അമ്മയുടെ ഉള്ളിലെ കരുതലും സ്നേഹവും,വിമ്മിട്ടവും,ആകാംക്ഷയും ഒക്കെ,
വർഷങ്ങൾക്കിപ്പുറം നിന്നുകൊണ്ട്,കൊതിയോടെ
ഞാൻ,അവളിൽ എന്നെത്തന്നെ നോക്കിക്കാണുകയായിരുന്നു.

ആ സമയം,കുഞ്ഞിനെയൊന്നു കൈമാറാൻ മറ്റൊരു കാലൊച്ചയ്ക്കായി അവൾ സമയമെണ്ണുന്നത് കൂടി എനിക്ക് കേൾക്കാമായിരുന്നു.
ഇന്നത്തെ ദിവസം,
കുഞ്ഞിന്റെയീ തൊയിരം കെട്ട പിടിവാശി മൂലം,
അവളുടെ എത്രയെത്ര പണികളാവും,
ആ വീടിന്റെ മുക്കിലും മൂലയിലുമായി നിസ്സഹായതയോടെ, പാതിയിൽ മരവിച്ചു കിടപ്പുണ്ടാവുക..?

ഒരുപക്ഷേ അവളിതുവരേം കുളിച്ചിട്ടും കൂടിയുണ്ടാകില്ല.
ഇടയ്ക്കൊരു ശ്രദ്ധ തിരിക്കൽ അടവെന്നോണം കുഞ്ഞ് എന്തൊക്കെയോ വികൃതികൾ കാട്ടി, കരയാൻ തുടങ്ങിയപ്പോൾ,വീണ്ടുമവൾ എണ്ണിറ്റു നടപ്പ് തുടർന്നു.ഒട്ടൊരു പ്രതീക്ഷയോടെ വഴിയിലേക്ക് കണ്ണും നട്ട് കുഞ്ഞിന്റെ പുറത്ത് മൃദുവായി തട്ടിക്കൊണ്ടിരുന്നു.

ആ നേരം അവിടെ അമ്മയേം, കുഞ്ഞിനെയുമല്ലാതെ മാറ്റാരേം ഞാൻ കണ്ടില്ല.
തിണ്ണയുടെ അറ്റത്തായി കേടായൊരു ടീവി,ശരിയാക്കാൻ പൊതുതാത്പര്യമില്ലാത്ത മട്ടിൽ(കോവിഡ് പ്രതിസന്ധിയാകാം ) അസാധുവാക്കി പ്രതിഷ്ഠിച്ചിരുന്നു.
ഇറയത്തു കത്തിക്കിടന്ന ബൽബിന്റെ
മഞ്ഞിച്ച വെട്ടത്തിൽ ആ തുറന്ന പൂമുഖമൊരു നാടകത്തിലെ രംഗപടം പോലെ
ആകർഷകമായി,എനിക്കപ്പോൾ തോന്നി.

മൂന്നാമത്തെ ബെല്ലോട് കൂടി”എന്ന
മധുരശബ്‌ദം മുഴങ്ങുന്ന മാതിരി ;
അവരുടേയാ കാത്തിരിപ്പിനൊടുവിൽ,,
അവളുടെ മനസ്സിന്,മറ്റൊരാൾക്കും, നൽകുവാനാകാത്ത ആശ്വാസത്തിന്റെ സാന്ത്വനവുമായി
ഉദ്ദ്വഗം നിറഞ്ഞ കണ്ണുകളോടെ,,
ആശങ്ക ഒളിപ്പിച്ച മനസ്സോടെ,
അവളേം കുഞ്ഞിനെയും നോക്കി സമാധാനത്തിന്റെ പുഞ്ചിരിയുമായി അയ്യാൾ വരും .

കൈയിലെ സഞ്ചികളിൽ,കുഞ്ഞിനുള്ള ബിസ്‌ക്കറ്റും,പാൽപ്പൊടിയും,പിന്നെ മറന്നു പോകാതെ വാങ്ങിക്കൊണ്ടു വരാൻ,രാവിലെയവൾ കുറിച്ചു നൽകിയ സാധങ്ങളും ഒന്നില്ലാതെ ഒക്കെയുണ്ടാവും.
എത്ര തളർന്നു വന്നാലും,വന്നപ്പാടെയാവളുടെ കൈയിൽ നിന്നും കുഞ്ഞിനെ ഏറ്റുവാങ്ങി,
ഓമനിക്കും,കൊഞ്ചിച്ചു ചിരിപ്പിക്കും,പാൽക്കുപ്പി പിടിച്ചു കൊടുക്കും,തോളത്തിട്ട് മുറ്റത്തൂടെ നടക്കും.

പകൽ മുഴുവൻ കുഞ്ഞിനേം വച്ച് വീട് പണി ചെയ്തു,തളർന്ന അവളപ്പോൾ,,ആ ഒറ്റപ്പെട്ട തുരുത്തിൽ കുഞ്ഞിനെ സുരക്ഷിതമായ കൈകളിൽ കൈമാറിയ സംതൃപ്തിയിൽ ധൃതി പിടിച്ചു തുണികൾ കഴുകി,കുളിച്ചു നനഞ്ഞ മുടി തോർത്തിട്ട് കെട്ടി,അടുക്കളയ്ക്കകത്തു അത്താഴത്തിനുള്ളത് ഒരുക്കുന്ന തിരക്കിൽ പിന്നേം വിയർത്തുകുളിച്ചു
നിൽക്കുന്നുണ്ടാവും…
ഹൃദയം കൊണ്ട്,
ഉള്ളിലെ സന്തോഷത്തിന്റെ അക്ഷയപ്പാത്രങ്ങളിലേയ്ക്ക് കണ്ണും നട്ടങ്ങിനെ…

വത്സല ജിനിൽ

By ivayana