രചന : ആതിര തീക്ഷ്ണം ✍
അടുത്ത ജന്മത്തിൽ
ആരാവണമെന്ന
ചോദ്യങ്ങൾക്ക് മുന്നിൽ
പുഞ്ചിരിച്ച ഒരുത്തരമേ
ഞാൻ കേട്ടതുള്ളു
എനിക്കൊരു ഗൗളി ആയാൽ മതിയെന്ന്.
അതെന്തിനാണ്?
എന്നെ ആക്രമിക്കാൻ
അധിക്ഷേപിക്കാൻ
ഓടിവരുന്നവരുടെ
മുന്നിലേക്ക് വാല് മുറിച്ചിട്ട്
പൊട്ടിചിരിച്ചു കൊണ്ടോടി മറയാൻ..
പലപ്പോഴും ഞാൻ മരിച്ചു
പോയെന്ന് കരുതിയവർക്ക്
മുന്നിൽ പൊട്ടിപ്പോയ
വാലിൻകഷ്ണത്തിനു പകരം
പുതിയത് മുളച്ചെന്ന്
കാണിച്ചോടി തുള്ളാൻ..
അവരുടെ അസത്യങ്ങൾക്ക്
ഞാൻ ചിലച്ചു കൊണ്ട്
സത്യമാണെന്നു തെറ്റിദ്ധരിക്കുന്നവരെ
നോക്കി
വീണ്ടും വീണ്ടും ചിരിക്കാൻ..
അശുഭമായി കാണുന്നവരുടെ
മേൽ
ഒരുളുപ്പുമില്ലാതെ
ഓടിക്കയറാൻ…
മുന്നിൽ വീണാൽ ജീവിതം
കഴിഞ്ഞെന്ന് കരുതുന്നവരുടെ
മുന്നിൽ
വെറുതെ വെറുതെ
വീണുരുളാൻ..
പിന്നെ..
അവരുടെ വീടിന്റെ ഉത്തരം താങ്ങാൻ..
അവരുടെ ചിന്തകൾക്ക്
ശക്തി പകരാൻ..
കൊമ്പ് കുത്തി കോർക്കാൻ
വരുന്ന പാറ്റയെയും പ്രാണിയെയും
തക്കം പാർത്തു നക്കിയെടുക്കാൻ..
ഒരു കൊതു പോലുമില്ലാത്തിടമാക്കി
അവരുടെ പ്രേതാലയം
മാറ്റിയെടുക്കാൻ..
എനിക്കൊരു ഗൗളിയാകണം..
അസത്യങ്ങൾക്ക് മേൽ
ചിലക്കുന്ന
അക്രമങ്ങൾ നേരിടാൻ
വാല് മുറിച്ചോടുന്ന
ഒരു മുട്ടൻ ഗൗളി!
(വാക്കനാൽ)