രചന : Shangal G T ✍

അന്ന്-
വെയില്കൊണ്ട്
മഴകൊണ്ട് നടക്കും ഉടലുകള്‍
വീടെത്തുമ്പോളോര്‍ക്കും
ഉടലാരുടേതെന്ന്..?
കാറ്റ്
അഹംബോധങ്ങളുടച്ച്
എല്ലാം വല്ലാതെ
കൂടികുഴയുന്നല്ലോയെന്ന്..
ചരിത്രമാകെ കൂടികുഴയുന്നെന്ന്..
ബുദ്ധനും ക്രിസ്തുവും കൂടികുഴയുന്നെന്ന്..
ഞാനും നീയും കൂടികുഴയുന്നെന്ന്..
അന്ന്-
വാമനന്‍ ചവിട്ടിതാഴ്ത്തിയ ശിരസ്സ്
കുരിശില്‍ മുള്‍മുടിചൂടിവരും
ആടും ആട്ടിടയനും
ശരീരം വെച്ചുമാറി രസിക്കും
പുഴയും മലയും
കണങ്ങള്‍ പങ്കുവച്ചു കളിക്കും
പ്രതിയെ തൂക്കാന്‍ വിധിച്ച്
നിയമപുസ്തകങ്ങളടച്ച്
ചമയങ്ങളാകെയഴിച്ച്
ന്യായാധിപന്‍
തൂക്കുമരത്തിലേക്കു സ്വയം നടന്ന്
ആരാച്ചാരിലേക്കു മറയും
അഭേദകല്‍പന വായിച്ചെടുത്ത്
ആരാച്ചാര്‍ സ്വയം തൂക്കിലേറി
വിധിക്കടമങ്ങനെ തീര്‍ത്തെടുക്കും…
പ്രതി ആള്‍ക്കൂട്ടത്തിനിടയിലൂടെ
നടന്നും കുശലം പറഞ്ഞും മറയും…!

നിഴല്‍വാക്യം

നാനാര്‍ത്ഥങ്ങളുടെ ഒരു മുഴുവാക്ക്
സ്വയം പൊളിച്ച് പലരീതിയില്‍
ജീവിതം എന്നു വീണ്ടും വീണ്ടും
അടുക്കിയും കളിച്ചും രസിക്കും…..!

By ivayana