രചന : ജയശങ്കരൻ ഒ.ടി. ✍
കവിതയങ്ങനെ പാടി നടന്നു നാം !!!
പുതിയതായ് തളിർ നീളും പിലാശുകൾ,
നിറയെപൂമ്പൊടി താമരയല്ലിയിൽ .
വെയിലിൽ വാടിയ വർണ ലതാളികൾ,
സുരഭിലം ഋതു രാജ സമാഗമം .
കവിതയങ്ങനെ പാടി നടന്നു നാം ,
കുളുർ നിലാവിന്റെ മാഘ സൗന്ദര്യമായ് !!
പത തുളുമ്പി നിറഞ്ഞ തീരങ്ങളിൽ
പ്രിയ തരം കാവ്യ സങ്കല്പകാന്തിയാൽ .
ഇരു സഖാക്കൾ നാം ജീവനിൽ മാദക –
സ്മൃതികളായ് സർഗ്ഗ യാത്ര തുടർന്നവർ .
സമയബോധം മറന്നവർ ജീവിത
ച്ചിറകിലാടി പ്പറന്നു കഴിഞ്ഞവർ .
ഒടുവിലേതോ മരുഭൂമിയിൽ നിന്നു
മൊരു നദി തൻ മരണക്കുറിപ്പുകൾ.
അവിടവിടെ ചതുപ്പുകൾ താഴുന്ന
മണലിടങ്ങളിൽ കൂട്ടക്ഷരങ്ങളായ് .
ചിറകെരിഞ്ഞു പോയ് പിന്നിൽ ഋതുക്കൾ തൻ
പഴയ കാഴ്ചകൾ വീണ്ടെടുക്കുന്ന പോൽ
ചെറിയ കാടുകൾ സാലവൃക്ഷങ്ങൾ പുൽ-
തകിടികൾ പൂത്ത മുള്ളിൻ മുരിക്കുകൾ
അകലെ മിന്നും വഴിയമ്പലങ്ങളിൽ
വലിയ ഗോപുര ച്ചാവടിക്കിപ്പുറം,
ഒരു കലാപം വളർന്നപോൽ വൻ നിഴൽ വിറയലാളുന്ന
കൈയുമായ് അർത്ഥികൾ .
എതിരിൽനീങ്ങും വഴികൾ നിരന്തരം
ചലന വേഗമാർന്നോടും പഥികരിൽ
കഥകൾ തീവ്രമായ് ചൊല്ലുന്നു മൂകമായ്
ബധിര കർണ്ണത്തിൽ സംഗീത സാന്ദ്രമായ് .
-വഴിയിതെങ്ങോട്ടു പോകുന്നു ? കൂടയെ
മലരിൽ മൂടുന്ന ദേശസഞ്ചാരിണി?
-വഴിയിവിടെയുണ്ടെപ്പൊഴും യാത്ര തൻ
പൊരുളറിയാത്ത ശൈശവാഹ്ലാദമേ !!
-ഉലകു കാക്കുമരചനെൻ സ്നേഹിതൻ
ഞൊടിയിലെത്തണം രാജ്യകാര്യത്തിനായ് .
കരുതുമിന്ദ്രനും രാജാവ് , ശിക്ഷയായ്
കഴുവിലേറ്റുന്ന കാലനും ,ആരിവൻ?
-ഇരുവർ യാത്രികർ ക്ഷീണിതർ ഞങ്ങളോ
ടലിവുകാട്ടൂ വയോധികയായ നീ .
-ഇവിടെ യാത്രികർ രണ്ടു പേർ സൂര്യനും
ചന്ദ്രനും നിങ്ങളാരിതിൽ ചൊല്ലു നീ ?
-അരുളണം പൊരുളമ്മ നീയിപ്പൊഴും
വഴിയറിയാത്ത ഞങ്ങൾ കിടാവുകൾ .
-പൊരുളിതാ ജീവിതത്തിന്റെ നാളുകൾ
ക്കൊടുവിൽ മൃത്യു അതു വരെ യാതന .
-പശി വരുന്നവർ ക്കന്നം വിളമ്പണം.
കരുണ വ്യാകരണത്തിനാൽ നൽകി നീ .
-അരുളണം നീരു ദാഹത്തിനായ് കാവ്യ
മധുരസം ധാര ധാരയായ് നൽകി നീ .
-വിദ്യയാൽ മാത്രമുന്നതനാവില്ല
സ്വർണമേ ഗതി കാവ്യങ്ങൾ നിഷ്ഫലം.
വലിയ ദൂരങ്ങൾ പിന്നെയും നീങ്ങി ഞാൻ
നിമിഷ ഹാരങ്ങൾ സ്വർണ സൗഭാഗ്യങ്ങൾ ,
സകലതും തീർന്നനാഥനായ് ഏകനായ്
അലയുമീ രാജധാനിക്കരികിലായ് .
വെയിലിനായിരം നാവും നിഴലുമു
ണ്ടരികെ മൃത്യുവിൻഭീതിയും തേങ്ങലും.
മറവിയും നോവുമൊപ്പം തെരുവിന്റെ
മണവുമായ് വേട്ടനായ്കളും കാക്കയും ..
കവിത പാടിത്തളർന്ന കിളികളേ ,
മരുവിടത്തിലെ കാറ്റിൻ വിലാപമേ,
ഒടുവിലി വാഴ്വിലെല്ലാർക്കുമാശ്രയം
മരണമെങ്കിലും സ്നേഹം പകരുവാൻ –
പശി വരുന്നവർക്കന്നം വിളമ്പണം .
ഒഴുകണം നീരു ദാഹം ശമിക്കുവാൻ ,
വിദ്യയാൽ നേടുകില്ലാരുമുന്നതി,
സ്വർണമെല്ലാർക്കുമെന്നാളു മാശ്രയം.
(മാഘൻ – ശിശുപാലവധം എഴുതിയ മഹാകവി )