രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍

മനുഷ്യനെ ഹാ തേടിനടന്നെൻ,
മനസ്സുചോദിപ്പൂ …!
മനുഷ്യനെക്കണ്ടില്ലൊരിടത്തും,
മനുഷ്യാ,നീയെവിടെ?
ചിലരിൽ കണ്ടേൻ ജാതി,മതപ്പുഴു-
കുത്തിൻസംസ്കാരം!
ചിലരിൽ കണ്ടേൻ രാഷ്ട്രീയപ്പേ-
ക്കൂത്തിൻ സംസ്കാരം!
ചിലരിൽ കണ്ടേൻ പകയുടെ,ചതിയുടെ;
ചളിച്ച സംസ്കാരം!
ചിലരിൽ കണ്ടേൻ കപടതതന്നിരുൾ
വിതച്ച സംസ്കാരം!
മനുഷ്യാ,നീയെവിടെ?പുനരങ്ങനെ;
മനസ്സുചോദിക്കേ,
മനുഷ്യനായൊരു മനുഷ്യൻചൊല്ലി,
മരിച്ചുപോയീഞാൻ!
എവിടുന്നെവിടുന്നീഞാൻ കേട്ടൂ,
ആ ദയനീയസ്വനം?
അറിയില്ലെങ്കിലുമൊരു നിമിഷംകൺ-
മിഴിച്ചുനിന്നേവം,
നിനച്ചുപോയേ,നല്ലെന്നാലും
മനുഷ്യാ,നീയെവിടെ?
ഉടപ്പിറപ്പിൽ കണ്ടില്ലുറ്റ-
സുഹൃത്തിലുമിന്നീഞാൻ
അടുത്തറിഞ്ഞവരടുത്തറിഞ്ഞവ –
രെല്ലാംകാട്ടാളർ !
കാവിയുടുത്തവർ,ളോഹധരിച്ചവർ
കവിവേഷക്കാരിൽ,
തിരഞ്ഞുഞാ,നൊട്ടവരിലുമുണ്ടാ-
മയ്യോ,കാട്ടാളർ!
ഒടുവിൽ ചോദിച്ചൊരുചോദ്യംഞാ-
നെന്നോടായ് സദയം
കവി,നീയെന്തിനുവെറുതെ,യിന്നിതു-
ചോദിപ്പൂസതതം?
സ്വാർഥതമുറ്റിയലോകം കണ്ടോ,
കവിതരചിപ്പൂനീ!
സാർഥകമാകില്ലിങ്ങനെപോയാൽ,
നിന്നുടെയീ,ജൻമം
വമ്പൻമാരുടെ നേർക്കോനിൻവാ-
ക്കമ്പുകളാകുന്നു?
വമ്പൻമാരോടെതിരിട്ടാൽ ഫല –
മോർപ്പൂമുന്നേനീ?
ഞാനൊരു കവിയാണായതുചൊല്ലും
ആരുടെ കൈകൾക്കും
ആവില്ലൊട്ടുതടഞ്ഞീടാനാ-
യെന്നുടെമാർഗ്ഗത്തെ!
ഒരു നവലോക സൃഷ്ടിക്കായി –
പ്പൊരുതീടാത്തോനെ;
കവിയെന്നാരുവിളിച്ചാലും നിജ-
മവനൊരു പടുവിഡ്ഢി!
മനുഷ്യനെ ഹാ! തേടിനടന്നെൻ,
മനസ്സു ചോദിപ്പൂ,
മനുഷ്യനെവിടെ?കണ്ടീലെങ്ങും
ഹതഭാഗ്യൻ കവി,ഞാൻ!

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana