രചന : ഷൈലജ ഓ കെ ✍

“മോനേ…”
ഈ അമ്മ പടിയിറങ്ങട്ടെ….
പരാതികളില്ലാതെ……
പരിഭവങ്ങളില്ലാതെ…
ഇറങ്ങുന്ന വേളയിൽ… നിന്റെ മുറിയുടെ വാതിൽ അല്പം തുറന്നതായി കണ്ടു…. നിനെയൊന്നു കാണാനും…..
നിന്റെ അച്ഛൻ മരിച്ചിട്ടും ഞാൻ വേറൊരു വിവാഹം കഴിക്കാതിരുന്നത് നിനക്കൊരു കുറവും ഉണ്ടാകരുതെന്നു ആഗ്രഹിച്ചത് കൊണ്ടു മാത്രം….
രണ്ടാനച്ഛനായി വരുന്നയാൾ നിന്നെ സ്നേഹിക്കാതെ ഉപദ്രവിച്ചെങ്കിലോയെന്നുള്ള ഭയം….
പലരും നിർബന്ധിച്ചു… മുന്നോട്ടുള്ള ജീവിതത്തിൽ തുണയായി നീ മാത്രം മതിയെന്ന തീരുമാനവുമായി… നിന്റെ വളർച്ച കണ്ടു സന്തോഷിച്ചു…..
നിനക്ക് മൂന്ന് വയസ്സ് ഉള്ളപ്പോഴാണ് ദാസേട്ടൻ നമ്മളെ വിട്ടു പോയത്.
പെട്ടന്ന് ഉണ്ടായ അസുഖം… അത്… എന്റെ സ്വപ്‌നങ്ങളെ തകിടം മറിച്ചു…. ഒന്നും അറിയാത്ത നീ അന്ന് കൈകുഞ്ഞായിരുന്നു.
ദാസേട്ടന്റെ വേർപാട് തീരെ ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല… പെട്ടന്ന് കൂരിരുട്ടിൽ… അകപ്പെട്ടത് പൊലെ….. ശൂന്യത……
എന്ത് ചെയ്യണം……
എങ്ങോട്ട് പോകണം….
ഉത്തരം കിട്ടാതെ പകച്ചു നിന്നു!!
പതിയെ ജീവിതം എന്തെന്ന് മനസ്സിലാക്കുകയായിരുന്നു… സ്വന്തം എന്ന് കരുതിയവർ പിന്തിരിഞ്ഞു നിന്നു…..
എന്റേതെന്നു വിശ്വസിച്ചു ആശ്വസിച്ചു… കരുതിയ വീടും വിട്ടു ഇറങ്ങേണ്ടി വന്നു…..
പെരുവഴിയിൽ… എങ്ങോട്ട് പോകണം…. എന്ത് ചെയ്യണം എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ നിർവികാരയായി നിന്നപ്പോൾ………
ദൈവദൂതനെപൊലെ അയാൾ എത്തി…
തന്റെ ഒപ്പം പഠിച്ചിരുന്ന… തന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന.. കൂട്ടുകാരൻ!
രാജീവ്‌ നല്ലൊരു എഴുത്തുകാരനും, അദ്ധ്യാപകനും ആയിരുന്നു. അയാൾ കുടുംബസമേതം ബാംഗ്ലൂർ ആയിരുന്നു താമസം..
കോവിഡ് എല്ലാവരെയും സ്വഗൃഹത്തിൽ ബന്ധനസ്ഥരാക്കിയല്ലോ… രാജീവും കുടുബവും തറവാട്ടിൽ വന്നതായിരുന്നു…
“ഇത്!!…. ഇത് സുജയല്ലേ!!…….”
“നീ എങ്ങോട്ടാണ് കുഞ്ഞിനേയും എടുത്തും “
“മോനാണോ?”
രാജീവിന്റെ തുടരെതുടരെ ഉള്ള ചോദ്യങ്ങൾക്ക്‌ മറുപടി പറയാൻ ആവാതെ മുഖം കുനിച്ചു നിൽക്കുക ആയിരുന്നു…
വീണ്ടും രാജീവിന്റെ സ്വരം…
“ഏയ്‌….. സുജേ… നിനക്കെന്തു പറ്റി?”
“എത്ര സ്മാർട്ട്‌ ആയിരുന്ന നീ……””
“നിന്റെ പ്രസരിപ്പും, ഭംഗിയുമൊക്കെ…………”
“പറയൂ…. നീ ആകെ തളർന്നിരിക്കുന്നല്ലോ “
“ഒന്നുമില്ല രാജീവ്‌ “
പറഞ്ഞു തീർന്നതും പരിസരം മറന്നു പൊട്ടിക്കരഞ്ഞു പോയി…
“സാരമില്ല… വാ… നമുക്ക് എന്റെ വീട്ടിലേക്കു പോകാം “
അറിയാതെ കാലുകൾ രാജീവിനെ പിന്തുടർന്നു..
തന്റെ അവസ്ഥ അറിഞ്ഞപ്പോൾ അവനും ഭാര്യയും ചേർന്ന്.. എനിക്കൊരു ചെറിയ ജോലിയും, താമസിക്കാൻ ഒരു കുഞ്ഞു വീടും തരപ്പെടുത്തി തന്നു.
പിന്നീട് അങ്ങോട്ട്‌ വാശി ആയിരുന്നു…
നല്ല നിലയിൽ നിന്നെ എത്തിക്കാൻ…
ആ പരിശ്രമത്തിൽ രാജീവും ഭാര്യയും ഒപ്പം നിന്നു. ദീപ സ്വന്തം ചേച്ചിയെ പൊലെ സ്നേഹിച്ചു.
ഒരു ഉറുമ്പ് പോലും നിന്നെ വേദനിപ്പിക്കരുതെന്നുള്ള ചിന്ത മാത്രം…
ആകാശത്തിലെ നക്ഷത്രങ്ങളെയും, ചന്ദ്രനെയും, കാണിച്ചു കഥ പറഞ്ഞു നിന്നെ ഊട്ടുമ്പോഴും, ഉറക്കുബോഴും… എല്ലാ സങ്കടങ്ങളും മറന്നു നിർവൃതി കൊള്ളും…. ആ നിമിഷങ്ങൾ!!ഞാൻ അനുഭവിച്ച ആനന്ദം!!!
ഇന്ന് എങ്ങനെയാണ് ആ സന്തോഷം നഷ്ടമായത്?
നീ സ്വയം പര്യാപ്തനായി… വിവാഹിതനും, അച്ഛനുമായി…. ഇതെല്ലാം അമ്മയുടെ ആഗ്രഹം ആയിരുന്നു… ഏറെ സന്തോഷിച്ചു…
പക്ഷേ ക്രമേണ നിന്റെയും, സുജയുടെയും പെരുമാറ്റത്തിൽ കാതലായ മാറ്റം വരുന്നത് പലപ്പോഴും എനിക്കനുഭവപ്പെട്ടു തുടങ്ങി.. നിങ്ങൾക്കു ഞാൻ ബാധ്യതയാകുന്നുവോയെന്നു ചില സംസാരത്തിൽ നിന്നും വ്യക്തമായി…
നിങ്ങൾ പുറത്തു പോയി തിരിച്ചു വരുന്നത് ആഹാരം കഴിച്ചിട്ടായിരിക്കും.. എന്നെപ്പറ്റി ഓർക്കുന്നേയില്ല… ഞാൻ ഭക്ഷണം കഴിച്ചുവോ.. ഉണ്ടായിരുന്നോ എന്ന് തിരക്കാതെ… അമ്മ ഇവിടെ ഉണ്ടോ… എന്ന് പോലും നോക്കാതെ ഉറങ്ങാൻ പോകും… ഉറങ്ങാതെ…. ഇരിക്കുന്ന എന്നെ എന്റെ ദാസേട്ടൻ പറഞ്ഞു….. സമാധാനിപ്പിക്കും…..
അനുക്കുട്ടന്റെ കളിയും ചിരിയും… അതായിരുന്നു ഏക ആശ്വാസം.. പക്ഷേ എന്റെ കുഞ്ഞിനെ പോലും ഓരോ കാരണങ്ങൾ പറഞ്ഞു എന്നിൽ നിന്നും അകറ്റി നിർത്താൻ തുടങ്ങിയത്… എനിക്ക് താങ്ങാൻ ആവുന്നില്ല മക്കളെ….
എന്റെ കുഞ്ഞിന്റെ മുഖം കാണാനായി നിങ്ങളുടെ മുറിക്കരികെ എത്തിയപ്പോൾ….. ഞാൻ ആകെ തളർന്നു….
എന്റെ മകൻ തന്നെയാണോ സംസാരിക്കുന്നത്?
ഒരു വിധം വീഴാതെ പിടിച്ചു നിന്നു… എത്ര നേരം എന്നറിയില്ല..
ഇനിയും നിങ്ങൾക്കൊരു ഭാരമാകാതെ… മാറിത്തരണം എന്ന് തീരുമാനിച്ചു…
നിറക്കണ്ണുകളോടെ….. ദാസേട്ടനെ നോക്കി പോയി….
“ദാസേട്ടാ….”
ശബ്‌ദം പുറത്തു വരാതിരിക്കാൻ തേങ്ങൽ അടക്കി പിടിച്ചു കൊണ്ടു വാതിൽക്കൽ എത്തി.. ഒരു നിമിഷം!!ആ ശബ്‌ദം….. അതെ… തന്റെ ദാസേട്ടൻ….
“സാരമില്ലടോ….. നീ ഇങ്ങു പോരൂ… ഞാനില്ലേ…. അവർ സുഖമായി ജീവിക്കട്ടെ “
ദാസേട്ടാ…..

ഷൈലജ ഓ കെ

By ivayana