രചന : ദീപക് രാമൻ.. ✍

അമ്മേ…
ആത്മസംഘർഷത്താൽ, തണുത്തുറഞ്ഞൊരു
ഹിമശൈലമാ…ണിന്നെൻ്റെ ജീവിതം.
നിൻ്റെ മാതൃതാപത്തിൽ ഉരുകി സ്നേഹവാത്സല്യത്തിൽ
ലയിക്കുവാൻ യാചിച്ചുനിൽക്കും
ഓമൽ കിടാ…വുഞാൻ .

അമ്മേ…
അറിയുന്നു ഞാനിന്ന്, നിൻ
നിറപുഞ്ചിരി പ്രകൃതിയുടെ
സ്ഥായീഭാവമാ…ണെന്നസത്യം.
അമ്മേ അറിയുന്നുഞാൻ
നിഴൽവീണപാതയിൽ ഇരുൾവീണ്
മറയുമ്പോൾ, നേർവഴിതെളിക്കും നിലവിളക്കാണ് നീ…യെന്ന സത്യം.

അമ്മേ…പൊറുക്കുക,
അമ്മയെൻകാതിൽ
ഉരുവിട്ട വേദമന്ത്രങ്ങളിൽ
ആദ്യത്തെ മന്ത്രവും,
അമ്മയെൻ നാവിൽ
ആദ്യമായിറ്റിച്ച തേനുംവയമ്പും അച്ഛനെന്നറിയാതെപോയ
മൂഢനാ…ണീ…മകൻ.

അമ്മേ…
ശപിക്കരുതീ…പാപജന്മത്തിനെ,
എന്റെ മനസ്സിൽ നീറുന്ന ചിതയടങ്ങാതെരിയട്ടെ,
പവിത്രമോതിരമണിഞ്ഞ
വലംകൈയ്യിൽ ഒരുപിടി
അരി വിറപൂ…ണ്ടിരിക്കട്ടെ,
ഉള്ളിലെ കാകൻ ബലി-
ബലിച്ചോറെടുക്കാ…തിരിക്കട്ടെ.

അമ്മേ…
ക്ഷമിക്കുക,ഈ പുത്രനോട്,
ജന്മ-കർമ്മ ബന്ധങ്ങൾ
ഞാൻ മറന്നു പോയതിൽ.
അമ്മേ, നിനക്കുനൽകാൻ
ഇന്നെൻ്റെ കൈകളിൽ
ഇനി ഒരുനുള്ള് പൂവും
ഈ ശാന്തിമന്ത്രങ്ങളും
നിറകണ്ണിൽ നിന്ന്
ഒരുതുള്ളി അശ്രും മാത്രം.

ദീപക് രാമൻ

By ivayana