രചന : അജികുമാർ നാരായണൻ.✍

മുച്ചിലോട്ടിന്റെയഭിമാന താരകം
മുന്നി,ലുച്ചീരയാമൊരു ,അന്തർജ്ജനം
മുജ്ജന്മ സുകൃതത്തിന്നനന്തരമായി
മുക്‌തിതൻ പിറവിക്കറിവായവൾ .

മാതൃനാടിന്റെയാകാശമായവൾ
മാതൃജനങ്ങൾക്ക് പ്രിയപ്പെട്ടവൾ
മന്നിതിലുള്ള വിഷയങ്ങളെല്ലാം
മത്സരിച്ചു പഠിച്ചു , ജയിച്ചവൾ !

മങ്കതന്നറിവിൽ,അസൂയ പടർന്നു ,
മനുഷ്യമനസ്സിലോ വിഷം നുരഞ്ഞു.
മതിയാക്കേണമീ നാരിയെ ,എന്നേക്കും
മതിവരുംവരെ,യപമാനയാക്കണം.

മന:തന്ത്രശാസ്ത്രത്തിലൊന്നിച്ചു കൂടി
മനസ്സിലോ,ആരാധിച്ചനുഗ്രഹമായവർ
മറുശാസ്ത്രവാദ,ചതിപ്രയോഗത്താൽ
മരണത്തിലേക്കു പതിച്ചവൾ ഉച്ചീര !

മന്നിടം തന്നിലെ നോവിൻ രസമെന്ത്?
മറുവാദച്ചൂരൽ പുളച്ചുയർന്നൂ .
മനമൊട്ടു തളരാതെയുത്തരമേകി
മറുതന്ത്രമോടവർ ആർത്തലച്ചു .

മടിക്കാതെ പറയുക, നേരറിയാതെ നീ
മനരസമെങ്ങനെ, യനുഭവിച്ചൂ ?
മാനം വെടിഞ്ഞൊരു മാംസക്കൊഴുപ്പേ
മാന്യയാം നീയും പിഴച്ചതല്ലേ ?

മായാപ്രപഞ്ചത്തിലകപ്പെട്ട പോലവൾ
മരവിച്ച മനസ്സും തനുവുമായി
മാത്രയതൊന്നുമേ ചിന്തിച്ചതില്ല ,
മരണത്തെപ്പുൽകുവാനാഗ്രഹിച്ചു.

മനസ്സും ശരീരവുമൊന്നിച്ചു.ഹോമിച്ചു
മത്സരിച്ചുയർന്നൂ ,അഗ്നിനാളങ്ങളും
മാനസാന്തരങ്ങളിൽ പ്രാർത്ഥനയായി
മാടിവിളിച്ചു , മാനവരൊന്നായി !

മന്ത്രജപങ്ങളിൽ മങ്ങൾ പ്രസാദമായ്
മന്ത്രിച്ചു , തോറ്റമുറപ്പിച്ച ചുവടുകൾ
മണിനാദപ്പെരുമതൻ ചിലങ്കയുമായ്
മണിക്കിണർ താണ്ടി വരുന്നൊരമ്മ!

മണ്ണിലും വിണ്ണിലും,മനസ്സിലുമൊന്നായി
മന്നിടമൊക്കെ നിറയുന്ന ചേതന .
മാനവഗാത്ര,മതിലേക രൂപമായ്
മാറിയൊരീശ്വര ചൈതന്യമേ !

അജികുമാർ നാരായണൻ.

By ivayana