രചന : മംഗളൻ കുണ്ടറ✍
ആദിത്യൻ കുന്നുകൾക്കപ്പുറം
വന്നിങ്ങ്
അരുണോദയാംശുക്കൾ
വർഷിക്കവേ
പലവർണ്ണ മലരുകൾ പുൽകി
സൂര്യാംശുക്കൾ
പരിമളംപേറി മഞ്ഞിൽ-
ക്കുളിക്കേ..
പലകോടി വർണ്ണങ്ങൾ വിതറിയാ-
രശ്മികൾ
പവിഴ നദിയിൽ ചേർക്കും
വിസ്മയങ്ങൾ!
മഴയിലും മഞ്ഞിലുമരുണന്റെ
രശ്മികൾ
മാറി മാറി മെല്ലെ മുത്തമി-
ട്ടൊരുനേരം
മാരിവിൽ വിസ്മയ സപ്ത
വർണ്ണങ്ങളാൽ
മാനത്ത് പലവർണ്ണച്ചാരുത
ചാർത്തുന്നു!
കുയിലമ്മപ്പെണ്ണിനെ മാടി വിളി-
ക്കുവാൻ
കൂകുന്നു പ്രണയത്താലാൺ-
കുയിൽപ്പാട്ടൊന്ന്
കൂട്ടത്തോടെങ്ങോട്ടോ
പായുന്നു പറവകൾ
കൂട്ടം തെറ്റിപ്പോയ പെൺപക്ഷി-
പ്പാട്ടൊന്നും!
അരുവിയിൽ വെള്ളം കുടിക്കുന്നു
പറവകൾ
അവയുടെ ചിറകടി, കലപില-
പ്പാട്ടുകൾ
അരുചേർന്ന് നിൽക്കുന്നു കദളി-
വാഴക്കൂട്ടം
അവയിൽപ്പഴുത്ത് വിലസും
പഴങ്ങളും
അപ്പഴമുണ്ണുന്നു അണ്ണാനും
കിളികളും
അത്തിമരത്തിലോ വാനര-
ക്കൂട്ടവം!
അരുവിക്കരയിലെ ബഹുവർണ്ണ-
ച്ചെടികളും
അവയിൽ നിറയും പലവർണ്ണ-
പ്പൂക്കളും
അപ്പുക്കളെ മുത്തും കരിവണ്ടും
കുരുവിയും
അത്ഭുത വർണ്ണങ്ങൾ വിതറും
ശലഭങ്ങളും!
അരുവിയിൽ മുങ്ങിക്കുളിക്കുന്ന
പെണ്ണിൻ
അതിലോല പൂഞ്ചേല നന-
ഞ്ഞൊട്ടി മേനിയിൽ
അംശുദകിരണങ്ങൾ തളിർമേനി
തഴുകവേ
അംഗങ്ങളൊന്നൊന്നായ് തെളിയു-
ന്നോരഴകും!
ഇവിടെയീമഞ്ഞായി പൊഴിയാൻ
കഴിഞ്ഞെങ്കിൽ..!
ഇവിടൊരു മഴയായി പെയ്യാൻ
കഴിഞ്ഞെങ്കിൽ..!
ഈ സൂര്യ കിരണമായ് നിറയാൻ
കഴിഞ്ഞെങ്കിൽ..!
ഈ മാരിവില്ലായി മാറാൻ
കഴിഞ്ഞെങ്കിൽ..!
ഈ പൂക്കളെ പുൽകും ശലഭമായ്
മാറണം!
ഈ പെണ്ണിൻ മേനിയിൽ മുത്തി-
പ്പടരണം!
ഈ പെണ്ണിനൊപ്പമീ പുഴയില്
നീന്തണം!
ഈ പെണ്ണിൻ ചുടും ചൂരുമ-
തേൽക്കണം!
ഈ പുഴയോളത്തിൽ ഝഷമായി
നീന്തണം!
ഈകാട്ടിൽ ചിറകുള്ള പക്ഷിയായ്
പാറണം!
ഈമലയിൽ വീശുന്ന കാറ്റായി
നിറയണം!
ഈജന്മം മുഴുവനുമിവിടു-
ല്ലസിക്കണം
ഇനിയൊരു ജന്മംവുംകൂടെ
ജനിക്കണം
ഈനല്ല മോഹന തീരത്ത്
വളരണം
ഈമണ്ണിൻ ചാരുതയെന്നിൽ
ലയിക്കണം!