സ്നേഹം,
ഒരനുഭൂതിയായിരുന്നില്ലേ..?
ബാല്യകാലത്തിലെ
മധുരോര്‍മ്മനാള്‍കളില്‍,
പിടഞ്ഞുള്ളു നോവുന്ന
പ്രണയദൂരങ്ങളില്‍…
സ്നേഹം,
ഒരനുഭൂതിയായിരുന്നില്ലേ ..?
ഇടനെഞ്ചിലിണയോടു്
സല്ലപിക്കുമ്പൊഴും,
രതിപുഷ്പമധുപാന-
ശേഷതല്പത്തിലും
സ്നേഹം ,
ഒരനുഭൂതിയായിരുന്നില്ലേ ..?
മാറോട് മക്കള്‍
ചേര്‍ന്നുങ്ങീടുമ്പൊ-
ളുച്ചത്തിലൊറ്റയ്ക്കിടിക്കും
ഹൃദന്തത്തില്‍
സ്നേഹം ,
ഒരനുഭൂതിയായിരുന്നില്ലേ …?
പലരായ് പിരിഞ്ഞു , നാം
നല്‍കിയ സ്വപ്നങ്ങള്‍
തിരികെത്തികട്ടുമ്പോള്‍
സ്നേഹം ,
ഒരനുഭൂതിയായിരുന്നില്ലേ …?
എവിടെയോ വ്യതിഥരായ്
ഏകാന്തകോണിലായ്
പതിയെപ്പതം ചൊല്ലി
പരിതപിക്കുമ്പൊഴും
സ്നേഹം ,
ഒരനുഭൂതിയായിരുന്നില്ലേ …?
വരികയില്ലൊട്ടാരു-
മെന്നറിഞ്ഞിട്ടുമാ
വഴിയെക്കൊതിച്ചങ്ങു
കാത്തിരിക്കുമ്പൊഴും
സ്നേഹം ,
ഒരനുഭൂതിയായിരുന്നില്ലേ ..?
ഒരു ശവപ്പൂവിനെ
നെഞ്ചില്‍ വച്ചാരാരോ
കപടാശ്രു ചൊരിയുന്ന
വിശ്രാന്തവേളയില്‍
സ്നേഹം ,
ഒരനുഭൂതിയായിരുന്നില്ലേ …?
വിഭൂതിയാകാതിരുന്നില്ലേ…?