രചന : ജോയ് പാലക്കാമൂല ✍

കീറിയ മറയുടെ ഓരത്ത്
ആടും ബഞ്ചിന്നറ്റത്ത്
പൊട്ടിയ സ്ളേറ്റൊരു ഭാഗത്ത്
പാടിയ പാട്ടുകൾ നെഞ്ചത്ത്

വള്ളി ട്രൗസർ കീറുമ്പോൾ
ചാടും ചന്തി പുറത്തേക്ക്
ചൂരൽ തട്ടിയ പാട്ടുണ്ട്
നേരിന്നുള്ള മരുന്നായി

പാടവരമ്പിൽ ചളിയുണ്ട്
പാറി നടക്കണ കൊക്കുണ്ട്
കണ്ടം നിറയെ ഞാറുണ്ട്
കാള നടന്ന് വിയർക്കണ്ട്

ചെമ്പോത്തൊന്ന് വരമ്പത്ത്
പട്ടം പലതും മാനത്ത്
പൂവാലിപ്പശു ചാരത്ത്
ഓണപ്പൂവിളി മുറ്റത്ത്.

പാണ്ടൻ പട്ടി കുരയ്ക്കണ്ട്
കള്ളിപ്പൂച്ചയുറങ്ങണ്ട്
അമ്മയടുപ്പ് പുകയ്ക്കണ്ട്
കാക്ക വിരുന്ന് വിളിക്കണ്ട് .

അങ്ങാടിലൊരു കടയുണ്ട്
അത്താഴത്തിന് വേവിക്കാൻ
അമ്മൂമ്മക്കിരു പല്ലണ്ട്
അടക്ക ചതച്ചത് ചോപ്പിക്കാൻ..

ജോയ് പാലക്കാമൂല

By ivayana