രചന : വിദ്യാ രാജീവ് ✍
കാടറിഞ്ഞമക്കളെ
നാടറിഞ്ഞതില്ല കഷ്ടമേ
വിശപ്പിന്റെ മുറവിളി
കള്ളന്റെ പരിവേഷമാക്കി.
ശിക്ഷാവിധിയും നടപ്പിലാക്കി
അകമ്പടി സേവയും കഴിഞ്ഞു..
ലജ്ജയില്ലാതെ വീരന്മാരായ്
വാണിടുന്നു നെറികെട്ട മാനവർ!
നീതിപീഠം മൗനിയായ് മുഖം
മറച്ചു പുകമറയിലാണ്ടു നില്പൂ.
ഇന്നു നാം അവനുവേണ്ടി
ചരമഗീതം പാടിടുന്നു.
ജയപരാജയം കാട്ടുവാനുള്ള
നേരമാണോ മാനവാ,
ഒരുരുള നിൻ സോദരനു
നൽകുവാൻ മറന്നതെന്തു നീയുമേ…
അവന്റെ രോദനമിന്നും മുഴങ്ങിടുന്നു
വോരോപട്ടിണിപ്പാവത്തിലും
ഇനിയും തിരുത്തപ്പെടാതെ
നീതിന്യായവ്യവസ്ഥയും,
കോമരം തുള്ളുന്ന മനുഷ്യരും
കഷ്ടമേറെയെന്തുചൊല്ലാം കാലമേ…
നല്ലകാലമെത്തുമെന്ന പ്രതീക്ഷവെറും
വ്യർത്ഥചിന്ത മാത്രമേ…
ഒന്നുചെയ്യുക കൂട്ടരേ,അന്നദാനം
മഹാദാനമെന്നത് മനസ്സിൽ കരുതുക,
സൽചിന്തയിൽ മുഴുകി ജീവിതം നയിക്കുക…