രചന : സുനു വിജയൻ ✍

വാസുദേവൻ കട്ടിലിൽ നിന്ന് തല തെല്ലൊന്നുയർത്തി നോക്കാൻ ശ്രമിച്ചു. കഴുത്തിൽ ആരോ ശക്തമായി പിടിമുറുക്കിയിരിക്കുംപോലെ. കഴുത്ത്‌ അനങ്ങുന്നില്ല. തല അൽപ്പം ഒന്നുയർത്തിയാൽ ജനൽപടിയുടെ അപ്പുറത്തെ കാഴ്ചകൾ കാണാം. പക്ഷേ അതിനു തനിക്കാവതില്ലല്ലോ എന്നു തിരിച്ചറിഞ്ഞു മച്ചിൽ ചിലന്തികൾ പുതിയതായി നിർമ്മിക്കുന്ന ആ വലയിലേക്ക് കണ്ണുകൾ ഉടക്കി വാസുദേവൻ കിടന്നു.

ചിലന്തി വല നെയ്തു ഇരപിടിക്കാൻ കാത്തിരിക്കുന്ന കാഴ്ച്ചകൾ മാത്രമാണ് എപ്പോഴും കാണാനുള്ളത്. ഓരോ ചെറു പ്രാണിയും വലയിൽ കുരുങ്ങി നേർത്ത ചിറകടിച്ചു രക്ഷപെടാൻ ശ്രമിച്ചു പരാജയപ്പെടുന്ന കാഴ്ച കണ്ടു മടുത്തിരിക്കുന്നു.ഈ പരമ ദയനീയമായ അവസ്ഥയിലായിട്ടും കണ്ണുകൾ ഭംഗിയായി കാണുന്നത് കൃപയോ ശാപമോ?വലയിലാകുന്ന ഓരോ പ്രാണിയും താൻ തന്നെയാണെന്ന ഒരു തോന്നൽ വരുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു കിടക്കും. കണ്ണു തുറക്കുമ്പോഴേക്കും പ്രാണിയെ ചിലന്തി അകത്താക്കി അടുത്ത ഇരക്കായി പതുങ്ങിയിരിക്കുന്നുണ്ടാകും.

വാസുദേവന് അറുപത്തി എട്ടു വയസ്സു കഴിഞ്ഞിട്ടേയുള്ളൂ. ഒരു ദിവസം പെൻഷൻ വാങ്ങി മടങ്ങിയെത്തിയപ്പോൾ ഒരു തളർച്ച തോന്നി. ഉടൻ ആശുപത്രിയിൽ എത്തിച്ചു ഇൻജെക്ഷൻ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ഈ മരണക്കിടക്കയിൽ കിടക്കേണ്ടി വരില്ലായിരുന്നു. പക്ഷേ ഇങ്ങനെ കിടക്കണം എന്നു വിധി ഉണ്ടെങ്കിൽ അത് ആർക്കു തടുക്കാനാകും?

തിണ്ണയിൽ തളർന്നു വീണപ്പോൾ ആദ്യം ഓടിവന്നത് ഭാര്യ തന്നെയായിരുന്നു.
“ഈ നട്ടുച്ചക്ക് പെൻഷനും വാങ്ങി നടന്നു വരേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ, ഉച്ചകഴിഞ്ഞു വെയിലാറിയിട്ട് പതുക്കെ നടന്നു വന്നാൽ പോരായിരുന്നോ. ഇങ്ങോട്ട് ധൃതി പിടിച്ചു ഓടിവന്നിട്ട് എന്നാ ചെയ്യാനാ
ഭാര്യയുടെ മുനവച്ച സംസാരം കേട്ടപ്പോഴേ വല്ലാതെ തോന്നി. കട്ടിലിൽ വല്ല വിധേനയും കൊണ്ടു കിടത്തിയപ്പോൾ ഓർമ്മകൾ മനസ്സിൽ തിക്കി മുട്ടി വന്നത് വേദനയോടെ ഒതുക്കി.

ഓഫീസിൽ നിന്നും അൽപ്പം വിയർത്തു വീട്ടിലെത്തിയാൽ പരിഭവിച്ചിരുന്ന ആ സ്നേഹം ഇപ്പോൾ പരമ പുച്ഛമായി മാറിയിരിക്കുന്നതായി തനിക്ക് തോന്നിയതാണോ, അതോ അവഗണനയാണോ എന്ന് വിവേചിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നെഞ്ചിൽ ഒരു വിങ്ങൽ മുളപൊട്ടിയത് .

ദേഹമാസകലം വെട്ടി വിയർത്തു. ശ്വാസം നിലച്ചു പോകുമ്പോലെ തോന്നി ശക്തമായ വേദന ശിരസ്സുമുതൽ പെരുവിരൽ വരെ പടർന്നു. നാവു വരണ്ടുണങ്ങി. പരവേശം, കിതപ്പ്, കണ്ണുകൾ നിറഞ്ഞൊഴുകി. വല്ല വിധേനയും സർവ്വ ശക്തിയും സംഭരിച്ചു ഭാര്യയെ വിളിച്ചു.
“സുഭദ്രേ “
അവൾ കേട്ടിരിക്കണം, പക്ഷേ അടുത്തെത്തിയില്ല, പിന്നെ തൻറെ ഒച്ച പൊങ്ങിയില്ല, നാവു തളരുന്നത് അറിഞ്ഞു, പതുക്കെ ശരീരത്തിന്റെ വേദന കൂടി വന്നു. നട്ടെല്ലിൽ നിന്നും ഒരു മിന്നൽ നെറ്റി വരെ പടരുന്നതറിഞ്ഞു. ഉറക്കെയുറക്കെ ആരെങ്കിലും ഒന്ന് വരൂ എന്നു വിളിച്ചു പറയണം എന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല. തർന്നു പോവുകയായിരുന്നു ശരീരവും, മനസ്സും.

ഉള്ളിൽ ബോധം ഉണ്ടായിരുന്നു. കണ്ണുകൾ തുറന്ന് ജീവച്ഛവം പോലെ കിടക്കുന്നത് ഭാര്യ കുറെ കഴിഞ്ഞാണ് കണ്ടത്. അവർ വന്നു തട്ടി വിളിച്ചു. താൻ മരിച്ചോ എന്ന സംശയത്തോടെ അവർ ഉറക്കെ മരുമോളെ വിളിച്ചു. അവളും വന്നു തന്നെ കുലുക്കി വിളിച്ചു. പ്രതികരിക്കാതെയിരുന്നപ്പോൾ മൂക്കിന്റെ താഴെ വിരൽ വച്ചു പറഞ്ഞു.
“ശ്വാസം ഉണ്ടമ്മേ അച്ഛൻ മരിച്ചിട്ടില്ല “

പിന്നെ അവർ ഫോൺ വിളിച്ചു ജോലി സ്ഥലത്ത് നിന്നും മകനെ വരുത്തി ഒരു മണിക്കൂർ കഴിഞ്ഞു അവൻ എത്തിയപ്പോൾ. അപ്പോഴേക്കും താൻ ഒരു മയക്കത്തിലേക്ക്, അബോധാവസ്ഥയുടെ തണുത്ത ഉറക്കത്തിലേക്ക് കടന്നു കഴിഞ്ഞിരുന്നു.
പിന്നെ ആശുപത്രി, മരുന്ന്, സഹതാപം പ്രകടിപ്പിച്ചെത്തിയ ബന്ധുക്കൾ, പരിചയക്കാർ, സങ്കടം കണ്ണിൽ നിറച്ചു തൻറെ ഹൃദയത്തോട് മിണ്ടാത്തെ മിണ്ടിയ ചില അടുത്ത കൂട്ടുകാർ.

ഒരുമാസം ആശുപത്രിയിൽ കിടന്ന ശേഷം ഈ നിർജീവ അവസ്ഥയിൽ മടങ്ങി വീട്ടിൽ എത്തി. തുറന്ന ജനാലയുടെ അരികെ ഈ വാട്ടർ ബെഡിൽ ഇപ്പോൾ മൂന്നു മാസമായി കിടക്കുന്നു.
ഉള്ളിൽ പലതും സംസാരിക്കണം എന്നു തോന്നും. നാവു തളർന്നതിനാൽ അതു പറ്റില്ല. തിരിയാനും, മറിയാനും, തല ഉയർത്താനും തോന്നും. ഒന്നിനും കഴിയില്ല.
എന്നും കാലത്തു പഞ്ചായത്തിലെ പാലിയേറ്റീവ് യൂണിറ്റിൽ നിന്നും രണ്ടു പേരെത്തും. ഒരു സ്ത്രീയും ഒരു പുരുഷനും. മൂക്കിൽ കൂടി കുത്തിയിറക്കിയ ട്യൂബിൽ കൂടി ഭാര്യ അരച്ചു വച്ചിരിക്കുന്ന എന്തക്കയോ അവർ കോരി നിറച്ചു വയറ്റിലേക്ക് എത്തിക്കും. ജനനേന്ദ്രിയത്തിൽ കൂടി മൂത്ര സഞ്ചിയിലേക്ക് തുളച്ചു കയറ്റിയിരിക്കുന്ന പ്ലാസ്റ്റിക് ട്യൂബിൽ കൂടി കട്ടിലിൽ കെട്ടിതൂക്കിയിരിക്കുന്ന പ്ലാസ്റ്റിക് സഞ്ചിയിലേക്ക് പതിക്കുന്ന മൂത്രം അവർ ഊറ്റികളയും. വഴുവഴുത്ത മലം പറ്റിപ്പിടിച്ച ഡയപ്പർ ഊരിമാറ്റി പുതിയത് ധരിപ്പിക്കും.

പുറത്തെ തൊലി വിണ്ടുകീറിതുടങ്ങിയോ എന്നറിയില്ല, വല്ലാത്ത ചൊറിച്ചിൽ ആണ് പുറത്തു. അൽപ്പം ചെരിച്ചു കിടത്തി പാലിയേവ് കെയർ യുണിറ്റിലെ ആ സ്ത്രീ പുറം പതിയെ നനഞ്ഞ പഞ്ഞിക്കൊണ്ട് തുടയ്ക്കും. അപ്പോൾ അപ്പോൾ മാത്രം ഒരു സുഖം തോന്നും. ഒരു വല്ലാത്ത ആശ്വാസം. പണ്ട് സുഭദ്രയുമായി കെട്ടിപ്പിടിച്ചുറങ്ങി, അവളിൽ ആഴ്ന്നിറങ്ങി തളർന്നു കമഴ്ന്നു കിടക്കുമ്പോൾ, സുഭദ്ര വിരലുകൾ കൊണ്ട് വിയർത്ത തൻറെ പുറം തലോടുമായിരുന്നു. അപ്പോൾ അതൊരനുഭൂതിയായി ആസ്വദിച്ചു തരളമായ മനസ്സോടെ കിടക്കാറുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയല്ലങ്കിലും, അന്നനുഭവിച്ച ആ സുഖമല്ല എങ്കിലും അതിനെ വെല്ലുന്ന ഒരാശ്വാസം വരണ്ടുണങ്ങിയ പുറത്തുകൂടി നനഞ്ഞ പഞ്ഞികൊണ്ട് തുടക്കുമ്പോൾ കിട്ടാറുണ്ട്. ഹൃദയത്തോളം അപ്പോൾ ആ ആശ്വാസം പടർന്നു ചെല്ലാറുണ്ട്.

ഒരു മണിക്കൂർ പരിചരിച്ച ശേഷം അവർ മടങ്ങുമ്പോൾ വീണ്ടും ഒരു നിർജീവ അവസ്ഥയിലേക്കേത്തും. ഇടക്ക് എപ്പോഴെങ്കിലും സുഭദ്ര ഒന്നു വന്നു നോക്കി പോകും. അവൾ മുറിയിലേക്ക് കടന്നു വരുമ്പോൾ നീലഭ്രിങ്ങാതി എണ്ണയുടെ മണം മുറിയിൽ പടരും. അവൾ വെറുതെ ചോദിക്കും
“വല്ലോം വേണോ
എന്തുണ്ടാക്കി തന്നാലും ഈ ട്യൂബിൽ കൂടിയല്ലേ, പിന്നെന്തു പ്രയോജനം “-
അവൾ തന്നെ ഉത്തരവും പറഞ്ഞു മുറിവിട്ടു പോകുമ്പോൾ ഉള്ളു തേങ്ങും.
അവർ തൻറെ മുഖത്ത് ഒന്നു തലോടിയിരുന്നെങ്കിൽ, തൻറെ നെഞ്ചിൽ അവളുടെ കൈകൾ കൊണ്ട് ഒന്നു സ്പർശിച്ചിരുന്നെങ്കിൽ, വെറുതെ ഈ തളർന്ന വിരലുകളിൽ അവളുടെ വിരലുകൾ ഒന്നു ചേർത്തിരുന്നെങ്കിൽ!!

ഇല്ല അതൊന്നും ഒരിക്കലും ഉണ്ടാകില്ല. മാലതി എന്ന തൻറെ ഇളയ മകൾക്ക് പതിനൊന്നു വയസ്സു തികഞ്ഞ അന്നാണ് സുഭദ്ര അവസാനമായി തൻറെ നെഞ്ചിൽ മുഖം ചേർത്തുറങ്ങിയത്. പിന്നെയവൾ തന്നെ പുണർന്നിട്ടില്ല, തൻറെ ചുണ്ടിൽ ചുംബിച്ചിട്ടില്ല, തന്നെ പ്രേമത്തോടെ നോക്കിയിട്ടില്ല. പലപ്പോഴും പലതിനും കൊതി തോന്നിയിട്ടുണ്ട്. രാധാസ് സോപ്പിന്റെ പതക്കൊപ്പം ഒഴുകിപ്പോയ വികാരങ്ങൾ എത്രയെന്നറിയില്ല. ജോലി, മക്കൾ, വീട്, വീട്ടുകാര്യങ്ങൾ, മക്കളുടെ കാര്യങ്ങൾ, അങ്ങനെ ജീവിതം അറുപത്തി എട്ടു വയസ്സുവരെ എത്തി.

പ്രിയപ്പെട്ട ചങ്ങാതിമാരുമായി വല്ലപ്പോഴും ഒരുകുപ്പി മധുരക്കള്ളു കുടിക്കുമ്പോൾ ജീവിതം അൽപ്പം മധുരമുള്ളതായി തോന്നിയിരുന്നു.അത് കള്ളു കുടിക്കുന്നത് കൊണ്ടല്ല. ചങ്ങാതികളുടെ സാമീപ്യം കൊണ്ട്.

മകൻ വിവാഹം കഴിച്ചു. രണ്ടു പെണ്മക്കളെയും വിവാഹം കഴിപ്പിച്ചയച്ചു. പേരക്കുട്ടികൾ അഞ്ചു പേരായി. എന്നിട്ടും പെൻഷൻ കിട്ടുന്ന പണത്തിൽ നിന്നും അഞ്ചുരൂപ അനാവശ്യമായി കളയാതെ ഒക്കെ വീട്ടിൽ ഏൽപ്പിച്ചു. മകൻ ഓണത്തിനും, വിഷുവിനും വാങ്ങി നൽകുന്ന പുതിയ വസ്ത്രങ്ങൾ ഒത്തിരി സന്തോഷത്തോടെ സ്വീകരിച്ചു. അവന്റെ സന്തോഷത്തിൽ കൃതാർത്ഥത പൂണ്ടു. അവൻ വീടിന്റെ നാഥാനായപ്പോൾ, താൻ വയസ്സനായി തിണ്ണയിലെ ചാരുകസേരയുടെ അധിപനായി മയങ്ങുമ്പോൾ ഒരു സുഖം അനുഭവിക്കുന്നതായി അഭിനയിച്ചു. അല്ല അതൊരു സുഖമായി കരുതി ജീവിച്ചു.

ഇപ്പോൾ മകൻ എല്ലാ ദിവസവും മുറിയിൽ ഒന്നു വരും. രാത്രിയിൽ മുറിയിലെ ലൈറ്റ് കെടുത്താൻ. ലൈറ്റ് കെടുത്തി അവൻ കതകു ചാരി തിരിഞ്ഞു നടക്കുമ്പോൾ ചിലപ്പോൾ ഒരുമാത്ര തന്നെ ഒന്നു നോക്കും. ആ നോട്ടത്തിൽ എന്തു ഭാവമാണ് എന്നു തിരിച്ചറിയാൻ തനിക്കറിയില്ല. അവനൊന്നും മിണ്ടില്ല. അല്ലങ്കിൽ ജീവച്ഛവത്തോട് എന്തിന് ഉരിയാടണം.
“അച്ഛാ “

അങ്ങനെ അവൻ ആർദ്രമായി തന്നെ ഒന്നു വിളിച്ചിരുന്നെങ്കിൽ എന്നു കൊതിക്കാറുണ്ട്. പണ്ട് അവൻ കൗമാരത്തിൽ എത്തുന്നതിനു മുൻപുവരെ അവൻ അച്ഛാ എന്നു തന്നെ വിളിക്കുമ്പോൾ ആ വിളിയിൽ ഒരു സ്നേഹം തിങ്ങി നിന്നിരുന്നു. അല്ലങ്കിലും ആൺമക്കൾ കൗമാരം കടന്നാൽ പിന്നെ അച്ഛന്മാരോട് സ്നേഹം പ്രകടിപ്പിക്കാൻ മടിക്കും എന്ന് വില്ലേജിലെ ബിനോയി പലതവണ പറഞ്ഞത് സത്യമാണെന്ന് തനിക്കും തോന്നിയിട്ടുണ്ട്.

ഈ മുറിയിലാകെ തൻറെ മാത്രം ഗന്ധമാണ്. നരച്ച പുരുഷന്റെ അവജ്ഞയുടെ മണം. നിക്കറിൽ പറ്റിപ്പിടിച്ച മലവും, സഞ്ചിയിൽ നിറഞ്ഞ മൂത്രവും, വിയർത്ത പുറത്തടിഞ്ഞ മുഷിഞ്ഞ തൊലിയുടെ മനം മടുപ്പിക്കുന്ന മുശുക്ക് മണവും ഇപ്പോൾ ശീലമായി.
രാവിലെ കുട്ടിക്കൂറ പൌഡർ അടിവയറ്റിലും, വൃഷണങ്ങളിലും, പുറത്തും, നെഞ്ചിലും കുടഞ്ഞു പാലിയേറ്റീവ് കെയറിലെ ചെറുപ്പക്കാരൻ തൻറെ മുഖത്ത് നോക്കി ചിരിക്കുമ്പോൾ മരണം ചിരിക്കുന്നത് പോലെ തോന്നുമെങ്കിലും അതൊരു ആശ്വാസമാണ്. മരണത്തിനു മുൻപുള്ള ഒരാശ്വാസം.

പുറത്തു വെയിൽ മങ്ങിത്തുടങ്ങി എന്നു തോന്നുന്നു. ജനാല കടന്നു വരുന്ന കാറ്റിന് മങ്ങിയ വെയിലിന്റെ ഒരു പടുതിയാണ്. അതെങ്ങനെ ഞാൻ തിരിച്ചറിയുന്നു എന്നാണോ?. അതിപ്പോൾ ഞാനെന്നല്ല ഇങ്ങനെ കിടക്കുന്ന ആർക്കും ഈ കിടപ്പിൽ അങ്ങനെ അറിയാൻ കഴിയും.

മച്ചിലെ ചിലന്തി ഇരപിടിക്കും പോലെ മരണം പതുങ്ങി എപ്പോൾ വേണമെങ്കിലും കടന്നു വരാം. അറുപത്തി എട്ടു വയസ്സ് ഒന്നുമല്ല. പക്ഷേ ഇനി വയ്യ. കാഴ്ചകളുടെ നിറഭംഗിയില്ലാതെ, സ്നേഹത്തിന്റെ മസൃണമില്ലാതെ, വെയിലേൽക്കാതെ, മഞ്ഞറിയാതെ, മലവും, മരുന്നും മണക്കുന്ന നരച്ച മുറിയിൽ, ഒരു തലോടൽ പോലുമില്ലാതെ കിടക്കാൻ നിങ്ങൾ ഇഷ്ടപ്പെടുമോ. മരണത്തിനു മുൻപ് ഇങ്ങനെ ഒരവസ്ഥ അതു വന്നാൽ…..

കടപ്പാട്: തുറന്ന കണ്ണുകളുമായി, തളർന്നു മരണം കാത്തു മുറികളിൽ കഴിയുന്ന പലരോടും.

By ivayana