രചന : സുസ്‌മി അശോക് ✍

ചിതറിവീണ
ഓരോ കണ്ണാടിച്ചില്ലുകളും
ഓർമകളുടെ കഥകൾ പറഞ്ഞിരുന്നു.
വിരൽത്തുമ്പുകളാലെ അവയോരോന്നും
പെറുക്കിയെടുക്കവേ
എന്റെ ഉള്ളംകൈയ്യിലും
കണ്ണുകളിലും മനസ്സിലും പടർന്നിരുന്നു ചോരയുടെ നനവ്.
പിണങ്ങതെ പിണങ്ങിയും,
പിന്നെ ഇണങ്ങിയും,
എന്റെ മോഹങ്ങൾക്ക് ചിറകുനൽകിയുമൊക്കെ
അവൾ എന്നോടുചേർന്നിരുന്നു.
പിന്നെന്തിനാണവൾ
എന്നെവിട്ട് പറന്നകന്നതും,
തോരാമഴപോലെ എന്നിൽ
കണ്ണുനീർ ബാക്കിയാക്കിയതും.?
നിരങ്ങിനീങ്ങുന്ന
ഈ ജീവിതത്തിൽ
തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത്
ബാക്കിയായ കുറേ ഓർമ്മകൾ മാത്രം..
നിദ്രയകന്ന രാത്രികളിൽ
കാറ്റ് എന്റെ കാതുകളിൽ മന്ത്രിച്ചു.
“ഒരുനാളുമവൾ നിന്നെത്തേടി വരില്ല”.
ഞാനപ്പോഴൊക്കെ
കാറ്റിനോട് ചോദിച്ചു.
“ഞാനുള്ളിടത്തോളംകാലം
എനിക്കെങ്ങനെയാണവളെ മറക്കാൻ കഴിയുക.?
ഒരുനാളുമവൾ തിരികെ വരില്ലായിരിക്കാം.,
പക്ഷേ…..കാറ്റേ…..
ഞാനവൾക്കായി ഇപ്പോഴും
കാത്തിരിക്കുന്നത്
എനിയ്ക്കവളോടുള്ള സ്നേഹം
മരിച്ചിട്ടില്ലെന്നതുകൊണ്ടുമാത്രമാണ്.

സുസ്‌മി അശോക്

By ivayana