രചന : വിനോദ് മങ്കര ✍

ഏകാന്തതയുടെ വീട്
ഈ ഭൂമിയിലെ ഏറ്റവും ഏകാന്തമായ ഒരിടത്തെക്കുറിച്ചാണിത്. ഇവിടെ ഋതുഭേദങ്ങളുണ്ടോയെന്നും കാലം എങ്ങിനെയാണ് കാലം കഴിക്കുന്നതെന്നോ നാമറിഞ്ഞിട്ടില്ല ഇതുവരെ. കാററിൻ്റെ ജിജ്ഞാസകളെന്തെന്നോ കടലിൻ്റെ കണക്കുകൂട്ടലുകളെന്തെന്നോ അറിയാത്തയിടം. ഒരു പക്ഷേ, ‘ദൂരമനന്തം…കാലമനന്തം… ഈ ഏകാന്തതയുമേകാന്തം’ എന്നെഴുതിയ കവിയുടെ കൈകളിൽ നിരന്തരചുംബനം പതിയുമിടം. ഇതു വഴി നമ്മൾ ഒരു യാനപാത്രവും തുഴഞ്ഞില്ല. ഇതിനു മുകളിൽ ഒരു വിമാനവും പാറിയില്ല. ദൂരെ ദൂരെയിരുന്ന് അത്ഭുതം കൂറിയപ്പോൾ അത് ഏകാന്തതയുടെ ഖനീഭൂതഗൃഹവുമായി..
1992 ൽ റോജീ ലുക്കാററില എന്ന ക്രൊയേഷ്യൻ എഞ്ചിനീയർ തൻ്റെ കപ്പലിലിരുന്ന് അക്ഷാംശ രേഖാംശങ്ങളുടെ കള്ളിയിൽ ഏകാന്തതയുടെ ആ വീടിനെ അടയാളപ്പെടുത്തുമ്പോൾ അയാളും മൗനത്തിൻ്റെ വാർഷിക വളയങ്ങളാൽ വരിഞ്ഞുമുറുക്കപ്പെട്ടിരിക്കാം. ഇനി പറയട്ടെ, തെക്കൻ പസഫിക് സമുദ്രത്തിലെ ആ കൊടും നീലയ്ക്കു പേര്, പോയിൻ്റ് നെമോ. ലാറ്റിൻ ഭാഷയിലേക്ക് പരാവർത്തനം ചെയ്താലോ ഇതിനു പേർ നിശ്ശൂന്യം!

ഫ്രാൻസിനേക്കാൾ 34 ഇരട്ടി വലിപ്പമുള്ള ഈ അഗാധനീലിമയ്ക്ക് കരയുമായി ബന്ധമില്ലെന്നു തന്നെ പറയണം. ഉള്ളതോ ശൂന്യാകാശവുമായി മാത്രം. എച്ച്. ജി. വെൽസിനും ഹ്യൂഗോ ജെംസ് ബാക്കിനുമൊപ്പം സയൻസ് ഫിക്ഷൻ്റെ പിതാവെന്നു വിളിക്കുന്ന ഫ്രഞ്ച് നോവലിസ്റ്റ് ജൂൾസ് ഗബ്രിയേൽ വെർണേയുടെ 1870 ലെ നോവലായ “20000 ലീഗ്സ് അണ്ടർ ദ സീ” യിലെ കഥാപാത്രമായ ക്യാപ്റ്റൻ നെമോയുടെ പേരിട്ടാണ് ഭൂമിയിലെ മനുഷ്യർ ഏകാന്തതയുടെ വീട്ടിൽ പാലുകാച്ചിയത്. അതും ദൂരെ ദൂരെ നിന്ന് …കാരണം,

ഇവിടെ നിന്നും ഏറ്റവും അടുത്ത കരയായ ഡ്യൂസീ ദ്വീപിലേക്കുള്ള ദൂരം 2700 കിലോമീറ്ററാണ്. എന്നാൽ ഈ ജലധിയിൽ നിന്നും 416 കിലോമീറ്റർ അകലെ നിന്ന് എത്രയോ പേർ പോയിൻറ് നെമോയുടെ അയൽക്കാരായിരിക്കുന്നു! അത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗഗനചാരികളാണ്. തൊട്ടടുത്ത കരയിലേക്ക് 2700 കിലോമീറ്ററും ബഹിരാകാശ നിലയത്തിലേക്ക് 416 കിലോമീറ്ററും നില നിർത്തിക്കൊണ്ടാണ് ഏകാന്തതയുടെ ഭൂപടം പസഫിക് സമുദ്രത്തിൽ നിവർന്നു കിടക്കുന്നത്. ഏകാന്തതയുടെ കൈയും കണക്കും പിടിത്തം കിട്ടാൻ മനുഷ്യനിനിയെത്ര ഏകാന്തനാവണം?

ബഹിരാകാശക്കപ്പലുകളുടേയും കൃത്രിമ ഉപഗ്രഹങ്ങളുടേയും സെമിത്തേരി എന്നാണ് പോയിൻറ് നെമോയുടെ ഓമനപ്പേര്. ജലസമാധിയിൽ സ്വസ്ഥമാവാൻ 300 ലധികം ബഹിരാകാശ പേടകങ്ങളാണ് നെമോയുടെ ചില്ലുജാലക പടവുകളിറങ്ങി അഗാധതയുടെ ഇരുണ്ട കൂട്ടിലെത്തിയത്. റഷ്യയുടെ 120 ടൺ ഭാരമുള്ള മിർ ബഹിരാകാശ കേന്ദ്രം 2001 ൽ ഈ ജലപാളിയിലേക്കാണ്‌ പാതി കത്തിയമർന്നത്. ചൈനയുടെ ടിയാൻഗോങ്ങ് 1 എന്ന സ്പേസ് ലാബ് നിയന്ത്രണം വിട്ട് വീണതും ഇങ്ങോട്ടു തന്നെ. കടലിന് 2കിലോമീറ്റർ താഴെ കിടക്കുന്ന റഷ്യയുടെ മിർ ലാബിനൊപ്പം 140 റഷ്യൻ റോക്കറ്റുകളും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ കാർഗോ റോക്കറ്റുകളും ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് തൊടുത്ത നിരവധി റോക്കറ്റുകളും ഈ കടലാഴത്തിൽ മരണമന്വേഷിച്ചെത്തി.

നാലായിരത്തോളം കൃത്രിമ ഉപഗ്രഹങ്ങളാണ് ഭൂമി ക്കു ചുറ്റും പല ഭ്രമണപഥങ്ങളിലായി കറങ്ങുന്നത്. കാലാവധി തീരുന്ന നാഴികയിൽ ഈറനായ ഈ സെമിത്തേരിയിലേക്ക് വരേണ്ടവരാണ് ഈ നാലായിരം പേടകങ്ങളും. കൂടാതെ സ്പേസ് എക്സ് 4425 ഉപഗ്രഹങ്ങളാണ് ഭാവിയിൽ വിക്ഷേപിക്കാൻ ഒരുങ്ങിയിരിക്കുന്നത്. നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം 2030നുള്ളിൽ പ്രവർത്തനം തീർന്ന് ജലസമാധി തിരഞ്ഞ് വരേണ്ടതും ഏകാന്തതയുടെ ഈ വീട്ടിലേക്ക്. 420 ടൺ ഭാരമുള്ള ബഹിരാകാശ നിലയത്തിൻ്റെ എത്ര sൺ കത്താതെ ബാക്കിയെത്തുമെന്ന് ഊഹിക്കവയ്യ.
അന്തരീക്ഷത്തിലൂടെ അതി ശക്തിയായി താഴേക്ക് പതിക്കുമ്പോൾ കത്തിപ്പോകാതിരിക്കാൻ ഇന്ദന ടാങ്ക് അടക്കമുള്ളവ ടൈറ്റാനിയം കൊണ്ട് നിർമ്മിക്കുന്നത് ഇനി അലുമിനിയം കൊണ്ടു നിർമ്മിച്ച് അന്തരീക്ഷത്തിൽ വച്ചേ കത്തിച്ചു കളയാനാണ് സാങ്കേതിക വിദ്യയുടെ ഭാവിപദ്ധതി. അല്ലെങ്കിൽ പോയിൻറ് നെമോ എന്ന സെമിത്തേരിയിൽ പുതിയ കല്ലറയ്ക്കു സ്ഥലം കിട്ടാതെ വരും.
ദൗത്യം പൂർത്തിയാക്കിയ എത്രയോ ഉപഗ്രഹങ്ങൾ, ബഹിരാകാശ കേന്ദ്രങ്ങൾ, സ്പേസ് ടെലസ്ക്കോപ്പുകൾ, റോക്കറ്റുകൾ എന്നിവ ഭൂമിയുടെ അന്തരീക്ഷം കടന്നു മരിക്കാൻ വരുന്നയിടത്തെ മനുഷ്യന് ദൂരെ നിന്നു നോക്കാനേ കഴിയൂ.

ബഹിരാകാശ വാഹനങ്ങളുടെ നിയന്ത്രണം വിട്ട 12000 അവശിഷ്ടങ്ങൾ ശൂന്യാകാശത്ത് അലയുന്നുണ്ട്. ഇവയിൽ ചിലത് 1996, 2009, 2013 എന്നീ വർഷങ്ങളിൽ ഉപഗ്രഹങ്ങളുമായി കൂട്ടിയിടിച്ചു. ഇവയെ തീർത്ത് ബഹിരാകാശം ശാന്തമാവാനാണ് ഭൂമിയിലെ ഏററവും ഏകാന്തമായയിടത്തെ ബഹിരാകാശ പേടകങ്ങളുടെ സെമിത്തേരിയാക്കിയത്. കരയിൽ നിന്നും അനന്ത ദൂരമെങ്കിലും, കപ്പൽ, വിമാനം എന്നിവയ്ക്ക് ഈ വഴി വരവു പോക്കില്ലെങ്കിലും ഒരു രാജ്യത്തിന് തങ്ങളുടെ സ്പേസ് അവശിഷ്ടം പോയിൻറ് നെമോയിൽ ആഴ്ത്തണമെങ്കിൽ പ്രോട്ടോകോൾ പ്രകാരം ചിലി, ന്യൂസിലൻ്റ് അധികൃതരെ അറിയിക്കേണ്ടതുണ്ട്. പസഫിക് സമുദ്രാതിർത്തിയിലെ നാവികർക്കും പൈലറ്റുമാർക്കുമുള്ള മുന്നറിയിപ്പുകൂടിയാണത്.

പോയിൻറ് നെമോ, ദുരൂഹസ്ഥലി കൂടിയാണെന്നും അടുക്കള വർത്തമാനമുണ്ട്. 1997ൽ ചില സമുദ്ര ഗവേഷകർ ഈ ജലാന്തർഭാഗത്തു നിന്നും ഒരു മിനുട്ടു നീണ്ടു നിന്ന അൾട്രാ ലോ ഫ്രീക്വൻസിയിലുള്ള ഒരു ശബ്ദം കേട്ടു. തിമിംഗലത്തിനു കൂടെ അസാധ്യമായത്ര കനത്ത ശബ്ദത്തെ ചുറ്റി ശാസ്ത്രലോകം തർക്കിച്ചു. അൻറാർട്ടിക്കയിലെ മഞ്ഞുമലകൾ കടലിലേക്ക് ഇടിയുന്നതാവാം ശബ്ദഉറവിടം എന്ന് സമാധാനിക്കുന്ന ഒരു കൂട്ടർ ഉണ്ടെങ്കിലും മറ്റൊരു വിഭാഗം ചോദിക്കുന്നു; കടലിന്നഗാധതയിൽ തിമിംഗലത്തെ വിഴുങ്ങാനാവുന്ന മറ്റൊരു ഭീകരനുണ്ടോ? ജീവ സഞ്ചയം പൊതുവേ ക്ഷീണിച്ച ദിക്ക് എന്നാണ് നെമോയെ വിലയിരുത്തുന്നതെങ്കിലും ഈ സ്പേസ് സെമിത്തേരിക്കടിയിൽ നാം ഇതു വരെ കാണാത്ത ഒരാൾ ഉറങ്ങുന്നുണ്ടോ?

അതിശയമതല്ല. കാൽപ്പെരുമാറ്റമേതുമേയില്ലാതെ, ഏകാന്തതയുടെ തണുപ്പും ഇരുട്ടും കോർത്ത്, പാതി കത്തി വരുന്ന ശൂന്യാകാശ പേടകങ്ങളുടെ ധൃതിക്ക് വിരാമമാവാൻ ആഴങ്ങളുടെ മുഴക്കങ്ങൾ കൊണ്ട് നിദാന്തമാവും ദേശം പ്ലാസ്റ്റിക്ക് കൊണ്ട് മലിനീകരിക്കപ്പെടുന്നതെങ്ങിനെയാണ്? ഇവിടത്തെ കടൽ ജലത്തിൽ ഒരു ക്യുബിക് മീറ്ററിൽ 9 മുതൽ 27 വരെ മൈക്രോ പ്ലാസ്റ്റിക് കഷ്ണങ്ങൾ കാണുന്നുവെങ്കിൽ ഭൂമിയിലെ ഏകാന്ത സ്ഥലിയുടെ കന്യകാത്വവും ഛേദിക്കപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കിൽ കടലിനു കിട്ടിയതത്രയും കരയുടെ സമ്മാനം മാത്രമോ?
ശൂന്യാകാശത്തെ ശുദ്ധീകരിക്കാൻ അടിച്ചുകൂട്ടി കടലിൽ തള്ളുന്ന പാതിവെന്ത ആക്രി കഷ്ണങ്ങൾ കടലിനെ കളഞ്ഞു കുളിക്കില്ലേ എന്ന ചോദ്യം നിലവിലുണ്ട്. അനാഘ്രാതമെന്നഹങ്കരിച്ച ഏകാന്തതയ്ക്കുപോലുമൊളിക്കാനാവാതെ തിരകളൊന്നൊന്നായി 2700 ലധികം കിലോമീറ്ററുകൾ കിതച്ച്, ചിലിയിലേയും ന്യൂസിലൻറിലേയും അൻ്റാർട്ടിക്കയിലേയും കടവുകളിൽ നിരന്തരം വാർക്കുന്ന കണ്ണീരിനർത്ഥമെന്താവാം?
ശൂന്യാകാശ പേടകങ്ങളുടെ സെമിത്തേരിക്കും സ്വസ്ഥത വേണം. ഏകാന്തതയ്ക്ക് ആ മേൽവിലാസത്തിൽ തന്നെ അറിയപ്പെടാനാണിഷ്ടം.

(നാരായണൻകുട്ടി പി)

By ivayana