രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍

വലിയൊരു ഗോളത്തിലുപരിതലത്തി –
ലരിച്ചുനടക്കുമുറുമ്പു പോൽ, മാനവൻ.
വലിയവനെന്നു ധരിച്ചു നടക്കുമീ
മാനവനെത്ര നിസ്സാരനെന്നറിയുക!

കണ്ണടച്ചൊന്നു തുറക്കുന്നതിൻ മുന്നേ
മണ്ണടിഞ്ഞീടുമൊരുവൻ, കാലൊന്നിടറുകിൽ
കാണുകിലവനുണ്ടു ഭാവം, ഭൂലോകം
കൈകളാലമ്മാനമാടുവതവനെന്ന പോൽ.

ഇന്നലെയെന്തന്നറിയാത്തൊരജ്ഞനിവ നിനി
നാളെയുമെന്തന്നറിയാത്തൊരജ്ഞൻ !
‘വർത്തമാനത്തിൻ ‘ ഔദാര്യരക്ഷയാൽ
മർത്ത്യനുയിരോടിരിപ്പൂ മാത്രകൾ സത്യമിതു!

അതികായനെന്നവൻ ചിന്തിക്കയാ –
ലപരജന്തുകുലത്തിനു പീഡകരാജനായ്!
ആത്മാവുള്ളൊരു ജന്തുകുലങ്ങളെ
ആത്മാവു കൈവിട്ടു ഭക്ഷണമാക്കുന്നു കേവലൻ!

ആത്മബന്ധുത്വം മറന്നവനവരെ
ആമാശയപ്പൂരണാർത്ഥം ഹനിക്കുന്നു കഷ്ടം!
ഉയരത്തു പാറും അഹംഭാവബോധം
നിലംപൊത്തി വീണിന്നുചെറുതാമൊരണുവാൽ!

By ivayana