കഥ : വി.ജി മുകുന്ദൻ✍️

അന്ന് പതിവിൽ കൂടുതൽ ചൂടുള്ള ദിവസമായിരുന്നു.
സത്യശീലൻ വിയർത്തു കുളിച്ചാണ് ഓഫീസിൽ വന്നുകയറിയത്.
എന്തിനാ ശീലാ ഈ ഉച്ചയ്ക്ക് വീട്ടിൽ പോകുന്നത് ഒരു ശീലാക്കണേ..
ഇപ്പൊ വേനക്കാലമല്ലേ. ആ ഒരുമണിക്കൂർ ഇവിടെ ഈ ഏ സി യിൽ ഇരുന്ന് ഒന്നുറങ്ങിക്കൂടെ…

അല്ലെങ്കിൽ ഒരു കാറൊക്കെ വാങ്ങി യാത്ര ആവാലോ….
ഉച്ചയ്ക്ക് വീട്ടിൽപോയി ഊണ് കഴിച്ച് ഓഫീസ്സിലെത്തിയ സത്യശീലനെ കണ്ടപ്പോൾ സുഗുണന്റെ പതിവ് കമന്റ്…
ആവാലോ..!
വീട്ടിൽ ഭർത്താവിന് ഒരു കാറ്‌
ഭാര്യയ്ക്ക് വേറൊന്ന്, മക്കൾക്ക് ആളൊന്നുക്ക് ഓരോ ബൈക്ക് അല്ലെങ്കിൽ അവർക്കും കാറായിക്കോട്ടെ…
സത്യശീലൻ തുടങ്ങാനുള്ള പുറപ്പാടിലാണ്..

അതിനുമുന്നെ നമുക്ക് ആളെയൊന്നു പരിചയപ്പെടാം.
സത്യശീലൻ 50 വയസ്സ് കഴിഞ്ഞ ഒരു മുൻ പട്ടാളക്കാരൻ.
ചെറുപ്പത്തിന്റെ ചുറുചുറുക്കും സാഹസികതയും വേണ്ടുവോളം ഉണ്ടായിരുന്ന
ഒരു സൈനികനായിരുന്നു അയാൾ; അതിന്റെ
സ്മാരകമെന്നപോലെ ധാരാളം മെഡലുകൾ നിധിപൊലെ സൂക്ഷിച്ചുവച്ചിട്ടുമുണ്ട്.
ഇന്ത്യയുടെ നോർത്ത് ഈസ്റ്റേൺ ഭാഗത്തുള്ള
ഒട്ടുമിക്ക സംസ്ഥാങ്ങളിലും ജോലിയുടെ ഭാഗമായി സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. സത്യസന്ധൻ; കൂടാതെ കറകളഞ്ഞ ദേശസ്നേഹിയും. കക്ഷിരാഷ്ട്രീയ ചിന്ത ലവലേശം ഇല്ലാത്ത ഒരു മനുഷ്യസ്‌നേഹിയും ഒപ്പം അതിൽ കവിഞ്ഞ ഒരു പ്രകൃതിസ്‌നേഹി കൂടിയാണ് സത്യശീലൻ.

സർവീസിൽ നിന്നും പിരിഞ്ഞ്പോന്ന് കുറച്ചുകാലം പ്രവാസിയായിരുന്നെങ്കിലും ഇപ്പോൾ ‌സർക്കാർ ആപ്പീസിൽ ഒരു ഗുമസ്തനായി ജോലിചെയ്യുന്നു.
ജീവിതം പ്രകൃതിയുടെ വരദാനമാകുമ്പോൾ
പ്രകൃതിയ്ക്ക് പോറലേൽക്കാതെ അടുത്ത
തലമുറയ്ക്ക് കൈമാറേണ്ടത്
ഓരോ മനുഷ്യരുടെയും കടമയായി ഉറച്ചുവിശ്വസിക്കുന്ന വ്യക്തി.
അതിനായി പ്രകൃതി വിഭവങ്ങൾ ആവശ്യാനുസരണമായി മാത്രം ഉല്പദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്ന മഹത്തായ
ലക്ഷ്യം പ്രചരിപ്പിക്കുന്നതിനുവേണ്ടി തന്നാൽ കഴിയാവുന്ന രീതിയിൽ പ്രവർത്തിക്കുകയും അത് തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ് അയാൾ.

അപ്പോ സത്യശീലൻ തുടരുകയാണ്…..
രണ്ടു നില കെട്ടിടമാണെങ്കിലും ലിഫ്ട് വേണം, നാലടി നടക്കുന്നതിനു പകരം കാറ്;‌
ഓഫീസ്സുകളിൽ ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ
വിശ്രമസമയത്തും ഒരു
ജോലിയും ചെയ്യുന്നില്ലെങ്കിലും എല്ലാ ലൈറ്റ് ഉം
ഓണാക്കിടാ…
വീട്ടിൽ പല്ലുതേയ്ക്കുന്ന സമയമത്രയും ടേപ്പ്
തുറന്നുവയ്ക്ക..
പാട്ടുംപാടി രണ്ടുമണിക്കൂറോളം നേരം ഷവർ
തുറന്നങ്ങനെ നില്ക്കാ….
സത്യശീലൻ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ
ഇങ്ങനെയാണ്….
അല്ലാ, നിങ്ങളൊക്കെ എന്താ ഇങ്ങനെ; പിന്നെ
എങ്ങിനെ നമ്മുടെ നാടുനന്നാവും.
എടോ…
സത്യശീലൻ പിടിവിട്ടിട്ടില്ല…

വിശ്രമ സമയമായതുകൊണ്ട് ഓഫീസിൽ ഉള്ള എല്ലാവരും സത്യശീലനു ചുറ്റും ഇരുന്നു.
സത്യശീലൻ തുടർന്നു എടോ..
കയ്യിൽ പണമുണ്ടെന്നു കരുതി നമുക്ക് തോന്നിയപോലെ ഉപയോഗിക്കാനുള്ളതല്ല പ്രകൃതി വിഭവങ്ങള്. അതിൽ നിയന്ത്രണം വേണം.
ഇത് അക്ഷയഖനിയൊന്നുമല്ല..

ഇപ്പൊ തന്നെ ആലോചിച്ചു നോക്കൂ കുടിക്കുന്നതിനുള്ള വെള്ളത്തിന്
ഒരുനേരത്തെ ഭക്ഷണത്തേക്കാൾ വിലയാണ്…
ഇങ്ങനെ പോയാൽ ഇനി കുടിവെള്ളവും കിട്ടാതെയാവും…
ഈ പോക്കുപോയാൽ കുടിവെള്ളത്തിന്റെ അവകാശത്തിനുവേണ്ടി
അല്ലെങ്കിൽ അത് ഉള്ള സ്ഥലങ്ങൾ കയ്യടക്കുന്നതിനു വേണ്ടിയാകും
ഇനി രാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടാകാൻ പോകുന്നത്.
എടോ സുഗുണാ….

നമ്മൾ പലതും കണ്ട് പഠിക്കേണ്ടതുണ്ട്.
കണ്ട് പഠിക്കെ….
ആരിൽ നിന്ന്..
എല്ലാവിടെയും ഇങ്ങനെയൊക്കെതന്നാ..
അല്ലെങ്കിൽ ഇതിലും മോശമാണ്
നമ്മളാണ് എല്ലാവരേക്കാളും ഭേദം …
സുഗുണൻ ഒന്നുകൂടി തോണ്ടിയിട്ടു…
അതാണ് പ്രശ്‍നം..

എല്ലാവരും ചെയ്യുന്നു അപ്പൊ നമുക്കും ആവാം നമ്മള് ചെയ്യുന്നതാണ് ശരി എന്ന ഈ തോന്നലുണ്ടല്ലോ അത് ആദ്യം മാറണം.
എടോ സു’ഗുണാ..
എന്തെങ്കിലും ഗുണ’മുള്ള കാര്യങ്ങൾ കണ്ടും കേട്ടും മനസ്സിലാക്കാൻ ശ്രമിക്ക്യാ ന്നിട്ടങ്ങട്ട് ചെയ്യാ…
മ്മടെ ഈ ഭൂമ്മ്യേ നമുക്ക് മാത്രമായി ആരും തീറെഴുതിതന്നിട്ടില്ല…! ഉവ്വോ…??
അതിന് എങ്ങനെയാ…

ഈ ഇട്ടാവട്ടമല്ലാതെ എവിടെയെങ്കിലും പോയിട്ടുണ്ടോ
പത്രവായന അതുപോലും ഇണ്ടാവാവോ…
ഇയാളോടൊക്കെ ഇനി എന്താ പറയാ..
എടോ, ലോകം ഒരുപാട് മാറി…
കണ്ണുതുറന്നു കാണ്…
നാച്ചുറൽ റിസോഴ്സ്സ് ആവശ്യത്തിനെ ഉപയോഗിക്കാവു
ശരി സാറെ..
സാറങ്ങാട്ടു ഒറ്റയ്‌ക്ക്‌ ലോകം നന്നാക്ക്..
വിയർത്തു വരുന്നകണ്ടപ്പോൾ ചോദിച്ചുപോയതാ..
ക്ഷമിക്കാ..
ഇനിണ്ടാവില്ല!

പതുവുപോലെ എല്ലാവരുകൂടി സത്യശീലൻ ചേട്ടനെ ദേഷ്യംപിടിപ്പിച്ച് എഴുന്നേറ്റുപോയി. ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവർക്കും സത്യശീലനെ ഇഷ്ടവും ബഹുമാനവുമൊക്കെയാണ്. അയാളുടെ അറിവിനോടും നിലപാടുകളോടും വലിയ ആദരവുമാണ് എല്ലാവർക്കും.
ജോലി കഴിഞ് വീട്ടിലേയ്ക്കു നടക്കുന്നതിനിടയിൽ സത്യശീലൻ ആലോചിച്ചു.
വീട്ടിൽ എത്ര നാളായി ഒരു വണ്ടി വാങ്ങാൻ ഭാര്യ പറയുന്നു..
അവളെ പറഞ്ഞിട്ടും കാര്യമില്ല…
അങ്ങനെയാണ് ലോകം..
ന്നാലും ഇതൊന്നും അനുവദിച്ചു കൂടാ നിയമങ്ങൾ കൊണ്ടുവരണം അത് നടപ്പിലാക്കണം….

ഒരു വീട്ടിൽ ഏത് തരത്തിലുള്ളതായാലും ഇന്ധനം കത്തിക്കുന്ന ഒരു
വാഹനം മാത്രമേ അനുവധിക്കാൻ പാടുള്ളൂ.
എല്ലാവരെയും സൈക്കിൾ ഉപയോഗിക്കുന്നതിനും നടക്കുന്നതിനും പ്രേരിപ്പിക്കണം.
പബ്ലിക് ട്രാൻസ്പോർട്ടുകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണം.
അതു പോലെ പൊതുകിണർ എന്ന പഴയ സമ്പ്രദായത്തിലോട്ട് മാറേണ്ടിയുംവരും;
സ്വന്തം വീട്ടിൽ കിണറാവുമ്പോൾ ഒരു കണക്കുമില്ലാതെ അങ്ങട്ട് ഉപയൊഗിക്കും.!
ഇതൊക്കെ അവസാനിപ്പിക്കണം എന്ന ദൃഢപ്രതിജ്ഞയുമെടുത്ത്‌
സത്യശീലൻ വീടിന്റെ പടിതുറന്നു ഉള്ളിൽ കയറി.
ഭാര്യ പതിവു പല്ലവികളുമായി
സത്യശീലനെ വരവേൽക്കാൻ പൂമുഖവാതിൽക്കൽ പൂത്തിങ്കളായി
നിൽക്കുന്നുണ്ടായിരുന്നു.

By ivayana