രചന : വൃന്ദ മേനോൻ ✍

എങ്ങുപോയെങ്ങു പോയ് മറഞ്ഞു ,
മണ്ണിന്റെ മക്കൾ ,
മണ്ണിന്റെ തുടിതാളങ്ങൾ .
ജീവിതസ്വപ്നങ്ങൾ പുഷ്പിച്ച ഗന്ധങ്ങൾ,
മണ്ണോടുചേർന്നലിഞ്ഞ വായ്ത്താരികൾ .
ഒരു വിത്തിന്റെ പ്രസവവും നാമ്പിന്റെ പിറവിയുമാകുലതകളായ്
മാറുന്ന മനുഷ്യാത്മാവിൻ ഗീതികൾ .
സ്വപ്നങ്ങൾക്കു വിളവെടുക്കാനവർ
നോമ്പുനോറ്റിരിക്കേ ,
പുഞ്ചിരിയായുമഴലായും ,
മഴ തത്തിക്കളിച്ചു രസിക്കും
പുഞ്ചവയൽപ്പാടങ്ങൾ .
നീളെ പരന്നൊഴുകും പൊൻകതി൪കനവുകളിൽ ,
എങ്ങോയോടിയൊളിക്കും നിരാശകൾ .
ചേറിലും ചെളിയിലുമുരുണ്ടു കളിച്ചു ,
മണ്ണപ്പം ചുട്ടു പശിയൂട്ടി ,
സഹജസപ്ന്ദനങ്ങളിൽ തുടിച്ച ബാല്യം .
പൂക്കളും പഴച്ചാറു൦ കൂട്ടി വ൪ണചായമൊരുക്കി ,
കോറിയിട്ട ചിത്രങ്ങൾ ചുമരിലാകെ ചന്തമായി.
ചാറ്റൽമഴയത്തു നൃത്ത൦ ചവിട്ടി,
ചേമ്പിലക്കീറു കുടയാക്കി,
യമ്മ തൻ ശാസനകളുമാവോളമേറ്റു വാങ്ങി,
അകത്തളങ്ങളിലൊളിക്കും കുസൃതി.
നീന്തിത്തുടിച്ചു പരൽ മീനുകളെപ്പോലെയേറെയാസ്വദിച്ചക്കാല൦
കോണകം ഉടുത്തവ൪, ഭാവിക സൌന്ദര്യങ്ങൾ.
നേരിയകസവുള്ള നേര്യതുടുത്തുമ്മറത്തെ,
ആട്ടുകട്ടിലിലിരുന്നാടി ,
മുറ്റത്തു നീട്ടിത്തുപ്പി ചോരപ്പൂക്കൾ കാർന്നോരും .
കാഴ്ചക്കുലകൾ നീട്ടിയടിയാൻമാരടി
പണിയും വിധേയത്വങ്ങളും ,
മങ്ങിയ കാഴ്ചകളായ് , മറവിമറയ്ക്കുള്ളിലായെന്നോ .
ഗതകാലസ്പന്ദനങ്ങളിൽ ചന്തയ്ക്കുപോകുന്നിതാ
കരകരാരവങ്ങളിൽ കാളവണ്ടിചക്രങ്ങൾ .
പുലർകാല വിളികളാകുന്നതാ ഋഷഭത്തിൻ,
ഗണ്ഡനാളത്തിലെ മണികിലുക്കങ്ങൾ .
കത്തും റാന്തലിൻ തിരി മങ്ങുന്നൂ .
കർക്കിടകക്കാറ്റു കനക്കുന്നൂ .
പഞ്ഞം മാറാൻ
ജ്യേഷ്ഠയ്ക്കു ശകാരവർഷം .
ഗൃഹലക്ഷ്മിയായ ദേവിയെ കുടിയിരുത്താനാരതിയും ,
സുഗന്ധപ്പുകയും .
ദൂരെദൂരെ ഞാറ്റുപാട്ടിൻ തിന്തനത്താന .
ചാന്തും കുത്തി പോണം കാണാനമ്മൻകുടം .
വിയർത്ത ജീവനത്തിൻ മണമലിഞ്ഞ
ബാഷ്പനിശ്വാസങ്ങൾ ,
ചോടുവച്ചയുത്സവമേളങ്ങളാകെയാകെയാലോലം .
ലോലോ ലോലോ ലോലോ ലോലോ ലോയല ലോയല ലോയലാ.
ഇന്നേതു പാട്ടു പാടണം,
വിത്തും കൈക്കോട്ടും പാടിയ വിഷുപ്പക്ഷികൾ.
പൊന്നിൻ നെൽക്കതി൪ സമൃദ്ധികൾ , മഞ്ഞോ൪മ്മ പടങ്ങൾക്കുള്ളിൽ
കിങ്ങിണിക്കണികളായ് മാറി.
മേടക്കാറ്റുമാതിരനിലാവും ,
പൊൻവെയിലിൻ ചിരിയും ,
പൂരപ്പറമ്പു൦ ,പരുന്താട്ടങ്ങളും ,കാവിലെ ചിന്തും ,
സർപ്പം തുള്ളലാട്ടങ്ങളും ,വിളക്കുമമ്പലക്കുളനീരാട്ടു൦
മൂവന്തിനേരത്തിത്തിരി ദൂഷണം പറയാനരയാൽത്തറയും ,
ഗ്രാമച്ചന്ത പിരിഞ്ഞനേരമൊട്ടു കള്ളും മോന്തി ,
പാടവരമ്പത്തൂടാടിയാടിവരുമാലേഖങ്ങളും ,
ചക്കര മാവിൻകൊമ്പിലിരിക്കും,
പൂവാലനണ്ണാരക്കണ്ണനോടൊരു മാമ്പഴം ചോദിച്ചു ,
പൂപെറുക്കി നടന്നതൊടികളും ,
വെളുവെളുക്കനെ ചിരിചിരിച്ചൊരു
തുമ്പയും, ചേമന്തിയും ,വരമഞ്ഞൾക്കുറിയിട്ട മുക്കൂറ്റിയും ,
തൊണ്ടിപ്പഴം തേച്ചു മിനുക്കി ചുവപ്പിച്ച ചുണ്ടുമായ് ,
വാമാക്ഷിയായുടുത്തൊരുങ്ങി,
മുത്തശ്ശി ചൊല്ലിയ
യക്ഷിക്കഥയിലെ നായികയായതും
ചന്ദനം മണക്കുമോർമ്മ ചിത്രങ്ങൾ .
നിറമാ൪ന്ന ഭൂതസ്മൃതികൾ തൻ കണ്ണാടിക്കൂട്ടിലെ, ചാരുതെളിമകൾ .
എല്ലാം കാലം കവർന്നെടുത്ത കാഴ്ചകൾ .
തേടുന്നു പുതുതാളങ്ങൾ
അന്യമാം ലോകം
കാണിയ്ക്കവെയ്ക്കും നാട്യങ്ങളിൽ നമ്മളും.
തുടരുന്നു യാത്രകൾ സ്വപ്നങ്ങൾ പൂക്കു൦ പുതു തീരങ്ങളിൽ.
മങ്ങാതിരിക്കണമെങ്കിലു൦ അകമലരിൽ
പൊന്നിൻ കതിരുകൾ പകരു൦ ശോഭകൾ,
ഇത്തിരി മഞ്ഞവസന്തങ്ങൾ .

By ivayana