രചന : ദിലീപ്.. ✍
പൊള്ളുന്ന പനിച്ചൂടിലേയ്ക്ക്
ചാടിയിറങ്ങി
ഒരു പുതപ്പിനടിയിൽ നിന്നും
അർദ്ധമയക്കത്തിന്റെ
വാതിൽപ്പാളിയിലേക്ക്
എത്തിനോക്കിയിട്ടുണ്ടോ???
അന്നോളം കാണാത്ത
സ്വപ്നങ്ങളുടെ
അരുവിയിലൂടെ
ലക്ഷ്യമില്ലാത്ത
ഒരു യാത്രപോകാം,
വാഹനവും ഡ്രൈവറും
ഒരാൾ തന്നെയാകുന്ന
ഒരു അപൂർവ്വയാത്ര,
കുന്നുകളിൽ നിന്നും
അടിവാരത്തിലേക്ക്
ചിറകുകളില്ലാതെ
പറന്നിറങ്ങാം,
കടൽച്ചൊരുക്കുകളെ
ഭയക്കാതെ തിരകൾക്കൊപ്പം
ആടിയുലഞ്ഞ്
കടലിന്റെ അടിത്തട്ടിലേക്ക്
വീണുറങ്ങാം,
സ്റ്റോപ്പുകളില്ലാത്ത
ഒരു ദീർഘദൂരതീവണ്ടിയുടെ
മുരൾച്ചയും ചൂളം വിളിയും
തലയോട്ടിയിൽ നിന്നും
പുറത്തേക്ക് ഇടയ്ക്കിടെ
തള്ളിവരും,
അതിനെ ശ്രദ്ധിക്കാതെ
വാതിൽപ്പാളിയിലേക്ക് തന്നെ
നോട്ടമയക്കണം,
കണ്ടു മതിയാകാത്ത
കാഴ്ച്ചയുടെ ഗിരിശൃംഗങ്ങൾ
അപ്പോഴും നമ്മെ നോക്കി
ചിരിക്കുന്നുണ്ടാവും,
സ്വന്തം പട്ടടയുടെ
പൊള്ളുന്ന തീച്ചൂട്
പനിയെന്നൊരു പേരിൽ
ശരീരത്തിലേക്ക് പിന്നേയും
ഇരച്ചുകയറും,
ഹിമഗിരിയുടെ
കൊടുംതണുപ്പ്
ഒരു പുതപ്പിനുള്ളിലേക്ക്
മെല്ലെ നുഴഞ്ഞു കയറും
തുറന്നുപിടിച്ച വായിലൂടെ
ഉള്ളിൽ എരിയുന്ന
പട്ടട ചൂട് പുറന്തള്ളും,
പനിയുടെ
മോഹിപ്പിക്കുന്ന
കാഴ്ചകളിലേക്ക്
ഉള്ളിൽ നിന്നും ആരോ
പിന്നെയും തള്ളിയിട്ടുകൊണ്ടിരിക്കും,
പനിയും പുതപ്പും
ഇത്രമേൽ ചേർന്നിണങ്ങുന്ന
പകലുകൾ,
ഇല്ലാത്ത മഴക്കുളിരിനെ
ദാനമായിത്തരുന്ന
പനിയുടേതല്ലാത്ത
മറ്റേത് പകലുകളുണ്ട്
നമുക്ക്????