രചന :- ബിനു. ആർ.✍
അഘങ്ങൾ നിറയുന്നൂ,ഭൂമിയുടെ
പരപ്പിൻ തിരുമുറ്റത്ത്
ഒന്നല്ല രണ്ടല്ല,
ഒന്നിനുമപ്പുറം രണ്ടിനുമപ്പുറം
കോലംകെട്ടിയ കാഴ്ചകളെല്ലാം
അറിവിൻ മൂർത്തരൂപമെന്നു
പേർകേട്ടമനുഷ്യനെന്നപദത്തിന്ന് നാണക്കേടിൻമുഖം
പകർന്നുനൽകിയവർ
വൃത്തികേടിൻമുഖത്ത്
ഇരുമ്പുപഴുപ്പിച്ചു വയ്‌ക്കേണ്ടും
ചെയ്തികൾ ചെയ്തവർ
കണ്ടുംകേട്ടുംകേട്ടറിഞ്ഞും
നാടിൻവാഴ്‌വുകൾനാട്ടറിവുകൾ
കണ്ടുംകേട്ടുംതപിച്ചും
മാനവരാശികളെല്ലാം
കണ്ണുപൊത്തിയും
ചെവിപൊത്തിയും
വാപൊത്തിയുംകൊഞ്ഞനംകുത്തിയും
കണ്ടന്ധാളിച്ചുനിൽപ്പൂ
ഭൂമിതൻ ജന്തുജാലങ്ങളിൽ
ദൈവത്തിൻതിരുപ്പിറവിയുള്ളവർ!
ചിരി സ്വന്തമായുള്ളവർ!
ബുദ്ധിയും ബോധവും
കൂടെപിറപ്പായുള്ളവർ!,
മാനവർ..തിരുകുലം…!