രചന :- സിന്ധു നാരായണൻ .✍

മരണവീട്ടിൽ
തളംകെട്ടുന്ന
ചില ഗന്ധങ്ങളുണ്ട്!
നെഞ്ചുതുളച്ചുകയറുന്ന
മരണഗന്ധങ്ങൾ!
ശ്വാസംമുട്ടി
ചങ്ക് നോവിപ്പിക്കുന്ന
ചില ഗന്ധങ്ങൾ!!
മരണാനന്തരചടങ്ങുകൾ
കഴിഞ്ഞ വീട്ടിലെ
ആദ്യത്തെ രാത്രിയോളം
വിങ്ങുന്ന നിശ്ശബ്ദത
മറ്റെവിടെ കാണാനാകും?
വീടിന്റെ ഓരോ
മുക്കും മൂലയും
യാത്രപോയ ആളെ
ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും!
നിഴലനക്കങ്ങളായും….
നീറ്റുന്ന വേദനകളായും!
പിന്നെപ്പിന്നെ,
ആയുർദൈർഘ്യത്തിന്റെ
കണക്കുപറഞ്ഞ്
ആശ്വസിക്കുന്ന
ചില പിറുപിറുക്കലുകൾ
കേട്ടേക്കാം
ആശ്വസിപ്പിക്കലുകൾക്കിടയ്ക്ക്
അയാളുടെ നന്മകൾ
എണ്ണിപ്പറഞ്ഞുള്ള
വിങ്ങിപ്പൊട്ടലുകൾ
കേട്ടേക്കാം
കാത്തിരിപ്പിനൊടുവിൽ
അയാളെത്തുമെന്ന
പ്രതീക്ഷ മരിച്ച
തേങ്ങിക്കരച്ചിലുകൾ
കേട്ടേക്കാം….
വീടപ്പോഴും
മങ്ങിയവെളിച്ചത്തിൽ
വിറങ്ങലിച്ചു നിൽക്കയാവും!
ഉറക്കെ ചിരിച്ചതും,
ഉള്ളുനിറഞ്ഞതും
ഉള്ളാളിയതും
ഉടലുനീറിയതും….
വീടിനോളം
അടുത്തുകണ്ടവരുണ്ടാവില്ല.
വീടിനോളം
അയാളെ അറിഞ്ഞവരുണ്ടാകില്ല.
അതാവാം…
വീടെന്നും അയാളെ
ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും….
കാരണമില്ലാതെയും
ദീർഘനിശ്വാസങ്ങൾ
ഉതിർന്നുവീണുകൊണ്ടിരിക്കും!!

സിന്ധു നാരായണൻ വാക്കനാൽ.

By ivayana