രചന :- രമണി ചന്ദ്രശേഖരൻ ✍

വർഷമേ…നിനച്ചിരിക്കാത്ത നേരത്താണ് നീ വന്നു പോകുന്നത്.മനസ്സിൻെറ വാതായനങ്ങൾ തുറക്കുമ്പോൾ, നിന്നെക്കുറിച്ചുള്ള ഓർമ്മകൾ മഴത്തുള്ളികളായി, തുള്ളിക്കൊരുകുടം പോലെ പെയ്തിറങ്ങന്നു. എപ്പോൾ നീ ആർത്തലച്ച് പെയ്താലും ആ മഴനൂൽ പൊട്ടിച്ചെറിഞ്ഞ് നിന്നിലേക്ക് അലിയാൻ കൊതിയായിരിക്കുന്നു….
നീ എന്നുമെനിക്കൊരു ബലഹീനതയാണ്. നിന്റെ മുഖം കറുത്തിരുണ്ട് വരുന്നതു കാണുപ്പോൾ എന്റെ മുഖത്തിനും ഇരുളിമയാണ്.അപ്പോൾ ആരുമറിയാതെ വരുന്ന കുസൃതിക്കാറ്റ് ഹരമുണർത്തി ഒരു സ്പർശനം പോലെ എൻെറ അളകങ്ങളെ ഇളക്കി ദൂരേക്കു പോകുമ്പോൾ അറിയാതെ ഞാനുമെൻെറ ഇമകളെ ചലിപ്പിക്കാറുണ്ട്.
നീ പെയ്തുണർന്നു കഴിയുമ്പോൾ നിന്റെ ശ്രുതിയും താളവും എന്റെമനസ്സിലും നിർവൃതിയുടെ
പ്രകമ്പനമാണെന്ന്പറയാതിരിക്കാനാവുന്നില്ല.
സന്ധ്യയുടെ വിരിമറവിൽ ഭൂമിയുടെ തടവറയിൽ നിന്നും കാഴ്ചകൾ കാണാനെന്നപോലെ പൊങ്ങിവരുന്ന ഈയലുകൾ.അവസാനം ചിറകുകൾ അടർന്ന് മണ്ണിൻെറ മാറിലൂടെഎങ്ങോട്ടു പോകണമെന്നറിയാതെ നിമിഷനേരത്തേക്കുള്ള യാത്രയിൽ,തുള്ളിത്തുളുമ്പുന്ന നിന്റെ മനോഹാരിതയിലേക്ക് ഒരു നിഴൽ വീണതുപോലെ ഇന്നും മായാതെ നിൽക്കുന്നു.
മനുഷ്യമനസ്സിൻെറ ഭാവങ്ങൾ ഒപ്പിയെടുത്ത് താണ്ഡവമാടാനും നിനക്ക് അധികസമയം വേണ്ടല്ലോ.
കാലത്തു പെയ്തു മാറിനിന്നിട്ട് ഉച്ചപ്പെയ്ത്തിനായ് ഒരുങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങൾക്ക് വേനൽച്ചൂടിൻെറ നിറമാണ്.
മഴനാരുകളിൽ ഞാൻ നെയ്ത സ്വപ്നങ്ങൾ എന്നിൽ പെയ്തു നിറയാതെ എവിടെയൊ നഷ്ടപ്പെടുന്നുവോ ….കാർമേഘത്തേരിലേറി നീ ദൂരയെങ്ങോ മറയുമ്പോൾ വർഷമേ നീയോർക്കുന്നുവോ എൻെറ കാത്തിരിപ്പിൻെറ ദൂരം.
പുഴയുടെ കരഞ്ഞു കലങ്ങിയ കണ്ണിലേക്ക് നീ വീണ്ടും വീണ്ടും ആർത്തലച്ചു, നിറയുന്നതു കാണാനാണെനിക്കേറെയിഷ്ടം.
ഇന്ന് ഈ ഏകാന്തതയിൽ, നിന്നെക്കുറിച്ചോർത്തപ്പോൾ, നീയെന്റെ മനസ്സിനും ശരീരത്തിനും കുളിർമ്മയായി പെയ്തുണർന്ന രാവുകളിലേക്ക്, അറിയാതെ എന്റെ മനവും പായുമ്പോൾ
ഒരുവിങ്ങൽ ഞാൻ പോലുമറിയാതെ ഉള്ളിലുണരുന്നല്ലോ…
.എൻെറ ശ്വാസനിശ്വാസങ്ങൾക്ക് എൻെറ സ്വപ്നങ്ങൾക്ക് നിറം പകർന്ന എൻെറ കൂട്ടേ..നിന്നെ ഓർക്കാതിരിക്കാനാവുന്നില്ലല്ലോ..
ഈ ദിനങ്ങളിലും നീ പെയ്തുണരുമ്പോഴുള്ള മണ്ണിൻെറ ഗന്ധം ഇന്നെൻെറ ഇഷ്ടമായി മാറിക്കഴിഞ്ഞിരിക്കുന്നു.
നീ പ്രണയവും ഞാൻ പ്രണയിനിയുമാകുമ്പോൾ….വരും കാലങ്ങളിലും ആസ്വദിക്കും ഞാനീ പുതുമണ്ണിൻ ഗന്ധം.

By ivayana