രചന :- റെജികുമാർ ചോറ്റാനിക്കര ✍

ഉണ്ടെന്റെ ബാല്യത്തിലൊത്തിരിച്ചേലിലായ്
വർണ്ണങ്ങൾ തൻ താളമേളനങ്ങൾ..
അന്നെന്റെ ഹൃത്തിലോ തുള്ളിത്തുടിച്ചതും
മഴവില്ലിനഴകാർന്ന തൂവെളിച്ചം..
കണ്ടതാം പൂക്കളിൽ പൊൻവസന്തത്തിന്റെ
ഓമൽക്കിനാക്കളം തീർത്തിരുന്നൂ..
ഇടവഴിയിലായ്ചേർന്നുയിരിൻ തിളക്കമായ്
ചെറുകൂരകൾ സ്നേഹമുണ്ടിരുന്നൂ..
വാഴ്‌വിലോ സത്യപ്രമാണങ്ങളെന്നുമേ-
ശ്വാസനിശ്വാസങ്ങളായിരുന്നൂ..
കണ്ടൂ:മറക്കുവാനാകാതെയുള്ളിലായ്
കൂടുകൂട്ടും കർമ്മബന്ധങ്ങളും..
ഉണ്ടതിൽപണ്ടു,ഞാ:നെന്നേമറന്നുള്ള
സ്നേഹബന്ധങ്ങൾ തൻ പൊന്നൊളിയും..
ഹൃത്തിലായ്കാത്തൊരാ സൗഹൃദങ്ങൾ നിത്യ –
മൊരു മയിൽപ്പീലിതൻ ചന്തമോടേ..
ഓടിക്കിതച്ചെന്നുമോർമ്മയിൽ വന്നെത്തു
മായിരം തങ്കക്കിനാക്കളല്ലോ..
സുഖമുള്ള നോവായതുള്ളിൽ പടർന്നിടു –
ന്നൊരു മഞ്ഞുതുള്ളിപോലിറ്റിടുന്നൂ..
കാത്തുസൂക്ഷിക്കുന്നു നൈർമല്യമേറുമാ –
നന്മകളെന്നും മനോഹരമായ്..

റെജികുമാർ

By ivayana