രചന :- സാബു നീറുവേലിൽ ✍

മന്വന്തരങ്ങളായ്,
പ്രണയാതുരയായ്,
സൂര്യനെ ചുറ്റുന്ന
പെണ്ണോരുത്തി.
കടലിൻ്റെ ആഴവും,
ഗഗന ചാരുതയും,
നെഞ്ചിൽ ഒളിപ്പിച്ച
കൂട്ടുകാരി.
പുലർകാല
സൂര്യൻ്റെ, ചുടു
ചുംബനത്താൽ
തരളിതമാകുന്ന
പൂമേനിയിൽ;
നിഴലിടും മോഹങ്ങൾ
കനവിൽ ഒളിപ്പിച്ച്,
നിഴലായി നിലാവായ്
പെയ്യുന്നവൾ.
ഒരുവേള സൂര്യൻ്റെ മൃദു
സ്പർശമാമാറിൽ,
അറിയാത്തൊരുന്മാദം
തീർത്തീടവേ;
അറിയാതവളൊന്നു-
ലഞ്ഞു പോയാൽ
തന്നിൽ പിടയുന്ന
ജീവൻ്റെ മൃതി ചിന്തകൾ.
പെറ്റതല്ലെങ്കിലും
പോറ്റിയ മക്കളെ,
നെഞ്ചിൽ
കരുതുന്നൊരമ്മയാണ്;
കാമുക ചിത്തത്തിൽ
കൂട് കൂട്ടീടുവാൻ
കുഞ്ഞിനെ
കൊല്ലുന്നൊരമ്മയല്ല.
ചുറ്റിലും ഭൂകമ്പമാപിനി-
യിക്ഷിതി സ്പന്ദനം
പോലും കവർന്നെടുക്കെ;
സ്വച്ഛമായിയൊന്ന്
നിശ്വസിക്കാൻ പോലും
എന്നേ ധരിത്രി
മറന്നു പോയി.
എങ്കിലും പ്രണയിനി
തൽപത്തിൽ വിരിയിട്ട
വാടാത്ത, ചൂടാത്ത
മലർ മൊട്ടുകൾ;
എന്നും നിവേദ്യമായ്
നേദിപ്പൂ തൻ പ്രിയ
കാന്തൻ പുലരും
പുലരികളിൽ.
പരിഭവമേതുമേ
ചൊല്ലുവാനില്ലിവൾ
പ്രാണൻ തുടിക്കുന്ന
വാക്കുകളാൽ;
ഒരുനാളും പൂവിടാ-
പ്രണയത്തിനൊപ്പം
പ്രണയം തുടിക്കുന്ന
പ്രണയമേത്..!!!

സാബു നീറുവേലിൽ

By ivayana