രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍

ആ,യദുകുലനാഥൻ ശ്രീകൃഷ്ണനല്ലാതെ;
കാലമെത്ര കടന്നിട്ടുമീയുലകത്തിൽ,
ധീരധീരമാരേവന്നു,പ്രതികരിക്കാൻ?
നേരിലൊന്നോർക്കുകിൽ ധർമ്മച്യുതികൾ പാരം!

താനേകെട്ടതല്ല,കാലംകെടുത്തിനമ്മൾ;
മാനമില്ലാതല്ലോയെങ്ങും നടന്നിടുന്നു !
മാനികൾക്കുനേരേയപവാദശരങ്ങൾ,
ഞാനെന്ന’ഡംഭ’ത്താലെന്നുമെയ്തുകൂട്ടുന്നു!

സത്യമേവജയിച്ചിടാനീയുലകത്തിൽ
നിത്യവുമത്യുജ്വലം പോരാടിടേണം നാം
സ്വാർഥതയാൽ തഴച്ചൊരു മനസ്സകറ്റി,
സാർഥകമായ് മാറ്റീടുകീ മനുഷ്യ ജൻമം

വ്യാസനിൽ, വാൽമീകിയിൽ ശ്രീ ഭാസനിൽ കാളി –
ദാസനിൽ ശ്രീമദ് തുളസീദാസനിലൂടെ,
കമ്പരിൽ ശ്രീതിരുവള്ളുവരിലുംപിന്നെ;
തുഞ്ചത്താചാര്യനിൽ കുഞ്ചൻ നമ്പ്യാരിലുംനാം,

ദർശിച്ചതൊക്കെയും ധർമ്മ ശീലുകളല്ലോ !
ഹിംസയെ മല്ലിടാനുള്ള സന്ദേശമല്ലോ!
ആയതൊന്നുമറിയാതെ പിന്നെയും നമ്മൾ
പോവുകയാണധർമ്മത്തിൻ പിന്നിലെന്നെന്നും!

ദൈവമിന്നുകച്ചവടച്ചരക്കായ്മാറി!
ദ്വൈതമിന്നുചിലർക്കൊക്കെ പണച്ചാക്കുമായ്!
നൈതികതയേതുമില്ലാതിവിടെ ദുഷ്ടർ,
വൈദികഭാവം നടിച്ചുനടക്കയല്ലീ!

കാണുന്നതൊക്കെയും മുന്നിൽ കരാളനൃത്തം
ജാതി,മത,രാഷ്ട്രീയത്തിൻ മദാന്ധനൃത്തം!
കേൾക്കുന്നതൊക്കെയുമെത്ര കഠോര ശബ്ദം,
വാൾത്തലകൾപോലുംതോൽക്കും തീപാറുംശബ്ദം!

നേരമൊന്നുപരക്കേവെളുത്തിടുംമുന്നേ;
നേരേപാഞ്ഞിടുന്നൂമർത്യൻ തിടുക്കമോടേ
നേടീടുവാനുള്ളതേതു നീചമാർഗ്ഗവും
തേടിനടന്നല്ലോനേടു,ന്നതിസമർത്ഥം!

ദുഃഖക്കയങ്ങളിൽപെട്ടിങ്ങുഴലുമ്പോഴും,
ഭക്തിയും ഗുരുത്വവും കൈവെടിഞ്ഞിടാതെ,
കൃഷ്‌ണാ,മുകുന്ദാ മുരളീധരാനിന്നെയും
കാത്തുകാത്തിരിക്കുന്നിതാഞങ്ങൾ നിർനിദ്രം!

എത്തീടുകവേഗം പരമാത്മസ്വരൂപാ,
പാർത്തലത്തിൽ പാർഥസാരഥിയായിത്തന്നെ
ധർമ്മയുദ്ധം കൊണ്ടധർമ്മനാശമൊന്നല്ലോ;
നിർമ്മമചിത്തത്തിലുള്ളെ,ന്നറിഞ്ഞീടുന്നേൻ!

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana