രചന : സതി സുധാകരൻ പൊന്നുരുന്നി. ✍

പരീക്ഷയെല്ലാം കഴിഞ്ഞ് സ്കൂൾ അടച്ച് രണ്ടു മാസത്തെ അവധിക്കാലം. കുട്ടികൾക്ക് ആർത്തുല്ലസിച്ചു നടക്കാനുള്ള സമയം .അതു നോക്കിയിട്ടാണെന്നു തോന്നുന്നു ചക്കയും മാങ്ങയും, കാശുമാങ്ങയും മൂത്തുപഴുത്തു തുടങ്ങുന്നത്
വിശാലമായ പറമ്പുകൾ നിറയെ ഫലവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു നില്ക്കുന്ന കാഴ്ച കാണാൻ എത്ര മനോഹരമാണ്! പലവർണ്ണത്തിലുള്ള തുടുത്ത കശുമാങ്ങകൾ പഴുത്തു കിടക്കുന്ന കാഴ്ച അതിമനോഹരം തന്നെ! കണ്ണിന് ഇമ്പമേകിപൂത്തു നില്ക്കുന്ന പൂമരങ്ങൾ അതിൽ വന്നിരുന്ന് തൻ്റെ ഇണയെ ശ്രുതിമധുരമായി പാട്ടു പാടി നീട്ടി വിളിക്കുന്ന ഇണക്കുയിലുകൾ ആ പുലർകാലത്തിനു തന്നെ എത്ര കുളിരാണ് !കുളിരുള്ള ഓർമ്മകൾ തരുന്ന അവധിക്കാലം.

റോഡിന്നിരുവശവും നിറയെ മാവുകൾ അതിൽ നിന്നും കാറ്റത്തു വീഴുന്ന മാമ്പഴം പെറുക്കിയെടുക്കാൻ എന്നോടൊപ്പം ഓടി നടക്കുന്ന കൂട്ടുകാർ ! ഉറക്കമില്ലാത്ത രാത്രികൾ. മാമ്പഴത്തിൻ്റെ ഒറ്റ ജ്വരം മാത്രം. അച്ഛനറിയാതെ കള്ളനേപ്പോലെ വെളുപ്പിനു നാലു മണിക്ക് കുട്ടുകാർ വന്നു മുട്ടിവിളിക്കുന്നതു കാതോർത്തു കിടക്കും. ചിന്ത മുഴുവനും മാവിൻ ചുവട്ടിൽ നിരന്നു കിടക്കുന്ന മാമ്പഴത്തെക്കുറിച്ചായിരിക്കും.ആർക്ക് മാമ്പഴം കൂടുതൽ കിട്ടും എന്നു വിചാരിച്ചുള്ള മത്സര ഓട്ടമാണ്. അച്ഛനറിഞ്ഞാൽ അടി ഉറപ്പാണ്. വീട്ടിൽ ഇഷ്ടം പോലെ മാമ്പഴ മുണ്ടെങ്കിലും പെറുക്കിയെടുക്കുന്ന മാമ്പഴത്തിൻ്റെ രുചി വേറെ തന്നെയാണേ! തിന്നില്ലെങ്കിലും മറ്റുള്ളവരേക്കാൾ കൂടുതൽ കിട്ടണം എന്ന ചിന്ത മാത്രം. പിന്നെ ഒന്നുമറിയാത്ത പോലെ വന്നു കിടന്നുറങ്ങും. മനസ്സിലേയ്ക്ക് കുളിർമഴ പെയ്യിച്ച് മധുരമുള്ളൊരോർമ്മ തന്ന നല്ല നാളുകൾ! എങ്ങനെ ഞാൻ മറക്കും.

എനിക്ക് പതിനൊന്നു വയസ്സുകാണും. അമ്മ വീട്ടിലും അച്ഛൻ വീട്ടിലും, കുഞ്ഞമ്മ വീട്ടിലുമാണ് അവധിക്കാലം കഴിച്ചുകൂട്ടുന്നത്. എൻ്റെ കുരുത്തക്കേടു കാരണം ഒരു ദിക്കിലും വിടാൻ അച്ഛന് ഇഷ്ടമില്ലായിരുന്നു. എല്ലാ ദിക്കിലും പിടച്ചു കയറും. വെള്ളം കണ്ടാൻ എടുത്തു ചാടും. എന്തൊരു സ്വഭാവമാണാവോ? അമ്മ എപ്പോഴും പറയും ഞാനുണ്ടോ കേട്ട മട്ടു നടിക്കുന്നു. അതുകൊണ്ട് തോട്ടിലും കുളത്തിലും ഒന്നും കുളിക്കാൻ വിടാറില്ല . ഞാൻ അച്ഛനെപ്പറ്റിച്ച് വലിയമ്മമാരൊടൊത്ത് കുളത്തിൽ കുളിക്കാൻ പോകും .എൻ്റെ കുരുത്തക്കേടിന് ഇഷ്ടം പോലെ അടിയും കിട്ടിയിട്ടുണ്ട്.
ഒരു മാസക്കാലം അമ്മയുടെ അനുജത്തിയുടെ വീട്ടിലായിരിക്കും. എനിക്ക് സ്വാതന്ത്രം കിട്ടിയ നാളുകൾ. കാലടിയിൽ പെരിയാറിൻ്റെ തീരത്താണ് വീട് .

പിന്നെ എനിക്ക് സന്തോഷത്തിൻ്റെ നാളുകളാണ്! കൂട്ടുകാരൊത്ത് പെരിയാറിലെ കുളി, രണ്ടു മണിക്കൂറാണ്. എന്താണെന്നറിയില്ല കരയിൽ നിന്നാലും പുഴ എന്നെ മാടി വിളിച്ചുകൊണ്ടേയിരിക്കും. ശാന്തമായൊഴുകുന്ന ഓളങ്ങൾ
കരയിലെക്കു ചാഞ്ഞു നില്ക്കുന്ന മരച്ചില്ലകൾ ഓളങ്ങളെ തഴുകിക്കൊണ്ടിരിക്കും .ചില്ലകളെ തട്ടിത്തെറിപ്പിച്ച് ചിരിച്ചു തുള്ളി ഓടുന്ന ഓളങ്ങൾ! മുത്തമിട്ട് മുത്തമിട്ട് കുണുങ്ങിക്കുണുങ്ങി അവളങ്ങനെ ഒരു നാടൻ പെണ്ണിനേപ്പോലെ ഒഴുകിപ്പോകും. ഒരു പതിനേഴുകാരിയുടെ പവറാണവൾക്ക് ! എന്തൊരു ശാന്തത. വെള്ളാരംകല്ലുകൾ വെയിലേറ്റ് വെള്ളത്തിൽ കിടന്ന് വെട്ടിത്തിളങ്ങും എന്നെ നോക്കിച്ചിരിക്കും. അക്കരെ നിന്നും അലക്കുന്ന ഒച്ച കേൾക്കാം ! സുന്ദരിയായവൾ അങ്ങനെവിശാലമായി പരന്നു കിടക്കയല്ലേ!

ഇടയ്ക്ക് കിഴക്കൻ മലയിൻ നിന്നും ഈറ്റവെട്ടി ചങ്ങാടം പോലെ ഒഴുകി വരുന്നുണ്ടാകും. അതിൻ്റെ മുകളിൽ ഒരാൾ കയറി നിന്ന് കോലുകൊണ്ട് തുഴഞ്ഞു പോകും. മലയിൻ നിന്നൊഴുകി വരുന്ന വെള്ളച്ചാട്ടത്തിൽ കൂടി ഒഴുകി വരുന്ന ഈറ്റക്കെട്ടിൻ്റെ മുകളിൽ കയറി ഇരുന്നു തുഴഞ്ഞു പോകുന്ന ആൾക്ക് എന്തു ഗമയാണ് .പുഴ അയാളുടെ സ്വന്തമാണെന്നു തോന്നും. അപ്പോഴാണ് എനിക്കും ഒരു തോന്നൽ! കിഴക്കൻ മലയിൽ നിന്നും ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിൽ കൂടി ഇറ്റക്കെട്ടിൻ്റെ മുകളിരുന്ന് തുഴഞ്ഞു നടക്കണമെന്ന് എനിക്കും തോന്നി. അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് കിഴക്കൻ മലയിലെ വെള്ളച്ചാട്ടത്തിൽ കുടി ഒഴുകി വരുന്നതാണെന്ന്!

അച്ഛൻ്റെ നിയന്ത്രണം വിട്ട നാളുകൾ ഞാൻ ശരിക്കും മുതലെടുത്തു .എന്തു സംഭവിക്കും എന്നു ചിന്താക്കാനറിയില്ല കളി ഒറ്റ ജ്വരമാണ്
അന്നൊരു ദിവസം കൂട്ടുകാർ ആരും ഉണ്ടായിരുന്നില്ല കുഞ്ഞമ്മയുടെ ആറു വയസ്സായ മകനേയും കൂട്ടി എന്നത്തേയും പോലെ കുളിക്കാൻ ഞങ്ങൾ പുഴയിൽ പോയി. കുട്ടിയെ കരയിലിരുത്തിയിട്ട് ഞാൻ നീന്താനിറങ്ങി കുറെ ദിവസമായി അക്കരെ നിന്നും തെങ്ങോല കൈകളെന്നെ മാടി വിളിക്കാൻ തുടങ്ങിയിട്ട് !ഞാൻ നീന്തിയും നടന്നും വെള്ളാരം കല്ലു പെറുക്കിയും എൻ്റെ ജൈത്രയാത്ര തുടർന്നു കൊണ്ടേയിരുന്നു.

വേനൽക്കാലമായതുകൊണ്ട് ചില സ്ഥലത്ത് മുട്ടുവരേ മാത്രമെ വെള്ളമുണ്ടാകു ചില സ്ഥലത്ത് ആഴം കൂടുതലായിരിക്കും അപകടം പതിയിരിക്കുന്നത് എനിക്കറിയില്ലല്ലോ എങ്ങനെയും അക്കരയെത്തണം. പെരിയാറിലെ ഓളങ്ങൾ എന്നെ താരാട്ടുപാടിയും നടത്തിച്ചും കാഴ്ചകൾ കാണിച്ചും പുഴയുടെ പകുതിയോളമെത്തി. പിന്നെ മണൽത്തിട്ട കഴിഞ്ഞു ഞാൻ നടന്നിറങ്ങുകയല്ല വലിയൊരു ചുഴിയിലേക്ക് ആണ്ടു പോയി. എങ്ങോട്ടാണ് കൊണ്ടു പോയതെന്നറിയാതെ ശ്വാസം കിട്ടാതെ കൈകാലിട്ടടിച്ചു. അന്ന് ഈറ്റക്കാരനും വന്നില്ല .വിജനമായ പെരിയാർ അവളുടെ കൊട്ടാരത്തിലേക്ക് എന്നെ കൂട്ടി ക്കൊണ്ടുപോയി. എനിയ്ക്ക് അമ്മയെ കാണണം എന്നു തോന്നി എൻ്റെ അച്ഛനേയും!

എൻ്റെ മോഹങ്ങൾ എന്നോടൊപ്പം പുഴയുടെ അടിത്തട്ടിലേയ്ക്കു പോയി. പൊങ്ങി വരാൻ പറ്റാതെ ഞാൻ പിടഞ്ഞു അവളെന്നെ വിടാനുള്ള ഭാവമില്ല അവൾ പാടിയുറക്കാൻ നോക്കിയെങ്കിലും ആ പാട്ടിൽ ഞാൻ ലയിച്ചില്ല.
എങ്ങനേയോ രക്ഷപ്പെട്ട് പുഴയുടെ മുകളിലെത്തി അമ്മേ എന്നു വിളിച്ചു .ഞാൻ ആകെ അവശയായിരുന്നു വെള്ളത്തിനു മീതെ പൊങ്ങിക്കിടന്നു. കരയാണെങ്കിൽ നോക്കെത്താ ദൂരത്ത്! സർവ്വശക്തിയും ഉപയോഗിച്ച്‌ അമ്മയെ വിളിച്ചു നീന്തി .അമ്മാവൻ എന്നെ നീന്തൽ പഠിപ്പിച്ച കാരണം എൻ്റെ ജീവൻ തിരിച്ചുകിട്ടി. ഞാൻ കരയിലെത്തി. കുട്ടി അവിടെത്തന്നെ ഇരിപ്പുണ്ടായിരുന്നു.

ഞാൻ അവശയായി കരയിൽ കുറെ നേരം ഇരുന്ന് ഒന്നും സംഭവിക്കാത്ത പോലെ കുഞ്ഞമ്മയുടെ വീട്ടിലേക്കു പോയി.ആ കുട്ടി പുഴയിൽ ഇറങ്ങിയിരുന്നെങ്കിലോ ആലോചിക്കാനുള്ള സാമാന്യബോധം പോലും പുഴയുടെ ജ്വരത്തിൽ ഇല്ലാതായി.
ആരോടും ഒന്നും പറഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞ് ഞാൻ വീട്ടിലേയ്ക്കു പോയി .എൻ്റെ അപകടം ആരോടും പറയാതെ എൻ്റെ മനസ്സിൻ സൂക്ഷിച്ചു.

പിന്നെ കുറേ നാളുകൾ വെള്ളത്തിൽ പോയി എന്ന് സ്വപ്നം കാണും ചുറ്റും പാമ്പുകൾ വന്ന് തലപൊക്കി നില്ക്കുന്നതും സ്വപ്നം കണ്ട് കരയുമായിരുന്നു.എൻ്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ്.

By ivayana