രചന : സതി സതീഷ് ✍
വാക്കുകൾ മരിക്കുമ്പോൾ
“അരുതേ”
എന്നലമുറയിട്ടു
കണ്ണീർ പൊഴിക്കില്ല …
പതം പറഞ്ഞു വിതുമ്പില്ല..
കൂടെ കൂട്ടണമെന്ന്
വാശി പിടിക്കില്ല…
വാക്കുകളെരിഞ്ഞൊടുങ്ങിയ
ചിതയിൽ
എടുത്തുചാടി
മൃതി വരിയ്ക്കില്ല…
പുഞ്ചിരിയുടെ
കൊഞ്ചലുകളുടെ ആടയാഭരണങ്ങളഴിച്ചുവച്ച്
മൗനത്തിൻ
വെള്ളപ്പുടവയണിഞ്ഞ്
മൂകം തേങ്ങി വാക്കുകളുടെ പുനർജ്ജനിയ്ക്കായ്
ഈ ജന്മം മുഴുവൻ
കാത്തിരിക്കും ..
ചില ഒറ്റപ്പെടലുകൾ
അങ്ങനെയാണ്…….
ചില നിമിഷങ്ങളിൽ
നിസ്സാരമെന്നു തോന്നുന്ന
ഒരൊറ്റനിമിഷത്തെ
ഒറ്റപ്പെടലിന്റെ
വേദനയകറ്റാൻ
ഒരു ജന്മം മുഴുവനുമുള്ള
ചേർത്തു നിർത്തലുകൾക്കാവില്ല.