കാവിന്റെ അങ്ങേപ്പുറത്തുള്ള തൊടിയിൽ നിന്ന് സർവ്വതും വാരിപ്പിടിച്ചു രേവതി എഴുന്നേറ്റു. ഇന്നലെ രാത്രിയിൽ, വിശപ്പിന് ഒരറുതിവരുത്തിത്തരാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയത് കാവിന്റെ മേലേതൊടിയിലെ വീട്ടിലെ സാറാണ്. സാറ് ഏതോ വലിയ ഉദ്യോഗസ്ഥൻ ആണെന്നു മാത്രമറിയാം. പലപ്പോഴും, കുട്ടികൾക്ക് വയറുനിറയെ ഭക്ഷണം വാങ്ങിക്കൊടുക്കാനായി ചില്ലറത്തുട്ടുകൾ കൈനിറയെ തന്നിട്ടുണ്ട്.
മേലാകെ നുറുങ്ങിയ വേദന. രഘുക്കുട്ടൻ എവിടെയാണ്..? സാറും മൂന്നുനാലുപേരും ഈ തൊടിയിലൂടെ കഴിഞ്ഞ രാത്രിയിൽ തന്നെ വലിച്ചിഴച്ചപ്പോൾ അവനാണ് വെറും കല്ലും കമ്പും കൊണ്ട് അവരെ എതിരിട്ടത്. ഏഴോ എട്ടോ വയസ്സുമാത്രമാണ് അവന്റെ പ്രായം. അവൻ വിചാരിച്ചാൽ എന്തു ചെയ്യാനാണ്. തന്റെ ഒക്കത്തിരുന്ന ഉണ്ണിക്കുട്ടനെ ആ തടിച്ച പോക്കാച്ചിത്തവളയെ പോലെയിരിക്കുന്ന മറ്റൊരാൾ വലിച്ചുപറിച്ചെടുത്തു. അവനെ, തന്റെ പൊന്നു മകനെ, അയാൾ ആ വൈക്കോൽത്തുറുവിന്റെ മുകളിലേക്കിടുന്നത് താൻ ഇരുളിന്റെ തെളിച്ചത്തിൽ കണ്ടതാണ്. കുറേനേരം വരെ അവന്റെ കരച്ചിൽ കേട്ടിരുന്നു.
അമ്മേ, എന്ന വിളി അകലങ്ങളിൽ എന്നപോലെ കേൾക്കാം. ഇരുൾ കീറി വെള്ള വലിച്ചു തുടങ്ങുന്നേയുള്ളു. വായ തുറക്കാനേ കഴിയുന്നില്ല. ചുണ്ടുകൾ ആകെയും കടിച്ചുപൊട്ടിച്ചത്, മുഖമാകെയും കുരുക്കൾ നിറഞ്ഞ ആ കട്ടി മീശക്കാരനാണ്. രതീഷേ എന്ന് ആ സാറ് ഇടയ്ക്കു വിളിച്ചത് താൻ കേട്ടിരുന്നു.
അമ്മേയെന്ന വിളി തേടിച്ചെന്നത് ഒരുപൊട്ടക്കിണറ്റിന്നടുത്താണ്. കിണറ്റിനുള്ളിലേക്കു നോക്കി. ഒന്നും കാണാനാകുന്നില്ല. പക്ഷേ, ഒരു ഞരക്കം കേൾക്കാം. തേങ്ങലുകൾ വെറും ശബ്ദങ്ങൾ മാത്രമായിരിക്കുന്നു. രഘുക്കുട്ടാ എന്നവിളി ആഴത്തിലേക്ക് പോയതവളറിഞ്ഞു. അമ്മേയെന്ന പിൻവിളിയിൽ അവളറിഞ്ഞത്, പൊട്ടക്കിണറ്റിനാഴമില്ലെന്നതായിരുന്നു.
രഘുക്കുട്ടാ, കിണറ്റിൽ വെള്ളമുണ്ടോ മോനെ. ഇല്ലമ്മേ ചപ്പുചവറുകൾ മാത്രമേയുള്ളു. അവന്റെ മറുപടിയിൽ അവൾ ആശ്വാസം കൊണ്ടു. അവൾ നിശ്വാസത്തോടെ വീണ്ടും അവനോടു പറഞ്ഞു. അമ്മ ഇപ്പോൾ വരാം.
തിരിയാനാഞ്ഞപ്പോൾ കിണറിനുള്ളിൽ നിന്നും ഒരു ചോദ്യം ഉയർന്നു വന്നു. അനിയനെവിടെ അമ്മേ. അവൾ ഇത്രമാത്രം പറഞ്ഞു, നോക്കട്ടെ. ആ ഉത്തരം അവളെ വളരെ വേവലാതിപ്പെടുത്തി. അവൾ ചുറ്റും ഒന്നാകെ തിരിഞ്ഞും മറിഞ്ഞും നോക്കി. അകലെ തെളിയുന്ന വൈക്കോൽ തുറു.
മുഖമാകെയും കൈയ്യുകളും കാലുകളും നുറുങ്ങുന്ന വേദന, തുടകൾക്കിടയിലും. അവൾ കാലുകൾ വലിച്ചു വലിച്ചു നടന്ന് തുറുവിനടുത്തെത്തി. ഒരുവയസ്സുപോലുമായിട്ടില്ല ഉണ്ണിക്കുട്ടന്. തുറുവിന്റെ മുകളിലൂടെ അവൾ കൈയോടിച്ചു ചുറ്റിനടന്നു. അപ്പോൾ കൈയ്യിൽ എന്തോ തടഞ്ഞു. കൈയ്യിൽ തടഞ്ഞത് അവനായത് ഭാഗ്യം. നിർഭാഗ്യങ്ങളുടെ നെടുംകോട്ടയിൽ അവൾക്കു കിട്ടിയ ഭാഗ്യങ്ങളായിരുന്നു രഘുവും ഉണ്ണിയും.
അവൾ കുഞ്ഞിന്റെ കാലുകളിൽ പിടിച്ചു വലിച്ചു തന്നിലേക്കടുപ്പിച്ചു. ഉറക്കത്തിലായിരുന്ന അവൻ പേടിച്ചു നിലവിളിച്ചു. അമ്മയാണെന്നറിഞ്ഞപ്പോൾ അവൻ മാറിൽ ചൂടും പറ്റിക്കിടന്നു. മാറിൽ അവർ ഞെരിച്ചതിന്റെ വേദന പുകച്ചിലായി നിൽക്കുകയാണ് ഇപ്പോഴും.
രേവതി ഉണ്ണിക്കുട്ടനെയും എടുത്ത് കിണറ്റിങ്കരയിലേക്ക് നടന്നു. അപ്പോഴേക്കും വെട്ടം വിതാനിച്ചു കഴിഞ്ഞിരുന്നു. ആഴം കുറഞ്ഞ ആ കിണറിനുള്ളിൽ നിന്ന് രഘുക്കുട്ടൻ മുകളിലേക്ക് കയറുവാനുള്ള വഴികൾ തേടുകയാണ്. നീണ്ടുകിടക്കുന്ന വേരുകളിൽ പിടിച്ചു മുകളിലേക്ക് കയറുവാനുള്ള അവന്റെ ശ്രമം വേരുപൊട്ടി വീഴുമ്പോൾ തീരുന്നു. വീണ്ടും അവന്റെ ശ്രമം. തന്റെ സാരിയിട്ടുകൊടുത്താൽ ഒരുപക്ഷെ അവനു കയറിവരുവാൻ പറ്റുമായിരിക്കും. അവളിലെ തോന്നലുകൾ കഠിനതരമായപ്പോൾ അവൾ രഘുവിനോടു പറഞ്ഞു, അമ്മ ഇപ്പോൾ വരാം മോനെ.
അവൾ തിരിഞ്ഞു നടന്ന് റോഡിലേക്കിറങ്ങി. അങ്ങാടിക്കപ്പുറത്തുള്ള പാടത്തു ടെന്റ് കെട്ടിപ്പാർക്കുന്ന തന്റെ നാട്ടാരുടെ അടുത്തേക്ക്. അവർ, ഞങ്ങൾ പ്രതിമകൾ ഉണ്ടാക്കി വിൽക്കുന്നവരാണ്. എല്ലാ ഈശ്വരൻമാരുടെയും വിഗ്രഹങ്ങൾ ഉണ്ടാക്കും. എന്നിട്ടും, അവരുടെ ദുഖങ്ങൾക്കും വിശപ്പിനും അവരെ വിറ്റു കിട്ടിയാലേ നടക്കൂ.
രേവതിയെ കണ്ട മാത്രയിൽ അവിടെയും ഇവിടെയും ഇരുന്നിരുന്നവർ സ്ത്രീ ജനങ്ങൾ എഴുന്നേറ്റ് അവളുടെ അടുത്തേക്കു വന്നു. ഇന്നലെ എവിടെ ആയിരുന്നെന്നു തിരക്കി. ഉണ്ണിക്കുട്ടനെ അവരിലൊരാൾ കൈയേറ്റു. അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ രാത്രിയിലെ കഥകൾ വിളമ്പി.
ആണുങ്ങൾ കുറച്ചുപേർ കയറും മറ്റുമായി അവളോടൊപ്പം നടന്നു. രഘുക്കുട്ടനെ പൊട്ടക്കിണറ്റിൽ നിന്നും പുറത്തിറക്കി. അവളുടെ നഷ്ടപ്പെട്ടുവെന്നു കരുതിയ ചെണ്ടയും കോലുകളും തൊടിയിലെ പലയിടങ്ങളിൽ നിന്നും അവൾ പെറുക്കിയെടുത്തു.
ശുഭം.
ബിനു. ആർ.

By ivayana