രചന:ബാബുഡാനിയല്‍ ✍

ആദിത്യനേത്രങ്ങള്‍ അഗ്നിവര്‍ഷിക്കുന്ന
കുന്നിന്‍ച്ചരുവിലെ പാടമൊന്നില്‍
ചേറ്റില്‍ പുളയ്ക്കും ചെറു മീനിനെ നോക്കി
കൊറ്റികള്‍ സ്വച്ഛം തപസ്സിരിപ്പൂ

പാടത്തു നട്ടൊരാ നെല്ലിന്‍ തലപ്പുകള്‍
പയ്യാരംച്ചൊല്ലി കലമ്പി നില്ക്കേ
പകലന്തിയോളവും ഒയ്യാരമെന്യേ
പാടത്തുചേറ്റില്‍ മടയ്ക്കുന്നുമുത്തി.

കരിന്തിരി കത്തുന്ന കണ്ണിന്‍റെ കോണിലും
കനലെരിയുന്നൊരു മുത്തിയമ്മ.
കനവുകളനവധി കണ്ടൊരാമിഴികളില്‍
കരിമുകിലണയുവതെന്തിനാവാം?..

കുന്നിന്‍ ചരുവിലെ കൂരയില്‍മേവുന്ന
കൂടെപ്പൊറുത്ത പുരുഷനിന്ന്,
കൈകാല്‍തളര്‍ന്നങ്ങേറ്റം വലഞ്ഞയ്യോ
കനിവുകാംക്ഷിച്ചുകിടപ്പിലായി!.

ആര്‍ദ്രതയൊട്ടും തൊട്ടുതീണ്ടാത്തൊ-
രാത്മജന്‍ നിര്‍ദ്ദയം വിട്ടുപോയി.
ആതപമൊട്ടും തളര്‍ത്താതെ മുത്തശ്ശി
കര്‍ദ്ദമം തന്നില്‍ മടച്ചിടുന്നു.

ബാബുഡാനിയല്‍

By ivayana