രചന : സുരേഷ് രാജ്. ✍
വീഴാതിരിക്കുവാൻ
വയ്യെൻ്റെ തോഴരെ
നോവിൻ്റെ ഭാര
മതേറെയല്ലെ…!
കാണുന്ന പുഞ്ചിരിക്കുള്ളെ-
തിളങ്ങുന്ന കാഴ്ചകൾ
തന്നതൊ നോവുമാത്രം..!
എന്തെന്തു സ്വപ്നങ്ങൾ
ഉണ്ടെന്നിരുന്നാലും
മങ്ങിയ ജീവിതം
എന്തു നൽകാൻ..!
വല്ലാത്ത പൊല്ലാപ്പും
കൂടെപ്പിറപ്പായാൽ
ഇല്ലാത്ത വയ്യാവേലിയും
വന്നുചേരും..!
പിറവിയിൽ നല്ലൊരു
ഉദരമില്ലന്നതോ
ദുരിതങ്ങൾ കൂട്ടരായി
കൂടെ നിൽക്കും..!
വറുതികൾ വറ്റാത്ത
കാലത്തിലങ്ങനെ
കനലുകൾ താണ്ടി
നീങ്ങിടുമ്പോൾ..!
വെറുതെ തെറിക്കുന്ന
വാക്ശരങ്ങളോ
മുറിവുകൾ കൊണ്ട്
വ്രണമേറിയെന്നാൾ,
അകലുവനല്ലാതെ
രക്തബന്ധങ്ങൾ പോലും
നിഴലുകൾ പാകി
തണലേകിടുമോ..!
ഞാനെന്ന ഭാവത്തി
ലേറിമയങ്ങുന്ന ചില
മാനുഷ്യ കൂട്ടരും
വഞ്ചനയേന്തിടവെ,
ശാപത്തിലങ്ങനെ
വീണുക്കിടക്കുന്ന
ചില നേരുകൾ പോലും
പിടഞ്ഞു ചാകും..!
നോവുന്ന കണ്ണിലൊ
കാണുന്ന കാഴ്ചകൾ
നേരിൻ്റെ അല്ലന്നറിഞ്ഞാലും,
ചൊല്ലുവാൻ ആരോടോ
വെമ്പുന്ന നാവിനെ
മരണത്തിൻ പേടിയിൽ
മൂടിവയ്ക്കുന്നതും,
ഒടുവിലതെന്നിലും
വന്നുച്ചേരുന്നതീ
ഗതിയല്ലെയെന്നു
ഞാനുമോർത്തിടുന്നു.
ഇരവുകൾ പകലുകൾ
മിന്നിമറയുമ്പോൾ
എന്തെന്തു കേൾവികൾ
കേൾക്കവേണം,
ഉണരുവാനില്ലാതെ
പോയവരെല്ലാം
ഇതുപോലെയെത്ര
നടമാടിയെന്നൊ..!
ഒടുവിലെ വീഴ്ചയിൽ
സഹതപിച്ചെന്നാൽ
കരുതുവാനെന്തുണ്ടു
തനിയെ പോകനേരം..!
എവിടെയെന്നാ വേദങ്ങ-
ളോതിയ ധർമ്മപാത്രം?
എവിടെയെന്നാ കണ്ണുനീർ
ചുടലകൾ തീർത്ത
പോർക്കളങ്ങൾ?
പണ്ടിരവിൻ്റെ നാവുകൾ
നുണഞ്ഞൊരാ ചതിയുടെ
നിണമിന്നുമിറ്റു വീഴ്കെ,
ഇന്നോ പകലിലും കനിവുകൾ
വറ്റിയ കുറുനരിക്കൂട്ടങ്ങൾ
കുടിലതകൊണ്ടു
ചുറ്റിലും പതിയിരിക്കെ..!
എവിടെന്നാശ്രയം..?
എവിടെയെൻ കാരുണ്യം..?
ദിക്കുകൾ കേൾക്കെ
ഞാനുമലറി ചോദിച്ചിടട്ടെ..?