രചന : സാബു കൃഷ്ണൻ ✍

(പനിച്ചൂടിൽ വാടികൊഴിഞ്ഞ അക്ഷര
മൊട്ടുകൾ .നിറം മങ്ങി നരച്ച സ്വപ്നങ്ങൾ.
ശൂന്യതയുടെ ആകാശത്ത് ഒരു ദീപം പോലും കൺ മിഴിച്ചില്ല.
ഞാനുറങ്ങുകയായിരുന്നു.ആകാശത്തിന്റെ പടവുകൾ
കയറിയിറങ്ങുകയായിരുന്നു. ബോധ
ശൂന്യമായ യാത്ര.ആരൊക്കെയോ എന്നെ
സ്നേഹിച്ചു.സ്നേഹത്തിന്റെ വിരൽ സ്പർ
ശം എന്റെ ആത്മാവിനെ സ്പർശിച്ചു.ഒരി
ക്കലും നേരിൽ കാണാൻ കഴിയില്ലെങ്കിലും
എന്റെ തൊട്ടരികിൽ ഓർമ്മയുടെ സൗഗ
ന്തികവുമായി ചുറ്റിലുമുണ്ടായിരുന്നു.
എനിക്കതു മതി.ആ ഓർമ്മ മാത്രം.സൗഹൃ
ദത്തിന്റെ മന്ദാര പുഷ്പംമാത്രം….)


എന്റെ പ്രജ്ഞയിൽ വാടിക്കരിയുന്ന
മഞ്ജുള വാഗ്വിലാസ പ്രഭാവങ്ങൾ
എന്റെയുദയക്കതിരു കാണാത്ത
സുപ്രഭാതമേ, സുസ്മിത സ്വപ്നമേ.
നീയെനിക്കേകിയ പൊൻ തിരിയെല്ലാം
പടുതിരി കത്തി കരിഞ്ഞു പോയി
നീയെന്റെ ബോധ വിഹായസ്സിനുള്ളിൽ
താരാ മണി ദീപം കൊളുത്താൻ വരൂ.
നീണ്ട മൗനം ഞാൻ ഭഞ്ജിച്ചിടുന്നു
കാവ്യ കലാ ദേവീ നിന്നെത്തേടുന്നു
നീയെനിക്കാനന്ദ ദർശനമേകൂ
കാവ്യ കലാക്ഷേത്ര വാതിൽ തുറക്കൂ.
ഒരു മാത്ര വീണ്ടും കാണട്ടെ നിന്നെ
നർത്തകീ ദേവീ, സ്നേഹ സ്വരൂപിണീ
പാട്ടൊന്നു പാടാൻ ഭാവ പ്രദീപമേ
എന്നന്തരംഗത്തെ നീയൊന്നുണർത്തൂ…
പണ്ടൊരു രാവിൽ നീ സ്വപ്നത്തിൽ വന്നു
പൊൻ മണിവീണാ ഗാനാമൃതം തന്നു
പൊന്നശോക പൂമാലയണിഞ്ഞു നീ…
എന്റെയാത്മവിൽ മണിദീപമേകി.
നീ മാത്രമായിരുന്നെന്റെ കാമിനി
രാവും പകലും നിന്നെയുപാസിച്ചു
ഖിന്നനായി തേങ്ങി നിന്ന കാലത്തു
നീമാത്രമായിരുന്നെന്റെ സ്വപ്നത്തിൽ.
ദേവീ, നീയില്ലെങ്കിലിന്നെനിക്കെന്റെ
ഭാവ ഗാനങ്ങളില്ല,സ്വപ്നങ്ങളില്ല.
അന്ധകാരം വിട്ടുണരട്ടെയെന്റെ-
യന്തരംഗത്തിൽ പൂക്കൾ വിരിയട്ടെ.
നിന്റെ ചിലമ്പൊലി കേട്ടുണരട്ടെ
നിന്റെ ഭാവ സ്ഫുരണം തെളിയട്ടെ
നീയൊരു ദേവതേ,നീലയാമിനി
ഏകാന്ത രാവിൻ രാഗസ്വരൂപിണി….

By ivayana