രചന : ഹുസൈൻ പാണ്ടിക്കാട്.✍
അക്കരമ്മലെ
അബ്ദുക്കാന്റെ വീട്ടിൽ കല്യാണത്തിന്റെ തലേദിവസമുള്ള തിരക്ക്.
ആൾക്കൂട്ടത്തിന്റെ
നാട്ടുവർത്താനം നിറഞ്ഞ സായാഹ്നം.
കുടുംബക്കാരും
സൗഹൃദങ്ങളും, പ്രിയത്തിൽപ്രിയരായ അയൽവക്കങ്ങളും നിറഞ്ഞ തൊടിയും വീടും സന്തോഷത്തിമിർപ്പാലെ പോക്കുവെയിലിന്റെ പൊൻപ്രഭയേറ്റു തിളങ്ങി.
സായാഹ്നം മറഞ്ഞു, സന്ധ്യയും വിടചൊല്ലി.
ചോറും സാമ്പാറും പപ്പടം കാച്ചിയതും കോഴിമുളകിട്ടതും വിളമ്പി.
അരിയും ഇറച്ചിയും മറ്റുമായി, നാളത്തെ ബിരിയാണിക്കുള്ള കൂട്ടങ്ങളും ഒരുങ്ങിത്തുടങ്ങി.
മണവാട്ടിയായ ഖൈറു അബ്ദുക്കാന്റെ ഇളയ മോളാണ്. മൈലാഞ്ചിയിടലും ഒപ്പനപ്പാട്ടുമായി അവളുടെ കൂട്ടുകാരികൾ തീർത്ത മറ്റൊരു ലോകം കണ്മുന്നിൽ.
നേരത്തെ വരാമെന്ന വാക്കോടെ, രാത്രിയുടെ ഓരോ യാമങ്ങളിലുമായി പിരിയുന്നവരുടെ യാത്ര ചോദിക്കൽ.
പകലൊടുങ്ങും മുമ്പായും ദൂരക്കാർ നാളെ നേരത്തെയെത്താമെന്ന ഉറപ്പോടെ തല്ക്കാലം വിടചൊല്ലിയവരുമുണ്ട്.
ആളടങ്ങി,
ആരവവും നിന്നു.
“ഇന്റെ റബ്ബേ..,
കുട്ടിയെ കാണുന്നില്ലല്ലോ”….!
നെഞ്ചത്തടിച്ചു കരയുന്നത് അബ്ദുക്കാന്റെ സഹോദരി ഫൗസിയ.
രണ്ടാം തരത്തിൽ പഠിക്കുന്ന ഇസ്മായിലിനെ കല്യാണപ്പുരയിൽ കാണുന്നില്ല. ഇന്നേരം വരെയുള്ള തിക്കിലും തിരക്കിലും അവന്റെ പ്രായത്തിലുള്ള കുട്ടികൾക്കൊപ്പം ഉണ്ടാവുമെന്ന വിചാരത്തിലാകാം ഫൗസിയ അവളുടെ ജോലികളിൽ മുഴുകിയതെന്ന് ഞാനായിട്ടു തീർച്ചപ്പെടുത്തുന്നു.
അകത്തുള്ള കട്ടിലുകളിലും,
നിലത്തിട്ട പായകളിലും,
മുറ്റത്തെ പന്തലിനുള്ളിലെ തെങ്ങോല തടുക്കുകളിലുമായി ഉറങ്ങുന്നവരുടെ കൂട്ടത്തിലൊന്നും അവനെ കാണുന്നില്ല.
തിരച്ചിലിന്റെ സമയദൂരം കൂടിക്കൂടി വരുന്നതിനിടയിലാണ് വടക്കേ വീട്ടിലെ വിജയേട്ടൻ പറഞ്ഞത്…
“ഫൗസ്യേടെ കുട്ടിയെ, ഒരു അഞ്ചഞ്ചര മണിക്ക് കുളിക്കടവിലേക്കു പോകുന്നോർക്കൊപ്പം പടിഞ്ഞാറേ പാടത്തിന്റെ വല്യ വരമ്പിൽ വെച്ചു കണ്ടിരുന്നെന്ന്”….!
ഈ വാർത്ത കേൾക്കുന്നവരുടെ കൂട്ടത്തിൽ വിജയേട്ടനരികെ അവളും ഉണ്ടായിരുന്നു.
ആര്,
കാണാതായ ഇസ്മായിലിന്റെ ഉമ്മ ഫൗസിയ.
“പോയല്ലോ റബ്ബേ…,
എനിക്ക് ആണും പെണ്ണുമായി ആകെ തന്ന ഒന്നിനെ നീ”…..!
ഇത്രേം പറയാനെത്തിയുള്ളൂ അതിനകം ചുണ്ടനക്കം നിന്ന ഫൗസിയ ബോധമില്ലാതെ അബ്ദുക്കാന്റെ കെട്ട്യോള് റംലയുടെ മാറത്തേക്കു ചെരിഞ്ഞു.
പാടവും കുളവും തപ്പാനും തിരയാനും, പിരിഞ്ഞു പോയ ആൾക്കൂട്ടങ്ങളും അതിനപ്പുറമുള്ള ജനങ്ങളും വിവരം കേട്ടറിഞ്ഞെത്തി.
നട്ടവേനലിന്റെ നടുക്കുള്ള കാലം,
വെള്ളം പേരിനുള്ള കുളം.
ഇസ്മായിലിന് അവിടെ വെച്ചൊന്നും സംഭവിച്ചിട്ടില്ലെന്ന് വിധിയെഴുതാൻ എളുപ്പമായി.
പാടത്തില്ല, പറമ്പിലില്ല.
മുറ്റത്തെ തടുക്കുകളിലില്ല.
അകത്തെ കട്ടിലുകളിലും, നിലത്തിട്ട പായകളിലുമില്ല.
തിരയാൻ ബാക്കി കിടക്കുന്നുണ്ട് കുടിവെള്ളത്തിനായുള്ള കിണർ.
കിണറ്റിലിറങ്ങാൻ വിദഗ്ത്തനായ പാറമ്മലെത്തൊടി കുഞ്ഞാവ കയ്യിലൊരു ടോർച്ചും തെളിച്ചുപിടിച്ചു കയറിലൂടെ ഊർന്നിറങ്ങിയ ശേഷം ഉറപ്പു തരുന്നു…
“ഇല്ലട്ടോ,
ഇവിടെ ഒന്നും കാണുന്നില്ല. അൽഹംദുലില്ലാഹ്”…..!
നേരം വെളുത്തു തുടങ്ങി.
ദുരന്തം പറയാൻ ഇതിനോടകം പോലീസിലേക്കും ആള് പോയിട്ടുണ്ട്.
തിരച്ചിൽ നിന്നിട്ടില്ല,
പോലീസ് എത്തിയിട്ടുമില്ല.
ഫൗസ്യാക്ക് കെട്ടുപോയ ബോധവും തിരിച്ചു കിട്ടിയിട്ടില്ല.
വടക്കേ വീട്ടിലെ വിജയേട്ടൻ നട്ടപ്പാതിരാക്ക് പറഞ്ഞ നെഞ്ചുരുകുന്ന വാർത്തയിലുള്ള പടിഞ്ഞാറേ പാടത്തിന്റെ വല്യ വരമ്പിലൂടെ ആരൊക്കെയോ വരുന്നത് കാണുന്നുണ്ടല്ലോ.
തൊടിയിലും ചുറ്റുപാടുമൊക്കെ ആൾക്കാരെ കണ്ട വേവലാതിയാവാം വരുന്നവരുടെ നടത്തത്തിന്റെ വേഗം കൂടുന്നുണ്ട്.
ഒരുകാര്യം ഉറപ്പിക്കാം ആവലാതിയുടെ ഇടങ്ങേറിൽ വേവുപൂണ്ടെത്തുന്ന ആ പടപ്പുകൾ, ഈ രാത്രി ഇവിടെ സംഭവിച്ചതൊന്നും അറിയാത്തവരാണെന്ന്.
വല്യ വരമ്പും കഴിഞ്ഞ് വെള്ളമില്ലാത്ത കൈത്തോടും കടന്നു, അബ്ദുക്കാന്റെ പറമ്പിലെ പൂളക്കണ്ടത്തിലേക്ക് കാലെടുത്തു കുത്തിയ ആറംഗ സംഘത്തിൽ ഒന്ന് നമ്മുടെ ഇസ്മായിൽ ആയിരുന്നു.
ആര്.., കാണാതായി ഇന്നേരംവരെ തീ തീറ്റിച്ച ഓൻ തന്നെ.
മറ്റേ അഞ്ചു പേരോ….,
ഫൗസ്യാന്റെ മരിച്ചുപോയ കെട്ട്യോന്റെ പെങ്ങളും കുട്ട്യാളും.
ബൾബ് കത്തി അബ്ദുക്കാന്റെ മനസ്സിൽ.
“ഇരുട്ടും മുമ്പ് പുരയിലെത്തണം, അവിടുന്ന് സുബ്ഹിക്ക് പുറപ്പെടുന്ന ആദ്യത്തെ ബസ്സിനുതന്നെ ഞങ്ങള് എത്താനായി നോക്കാം”….!
ഇങ്ങനെ പറഞ്ഞുപോയ അനിയത്തീടെ നാത്തൂന്റെ മിന്നുന്ന മുഖമുള്ള ബൾബ് കത്തി.
ഇസ്മായിലിന്റെ കൈപിടിച്ചുകൊണ്ടും അവര് എന്തൊക്കെയോ ഫൗസ്യാനോട് പറയുന്നതും കണ്ടതായി ഓർമ്മയിലെത്തി.
ദൂരക്കൂടുതലായതുകൊണ്ട് അന്വേഷണവും വാർത്തയുമൊന്നും അങ്ങോട്ടെത്തിയില്ല.
എന്നതു മാത്രമല്ല.
ഇവരൊക്കെ കല്യാണ വീട്ടിൽ തന്നെയുണ്ടെന്നുള്ള അന്തംവിട്ട ചിന്തയും ഇസ്മായിലിന്റെ തീരോദാനത്തിന്റെ വാർത്ത ഉപ്പയുടെ വീട്ടിലെത്തിക്കാരിക്കാനും കാരണമായി.
“എബടെ ഓള്..,
ആ ബലാല്.
ഓളോട് അത്രക്കും പറഞ്ഞിട്ടല്ലേ കുട്ടിനെ ഞാൻ കൊണ്ട്വോയത്”….!
അകത്തെ കട്ടിലിൽ ബോധംപോയിക്കിടക്കുന്ന ഫൗസ്യാന്റെ അടുത്തേക്ക് നാത്തൂൻ ഒരു ഭാഗത്തൂടെ.
ഇതേ നാത്തൂന്റൊപ്പം വീട്ടിലേക്കു പോവുന്ന ഇസ്മായിലിനെ കണ്ട് കുളിക്കടവിലേക്കെന്നുള്ള വാർത്തയുണ്ടാക്കിയ വിജയേട്ടൻ പോലീസ് എത്തും മുമ്പായി മറ്റൊരു ഭാഗത്തൂടെ അബ്ദുക്കാന്റെ തൊടിയുടെ പുറത്തേക്ക്.
“ഉം…,
സ്വന്തം പുരയിലെ കല്യാണത്തലേന്ന്,
ഓള് ചെറുക്കനെ ഓള്ടെ പുരയിലേക്കു കൊണ്ടുപോയെന്ന കണ്ടെത്തലോടെ”….! ഇസ്മായിലിനെ കാണാനില്ലെന്ന വിഷയം ഒരു തിരിച്ചുകിട്ടലിന്റെ സന്തോഷക്കാഴ്ചയിൽ കെട്ടടങ്ങിയതൊട്ടും സഹിക്കാനാവാത്ത അസ്വസ്ഥതയുമായി ഞാനും എന്നെപ്പോലെ ദുഷിച്ച മനസ്സുള്ള ചിലരും പടിഞ്ഞാറേ പാടത്തിന്റെ വല്യ വരമ്പിലൂടെ ചീട്ടുകളി സ്ഥലത്തേക്കും.!!