രചന : അല്‍ഫോന്‍സ മാര്‍ഗരറ്റ് .✍️
ഗദ്ഗദം നിറഞ്ഞു തിങ്ങി വിങ്ങുമെന്‍റെ ഹൃത്തടം…
ഒരിക്കലും കരഞ്ഞു തീര്‍ത്തിടില്ല എന്‍റെ സങ്കടം
കഴിയുകില്ലെനിക്കു നിന്‍റെ നന്മകള്‍ മറക്കുവാന്‍ …
കരയുകില്ല ഞാന്‍; കരഞ്ഞു തീര്‍ക്കുകില്ല നാളുകള്‍ …
ഒരിക്കലും പിരിഞ്ഞിടില്ല ഉലകമുള്ള നാള്‍ വരെ നാം
എന്ന വാക്കു വിശ്വസിച്ചു ചേര്‍ത്തു വച്ച ജീവിതം …
രണ്ടു ലോകമായ് പിരിച്ചു ദൈവമിന്നു നിത്യമായ് ,
വിധി തൊടുത്തൊരമ്പു കൊണ്ടു നീറിടുന്നിതെന്‍ മനം .
നിറഞ്ഞിടട്ടെ സങ്കടം ,നുറുങ്ങിടട്ടെ മാനസം
നിന്‍റെ ചാരെയെത്തുവാന്‍ തിടുക്കമായി മല്‍സഖേ…
എന്‍പ്രീയാ ,നിന്‍ കൈപിടിച്ചു ജീവയാത്ര തുടരവേ ,
പാതിവഴിയില്‍ എന്നെ നിര്‍ത്തി പോയതെങ്ങു നീ സഖേ …
മാഞ്ഞു പോയ സ്വപ്നവും നീരണിഞ്ഞ മിഴിയുമായ് നിന്‍
കാലടി സ്വരത്തിനായ് കാത്തിരിപ്പൂ പ്രിയനേ ഞാന്‍….
ഇനിയുമെത്ര കാതമീ വഴി നടന്നു പോകണം
നിന്‍റെ ചാരെയെത്തുവാന്‍ തിടുക്കമായി മല്‍പ്രീയാ..
ഇരുളടഞ്ഞ പാതയില്‍ നടന്നു വീണ്ടും ഏകയായ് ,
നിന്‍റെ പ്രണയ സ്മരണകള്‍ തെളിച്ച മണ്‍ചിരാതുമായ് …
എവിടെയോ മറഞ്ഞിരുന്നു കേള്‍ക്കയാണോ മല്‍പ്രീയാ …
കേഴുമെന്‍റെ മാനസത്തിന്‍ തേങ്ങലിന്‍റെ മാറ്റൊലി …
ഒരിക്കലും തിരിച്ചിനി വരാത്ത വണ്ണമെങ്ങുപോയ്
ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ നല്ല നാളുകള്‍ ..
കണ്ടു കണ്ടു മതിവരാതെ മാഞ്ഞു പോയ കനവുപോല്‍
തീര്‍ന്നു പോയി നമ്മളൊന്നു ചേര്‍ന്ന നല്ല ജീവിതം…
ഞാന്‍ മരിച്ചു മണ്ണടിഞ്ഞു പൂഴിയായ് ഭവിക്കിലും ,
ഏറ്റു പാടുമപ്പോഴും നിന്‍ പ്രേമഗാന വീചികള്‍…
മരണമെന്ന മാന്ത്രികന്‍ പിരിച്ചു നമ്മെയെങ്കിലും
നിശ്ചയം , അടുത്ത ജന്മം ഒന്നു ചേര്‍ക്കും ഈശ്വരന്‍…