രചന : അനൂസ് സൗഹൃദവേദി✍️

ഒരിക്കലൊരു ചിറകൊടിഞ്ഞ
പക്ഷിയുടെ ആകാശവും
കിടപ്പിലായിപ്പോയ
മനുഷ്യൻ്റെ യാത്രകളും
സ്വപ്നത്തിൽ കണ്ടുമുട്ടി

അതേ സമയം , ബലിക്കല്ലിൽ
തൻ്റെയൂഴം കാത്തു കിടന്ന
ഒരാട്ടിൻകുട്ടിയുടെ
ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്
അതുവഴി വന്നു ,

പക്ഷിയുടെ ആകാശം
അഴകിൻ്റെ പ്രതിരൂപമായും
കിടപ്പിലായിരുന്ന
മനുഷ്യൻ്റെ യാത്രകൾ
മുതുകിൽ പല്ലക്കുകളുള്ള
ഐരാവതങ്ങളായും നിലകൊണ്ടു .

പൊട്ടിയൊലിച്ച്
ദുർഗന്ധം വമിക്കുന്ന വൃണങ്ങളുമായി ,
വേച്ചുവിറച്ചു നടന്നു വരുന്ന
ആട്ടിൻകുട്ടിയുടെ,
ജീവിതത്തെക്കുറിച്ചുള്ള
കാഴ്ച്ചപ്പാടിനെ കണ്ട് ‘
മുഖം തിരിച്ചുകൊണ്ട്
ഐരാവതങ്ങളും
അഴകിൻ്റെ പ്രതിരൂപവും
പരസ്പരം പറഞ്ഞു ,

“അതാ വരുന്നു ഒരു നീചജന്മം “!
വെറുപ്പും ,പരിഹാസവും

മഞ്ഞുപോലെ മൂടി നിന്ന
ആ സ്വപ്നത്തിലേക്ക്

ഭ്രമണംതെറ്റിയ ഭൂമി
സൂര്യൻ്റെ ജഡവുമായി കയറി വന്നു ,

പ്രപഞ്ചം ഇരുട്ടിലാണെന്ന സത്യം
ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ട്
അവിടെ നിന്നിരുന്നവരോടാകെ
അവൾ സൂര്യൻ്റെ ‘
ജീവനു വേണ്ടി യാചിച്ചു ,

ഐരാവതങ്ങളും
അഴകിൻ്റെ പ്രതിരൂപവും
ഉടൻതന്നെയാ സ്വപ്നത്തിൽ നിന്ന്
വാക്കൗട്ട് ചെയ്തുപോയി ,

ആട്ടിൻകുട്ടിയുടെ
ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്,
ഭൂമിയോട് പറഞ്ഞു ,

ജനനീ…, പ്രിയപ്പെട്ടവളേ
ഈ പ്രപഞ്ചത്തിൻ്റെ
പ്രകാശത്തിനായിതാ…….
എൻ്റെ ജീവൻ നിന്നിൽ
ബലികഴിക്കപ്പെടാനിരിക്കുന്നു .

തീർച്ചയായും നിന്നിൽ പ്രകാശം
പരക്കുക തന്നെ ചെയ്യും ,
ഈയിരുട്ടിൽ നിന്ന് നീ സ്വതന്ത്രയാകും !

അനന്തരം ഭൂമിയിലെ
ബലിക്കല്ലിൽ ഊഴം കാത്തു കിടന്ന
ആട്ടിൻകുട്ടിയുടെ
തലയറുക്കപ്പെട്ടു .

കണ്ണുതള്ളി
ചോരപുരണ്ട നാവ്
പുറത്തേക്ക് നീട്ടി
ആകാശങ്ങളിലെ
ദൈവം പ്രസാദിച്ചു ….

മരിച്ച സൂര്യൻ എഴുന്നേറ്റ് നടന്നു
പ്രപഞ്ചം പ്രകാശം കൊണ്ട്
മിന്നിത്തിളങ്ങി
ഭൂമി വട്ടംകറങ്ങാൻ തുടങ്ങി….,

ഭൂമിയിൽ പലയിടത്തും
ചിറകൊടിഞ്ഞ പക്ഷികളും
കിടപ്പിലായ മനുഷ്യരും
സ്വപ്നങ്ങൾ മടക്കി വച്ച്
ബലിക്കല്ലുകളിലേക്ക് നടന്നു .

By ivayana