രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍️

നാലുമണിക്കൂർനേരത്തെ സമ്പൂർണ്ണവിസ്മൃതി!
ഒന്നുമനങ്ങിയില്ല, ഒരുനിമിഷം മിടിച്ചില്ല,
സ്ഥലകാലം വിരമിച്ചൊരാ മഹാശ്ശൂന്യതയിൽ!

തിരിച്ചെത്തിയ ബോധവെളിച്ചത്തിൽ
ആരോപറഞ്ഞുഞാനറിഞ്ഞു,
സംഭവമില്ലാത്തൊരെൻറെ നീണ്ട മൌനത്തിൽ,
പച്ചയുടുപ്പിട്ട ഒരുപിടി സർജന്മാർ,
കത്തികളേന്തി, ചേതനയറ്റയെൻറെ ശരീരത്തിലെ
കേടുപാടുകൾ തിരുത്തിയത്രെ.

അനസ്തേഷ്യ – അതിൻറെ പേര്.
അതൊരൊന്നുമില്ലായ്മയാകുകിൽ,
അതെവിടെ വർത്തിച്ചു,
സ്ഥലകാലമില്ലാതെ?
ആരതിനെയറിഞ്ഞു?
ഒരുപിടിയാളുകളൊരു സംസാരഭൂമികയിൽ
അറിവില്ലാത്തോരു മാംസപിണ്ഡത്തിലെ
അറ്റകുറ്റപ്പണികൾ തീർത്തുവെന്ന് പിന്നീട് തിരിച്ചറിയാൻ?

ഗോചരമാകുമീലോകം
ഞാൻതന്നെയാകുമോ?
നാലുമണിക്കൂർനേരം ഞാനതിനെ
ഞാനാകും മൌനത്തിലേക്ക് വലിച്ച് വിലയിച്ചിരിക്കാം,
അവിടവുമിവിടവുമെവിടവുമില്ലാത്തോരെന്നിലേക്ക്,
സ്ഥലകാലങ്ങൾ കരഞ്ഞുവിരമിക്കുന്ന
പേരറിയാത്തൊരുവിസ്മൃതിയിലേക്ക്,
പിന്നീട് മടക്കിച്ചുരുട്ടിയ
കുടപോലെയതിനെത്തുറന്നുവിടാൻ:
“ഹാ! നോക്കൂ, നക്ഷത്രങ്ങളതാ
മാനത്തുവീണ്ടും പൂവിട്ടുനിൽക്കുന്നു!”

വീണ്ടും പഴയതാമാഖ്യാനരീതികൾ
തലപൊക്കിത്തിക്കിത്തിരക്കിടുന്നു!
സർജന്മാരെൻറെ ദേഹത്തിൽ
നിർത്താതെ വേലചെയ്തത്രെ!
അനസ്തെറ്റിസ്റ്റ് കൂട്ടുനിന്നത്രെ!

ചുവരിലെ മുത്തച്ഛൻ ക്ലോക്ക്
അവരുടെ വേലയളന്നുവത്രെ!
അവികാരിയാമൊരക്ഷത്തിനെച്ചുറ്റി
നാലുപ്രദക്ഷിണം വെച്ചുവത്രെ!
കഥപറയൽ തുടരുന്നു വീണ്ടും
പ്രഥമപുരുഷവാക്യങ്ങളിൽ.
ഞാനറിഞ്ഞവയല്ല അക്കാര്യങ്ങളൊന്നുമേ!
കാരണം, ലോകതരംഗങ്ങൾ ഘോഷയാത്രയായ്,
നിഴൽനാടകംപോലെ,
ഒരുണ്മയില്ലാ പ്രമാദമായ് പ്രതിഫലിക്കുന്ന
ഞാനാം മൌനസാഗരത്തെ,
പലരും കൊട്ടിഘോഷിക്കുന്ന
ഞാനാം മഹാശ്ശൂന്യതയെ, ഞാനറിഞ്ഞതേയില്ല,
അജ്ഞാനി ഞാൻ അറിഞ്ഞതേയില്ല!

മഠത്തിൽ രാജേന്ദ്രൻ നായർ

By ivayana