രചന : രാജൻ.സി.എച്ച് ✍

ഒറ്റക്കാലനായൊരാള്‍
നടക്കും ഒറ്റച്ചെരിപ്പില്‍
അതിന്നിണയെയുപേക്ഷിച്ച്.
തന്‍റെ ഇണച്ചെരിപ്പിനെ
അതോര്‍ക്കുന്നുണ്ടാവുമോ?
താനിനി അയാളുടെ
ഒറ്റക്കാലില്‍ നടക്കും
പാതകള്‍,ദൂരങ്ങള്‍
തന്‍റെ ജന്മദൗത്യം
നിറവേറ്റുന്നതായി.
എന്നാലുപേക്ഷിക്കപ്പെട്ട
മറ്റേ ചെരിപ്പോ,
അത്രയും അവഗണിക്കപ്പെട്ട
നിരാലംബനായ
ഏകാകിയായ
ദുഃഖിതനായ
നിസ്വമായൊരു ലോകം
തുറസ്സായിക്കിടപ്പാവും
അനങ്ങാനാവാത്ത
ജീവിതത്തില്‍.
ഒരു കോട്ടവും തട്ടാത്ത
എന്നും പുതുതായ
അസ്പൃശ്യനായ
ഉപയോഗശൂന്യനായ
ഒരാത്മാവിന്‍റെ
ഏകാന്തധ്യാനം
ആരറിയുന്നു?
നാമതിനെ നോക്കും:
പരിഹാസത്തോടെ
വേദനയോടെ
വെറുപ്പോടെ
വിസ്മയത്തോടെ
അറപ്പോടെ
നിസ്സഹായതയോടെ
സഹതാപത്തോടെ
ഇണയറ്റൊരാളെയെന്ന പോലെ
ഒറ്റക്കണ്ണനെയെന്ന പോലെ
ക്രൂരനെ
ആഭാസനെ
പാപിയെയെന്ന പോലെ
അവജ്ഞയോടെ കാണും.
ചെരിപ്പെന്നാല്‍
ഒറ്റയല്ലെന്ന്
എങ്ങനെ നിസ്സാരവല്‍ക്കരിക്കാനാവും
ലോകത്തിന്?
പരിത്യാഗികളെ
എങ്ങനെ അന്യവല്‍ക്കരിക്കാനാവും
കാലത്തിന്?

By ivayana